kadamanitta

 കവി കടമ്മനിട്ട രാമകൃഷ്ണന്‍ കളമൊഴിഞ്ഞിട്ട് ഇന്ന് ഒന്നരപ്പതിറ്റാണ്ട്. പടയണിയുടെ തലപ്പത്ത് കടമ്മനിട്ട പടയണിയെ എത്തിച്ചത് കടമ്മനിട്ടയുടെ കവിതകളാണ്. കവിതകളിലെ ബിംബങ്ങള്‍ കേരളം തേടിയപ്പോഴാണ് പടയണിയെന്ന അനുഷ്ഠാന കലയേയും ലോകം അറിഞ്ഞത്. കടമ്മനിട്ടക്കവിതകള്‍ എങ്ങനെ പടയണിക്ക് തുണയായെന്ന് കവിയുടെ അച്ഛന്‍റെ ശിഷ്യനായ കടമ്മനിട്ട വാസുദേവന്‍ പിള്ള പറയുന്നു

കടമ്മനിട്ടയ്ക്ക് ചുറ്റുമുണ്ടായിരുന്ന എഴുത്തുകൂട്ടം പടയണിയെ അറിഞ്ഞു. അങ്ങനെ പടയണിയെ ലോകം അറി‍ഞ്ഞു. പടയണി കാവിന്‍റെ കളം വിട്ട് നാടാകെപ്പരന്നു. കവിയുടെ അച്ഛന്‍റെ ശിഷ്യനായ കടമ്മനിട്ടവാസുദേവന്‍ പിള്ളയും സംഘത്തിലെത്തി.. അവിടെ കവിതയും പടയണിപ്പാട്ടും ചേര്‍ന്ന് ചൊല്‍ക്കാഴ്ച രൂപപ്പെട്ടു. കുറത്തി വാളും പന്തവും എടുത്ത് ചൊല്‍ക്കാഴ്ചകളില്‍ ഉറഞ്ഞുതുള്ളി. പടയണിയെന്ന് കേട്ടാല്‍ അത് കടമ്മനിട്ട പടയണിയായി. വിമര്‍ശനങ്ങള്‍ വന്നപ്പോള്‍ അനുഷ്ഠാനം അവിടെയുണ്ട്, കലമാത്രമേ അവതരിപ്പിക്കുന്നുള്ളു എന്ന് കവിയും കൂട്ടരും മറുപടി പറഞ്ഞു. പടയണി പഠിക്കാത്ത പടയണിക്കാരനായ കവി കടമ്മനിട്ടയുടെ പടയണിയെ മാത്രമല്ല മദ്ധ്യതിരുവിതാംകൂറിന്‍റെയാകെ  പടയണി സംസ്കാരത്തെ മാറ്റിമറിച്ചു. മന്നത്ത് പത്മനാഭനടക്കം അടിച്ചിരുത്തിയ പടയണിയുടെ ഊറ്റം ലോകമറിഞ്ഞു.  പടയണി നിലച്ച കാവുകളില്‍പ്പോലും വീണ്ടും  പടയണി ഉണര്‍ന്ന് ഉറഞ്ഞ് തുള്ളി.