വൈരമുത്തു, എം.കെ.സ്റ്റാലിന്‍, ചിന്‍മയി

വൈരമുത്തു, എം.കെ.സ്റ്റാലിന്‍, ചിന്‍മയി

 

മീടു ആരോപണം നേരിടുന്ന ഗാനരചയിതാവ് വൈരമുത്തുവിനെ വീട്ടിലെത്തി ആദരിച്ച തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനെതിരെ ഗായിക ചിന്മയി ശ്രീപദ. വൈരമുത്തുവിന്‍റെ എഴുപതാം ജന്മദിനത്തോട് അനുബന്ധിച്ചാണ് എംകെ സ്റ്റാലിന്‍ അദ്ദേഹത്തിന്‍റെ ബസന്ത് നഗറിലെ വീട്ടിലെത്തി പൊന്നാട അണിയിച്ച് ആദരിച്ചത്. ഈ ചിത്രം പുറത്തുവന്നതോടെയാണ് കടുത്ത വിമര്‍ശനവുമായി ചിന്മയി രംഗത്തെത്തിയത്. 

 

നിരവധി സ്ത്രീകള്‍‌ പരാതി പറഞ്ഞ ഒരാളെയാണ് മുഖ്യമന്ത്രി വീട്ടിലെത്തി ആദരിച്ചത്. ഇത് ശരിക്കും നാണക്കേട് ഉണ്ടാക്കുന്ന സംഗതിയാണ്. സമൂഹമാധ്യമത്തിലെഴുതിയ കുറിപ്പില്‍ ചിന്മയി പറയുന്നു.  ഗായികയായ ഞാൻ ഈ ഗാനരചയിതാവിനെതിരെ ലൈംഗികാതിക്രമ പരാതി നൽകുകയും അയാളെ പീഡകനെന്നു വിളിക്കുകയും ചെയ്തതിന് 2018 മുതൽ തമിഴ് സിനിമാ മേഖലയിൽ എനിക്കു വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണെന്നും  വീണ്ടും ചിന്മയി ആരോപിക്കുന്നുണ്ട്. പതിറ്റാണ്ടുകള്‍ക്കു മുന്‍പ് ജനിച്ചതിനാല്‍ ഏതൊരു സ്ത്രീയുടെ മേലും കൈവയ്ക്കാം എന്നാണ് ആ പീഡകന്റെ ധാരണ. രാഷ്ട്രീയപ്രവർത്തകരുമായി അടുപ്പമുള്ളതുകൊണ്ട് പീഡന പരാതി ഉന്നയിച്ച സ്ത്രീകളെ അയാൾ നിശബ്ദരാക്കി, അവരെ ഭീഷണിപ്പെടുത്തി. ഞാനടക്കമുള്ള സ്ത്രീകള്‍ എന്തുകൊണ്ട് നേരത്തെ പ്രതികരിച്ചില്ല എന്ന് ചിലര്‍ ചോദിച്ചല്ലോ, ഇതാണ് അയാളുടെ ശക്തി. രാഷ്ട്രീയക്കാർ കൂടെയുള്ളതാണ് അയാളുടെ ബലം, ധൈര്യം. നിരവധി പുരസ്കാരങ്ങള്‍ നൽകി രാജ്യം ആ പീഡകനെ ആദരിക്കുകയും ചെയ്തു. 

 

സ്ത്രീ സുരക്ഷയ്ക്കു വേണ്ടി പ്രസംഗിക്കുന്ന എല്ലാ തമിഴ് രാഷ്ട്രീയക്കാര്‍ക്കും ഇത് നാണക്കേടാണ്. വൈരമുത്തുവിന്റെ വിഷയം വരുമ്പോള്‍ അവരെല്ലാവരും നിശബ്ദരാകുന്നു. ആ പീഡകന്റെ ജന്മദിനം ആഘോഷിക്കുന്നതിലൂടെ മഹത്തായ തമിഴ് സംസ്‌കാരം ലൈംഗിക കുറ്റവാളികളെ പ്രകീർത്തിക്കുകയും അവര്‍ക്കെതിരെ സംസാരിക്കുന്ന സ്ത്രീകളെ ഉപദ്രവിക്കുകയും ചെയ്യുകയാണ്. ഇവിടെ വിവേകവും സഹാനുഭൂതിയും വിദ്യാഭ്യാസവുമെല്ലാം വട്ടപൂജ്യം. വൈരമുത്തു മുതൽ ബ്രിജ് ഭൂഷണ്‍ വരെയുള്ളവര്‍ എല്ലായ്പ്പോഴും രക്ഷിക്കപ്പെടും. കാരണം രാഷ്ട്രീയക്കാര്‍ അവരെ സംരക്ഷിക്കാന്‍ മുൻപന്തിയിലുണ്ട്. പിന്നെ എന്തിനു വേണ്ടിയാണ് നീതിക്കായി നാം പോരാടുന്നത്. ഈ നാട്ടിൽ അടിസ്ഥാനപരമായി നീതിയും ന്യായവും ഇല്ല’, ചിന്മയി കുറിച്ചു. കഴിഞ്ഞ മാസം ഗായിക ഭുവന ശേഷനും വൈരമുത്തുവിനെതിരെ രംഗത്ത് വന്നിരുന്നു. ഡിഎംകെ സർക്കാർ പ്രശസ്ത എഴുത്തുകാരെ ആദരിക്കാൻ വേണ്ടി തുടങ്ങിയ ഡ്രീം ഹൗസ് പദ്ധതിയില്‍ വൈരമുത്തുവിനെ ആദരിച്ചതിന് പിന്നാലെയാണ് ചിന്മയി ആരോപണങ്ങള്‍ വീണ്ടും കടുപ്പിച്ചത്.