Karaikudi-Mani-02

വാദനത്തിന്റെ അനന്തസാധ്യതകളിലൂടെ മൃദംഗത്തെ ലോക പ്രശസ്തിയിലേക്ക് ഉയർത്തിയ ഋഷിതുല്യനായ കലാകാരനായിരുന്നു കാരൈക്കുടി ആർ മണി. മൃദംഗവാദനത്തില്‍ കാരൈക്കുടി മണി ശൈലി എന്ന സ്വന്തം ശൈലി രൂപപ്പെടുത്തിയെടുത്ത അദ്ദേഹത്തിന്റെ പരീക്ഷണങ്ങൾ വാദ്യസംഗീതത്തിന്റെ അസാധ്യസുന്ദര തലങ്ങള്‍ ആസ്വാദകർക്കു സമ്മാനിച്ചു. മൃദംഗവും മറ്റു താളവാദ്യങ്ങളും ചേര്‍ത്ത് തനിയാവർത്തന കച്ചേരികള്‍ രൂപപ്പെടുത്തിയതില്‍ അദ്ദേഹത്തിന്റെ പങ്ക് നിസ്തുലമാണ്. 

 

1945 സെപ്തംബർ 11 ന് കാരൈക്കുടിയിൽ സംഗീതജ്ഞനായ ടി. രാമനാഥ അയ്യരുടേയും പട്ടമ്മാളിന്റെയും മകനായി ജനനം. മൂന്നാം വയസുമുതൽ സംഗീതം പഠിച്ചു. ഒപ്പം തകിലും നാഗസ്വരവും പഠിച്ചു തുടങ്ങി. ക്ഷേത്രത്തിലെ ഉൽസവത്തിന് തോളിലിരുന്ന് താളം പിടിക്കുന്ന മണിയുടെ വാസന മൃദംഗത്തിലാണെന്ന് തിരിച്ചറിഞ്ഞ അച്ഛന്‍ കാരൈക്കുടി രഘു അയ്യങ്കാറിനു കീഴിൽ മൃദംഗം പഠിക്കാന്‍ വിട്ടു. കാരൈക്കുടി ശിവക്ഷേത്രത്തിലെ കുംഭാഭിഷേകത്തിന് മൃംദംഗം വായിച്ചായിരുന്നു അരങ്ങേറ്റം. പുതുക്കോട്ടെ കൃഷ്ണമൂർത്തി അയ്യരുടെ വിണക്കച്ചേരിക്ക് പക്കം വായിച്ച് ശാസ്ത്രീയ സംഗീതരംഗത്തേക്ക് കടക്കുമ്പോൾ മണിക്ക് പ്രായം എട്ട് വയസ് മാത്രമായിരുന്നു. അക്കാലത്ത് മൃദംഗത്തിലെ കുലപതിയായിരുന്ന പാലക്കാട് മണി അയ്യരുടെ വായനകള്‍ മണിക്ക് ഹരമായിരുന്നു. ചെന്നൈയിലേക്ക് താമസം മാറിയതിനു ശേഷവും ടി.ആർ. ഹരിഹര ശർമ്മ,കെ എം വൈദ്യനാഥൻ എന്നിവരുടെ കീഴിൽ മൃദംഗപഠനം തുടർന്നു. തുടര്‍ന്ന് മുതിർന്ന സംഗീതജ്ഞർക്കൊപ്പം മൃദംഗം വായിച്ചുതുടങ്ങി.

 

പതിനെട്ടാം വയസ്സില്‍ അന്നത്തെ രാഷ്ട്രപതി ഡോ.രാധാകൃഷ്ണന്റെ പക്കൽ നിന്നും ദേശീയ പുരസ്കാരം ഏറ്റുവാങ്ങി. വളരെ ചെറുപ്പത്തിൽ എം.എസ്.സുബ്ബലക്ഷ്മി, ഡി.കെ.പട്ടമ്മാൾ, എം.എൽ.വസന്തകുമാരി എന്നീ പ്രശസ്ത സംഗീതജ്ഞകൾക്കൊപ്പം മൃദംഗം വായിച്ചിട്ടുണ്ടെങ്കിലും 1976 ല്‍ ഇനി മുതൽ സ്ത്രീകള്‍ക്കൊപ്പം മൃദംഗം വായിക്കില്ല എന്ന് തീരുമാനമെടുത്തു. താളവാദ്യങ്ങളും തന്ത്രിവാദ്യങ്ങളും സമന്വയിപ്പിച്ച് ശ്രുതിലയ എന്ന പേരിൽ 1986 ൽ മണി തുടക്കമിട്ട ലയവിന്യാസ കച്ചേരി ലോകശ്രദ്ധ പിടിച്ചുപറ്റി. ദക്ഷിണേന്ത്യൻ താളവാദ്യങ്ങൾ ഒരു കലാരൂപമെന്ന നിലയിൽ സോളോ വാദ്യങ്ങളായി വായിക്കാമെന്ന് തെളിയിച്ചുകൊണ്ട് മൃദംഗത്തിന്റെ റോളിൽ വിപ്ലവം സൃഷ്ടിച്ചു കാരൈക്കുടി മണി. പിന്നീട് ഘടം, തവിൽ, ചെണ്ട മുതലായവയിലെ പ്രമുഖ താളവാദ്യ വിദഗ്ധരെ ഉൾപ്പെടുത്തി ഒട്ടേറെ ഡ്യുയറ്റ് കച്ചേരികൾ നടത്തി. 

 

ലോകപ്രസിദ്ധരായ പല സംഗീതജ്ഞർക്കൊപ്പവും മണി മൃദംഗം വായിച്ചു. ഓസ്ട്രേലിയൻ ആർട്സ് ഓർക്കസ്ട്രയിലെ പ്രശസ്ത സംഗീതജ്ഞൻ പോൾ ഗോബോസ്കി, ഫിന്നിഷ് സംഗീതജ്ഞൻ ഇറോ ഹമിനിമി, ഇറ്റലിയിലെ ലിവിയോ മഗ്നിനി, അമേരിക്കയിലെ പോൾ സിമൺ എന്നിവർക്കൊപ്പം ഒട്ടേറെ ആൽബങ്ങൾക്കായി അദ്ദേഹം താളലയ വിന്യാസമൊരുക്കി. ‌ആദരസൂചകമായി ഇറോ ഹമിനിമി അദ്ദേഹത്തിന്റെ നാല് കോമ്പോസിഷനുകൾക്ക് മണിയുടെ പേര് നൽകി. ജാപ്പനീസ് സംഗീതജ്ഞൻ ജോൺ കൈസാൻ നെപ്ട്യൂണുമായി സഹകരിച്ച് സ്റ്റെപ്സ് ഇൻ ടൈം എന്ന പേരിൽ ഒരു ആൽബമൊരുക്കി. 

 

ചാലക്കുടി, ചെന്നൈ, ബെംഗളൂരു, ഓസ്ട്രേലിയ, ലണ്ടൻ, അമേരിക്ക, കാനഡ എന്നിവിടങ്ങളിൽ ശ്രുതിലയ സേവ സ്കൂൾ ആരംഭിച്ചു. ലയമണി ലയം എന്ന  ലോകം മുഴുവൻ പ്രചാരത്തിലുള്ള ഒരു സംഗീത മാഗസിന്റെ ചീഫ് എഡിറ്ററാണ്. 1998 ൽ കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാരവും അദ്ദേഹത്തിന്  ലഭിച്ചു.

 

Karaikudi R Mani who brought Mridangam to world fame