murali-gopi

സംസ്ഥാന ബജറ്റിൽ മദ്യത്തിനു വില കൂട്ടിയത് ഏറെ ചർച്ചയായിരിക്കുകയാണ്. സോഷ്യൽമീഡിയ പേജുകളിൽ പോസ്റ്റുകളും ട്രോളുകളും നിറയുകയാണ്. 

മദ്യവില ഉയർത്തുന്നത് കൂടുതൽ അപകടകരമായ സാഹചര്യങ്ങളിലേക്ക് വഴിതെളിക്കുമെന്നാണ് നടൻ മുരളി ഗോപിയുടെ മുന്നറിയിപ്പ്. 

 

‘‘മദ്യവില താങ്ങാനാവാത്ത വിധം ഉയർത്തി സാധാരണക്കാർക്ക് അപ്രാപ്യമാക്കുമ്പോൾ നിങ്ങൾ കളിക്കുന്നത് അതിലും വലിയ പിശാചായ മയക്കുമരുന്നുമായാണ്’’ ഇതായിരുന്നു മുരളി ഗോപിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്.യുവാക്കളിൽ മയക്കുമരുന്ന് ഉപയോഗം അടുത്തിടെ ഏറെ വർധിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. സംസ്ഥാന സർക്കാർ മയക്കുമരുന്നിനെതിരെ സന്ധിയില്ലാ സമരം പ്രഖ്യാപിച്ചു കഴിഞ്ഞു. 

 

ലഹരിക്കായി സാധാരണക്കാർ ആശ്രയിക്കുന്നത് മദ്യത്തിലാണ്. ലൂസിഫര്‍ എന്ന തന്റെ സിനിമയിൽ പ്രതിപാദിച്ച ലഹരിമരുന്നിന്റെ വിപത്ത് ഇത്ര വേഗം ഒരു ജനതയുടെ മുകളിലേക്കു പതിക്കുമെന്നു കരുതിയിരുന്നില്ലെന്ന് തിരക്കഥാകൃത്ത് മുരളി ഗോപി ഒരിക്കൽ വ്യക്തമാക്കിയിരുന്നു. കേരളത്തിലെ യുവാക്കൾക്കിടയിൽ ലഹരിമരുന്ന് ഉപയോഗം വ്യാപകമാകുന്ന സാഹചര്യത്തിലാണ് അദ്ദേഹം ഇത്തരത്തിൽ പ്രതികരിച്ചത്. സമഗ്രമായ രാഷ്ട്രീയ ഇച്‌ഛാശക്‌തിയില്ലാതെ ഈ വിപത്തിനെ തുടച്ചുനീക്കാനാകില്ലെന്നും മുൻ വാതിൽ അടച്ചിട്ട് പിൻ വാതിൽ തുറന്നിടുന്നിടത്തോളം കാലം, നമ്മുടെ യുവതയുടെ ധമനികളിൽ കേട്ടുകേൾവി പോലും ഇല്ലാത്ത മാരക രാസങ്ങൾ ഒഴുകിക്കൊണ്ടിരിക്കുകതന്നെ ചെയ്യുമെന്നും മുരളി ഗോപി സമൂഹമാധ്യമത്തിലൂടെ പറഞ്ഞിരുന്നു.