usgirl

പണം കൊടുത്താല്‍ സ്നേഹം വാങ്ങാന്‍ കഴിയില്ലെന്ന് പൊതുവേ പറയാറുണ്ട്. എന്നാല്‍ പണം കൊടുത്താല്‍ സ്വന്തമായി ഒരു ഭര്‍ത്താവിനെ കിട്ടുമോ എന്ന് അന്വേഷിക്കുകയാണ് ഒരു യുവതി. ലോസ് ആഞ്ചല്‍സിലെ 34കാരിയായ ഈവ് ടില്ലി കോള്‍സണ്‍ അപൂര്‍വമായ ഒരു വാദ്ഗാനമാണ് സോഷ്യല്‍മീഡിയയിലൂടെ നല്‍കിയിരിക്കുന്നത്. ആഗ്രഹിക്കുന്ന ഗുണങ്ങളോ‌ടുകൂടിയ വരനെ കണ്ടെത്തിക്കൊടുക്കുന്നവര്‍ക്ക് 5,000 ഡോളര്‍ അതായത് നാല് ലക്ഷത്തിനുമേല്‍ തുകയാണ് ഈവിന്റെ വാദ്ഗാനം!.‌ ടിക് ടോക് വഴിയാണ് ഇന്‍ഫ്ലുവന്‍സര്‍ കൂടിയായ യുവതിയുടെ പ്രഖ്യാപനം.

‌ഒരു യഥാര്‍ഥ ബന്ധം കണ്ടെത്തിക്കൊടുക്കാനാണ് തന്റെ ഫോളോവേഴ്സിനോട് ഈവിന്റെ അഭ്യര്‍ഥന. എന്നാല്‍ ഇതത്ര എളുപ്പമാണെന്ന് കരുതണ്ട. വരനായി കര്‍ശനമായ നിബന്ധനകളും യുവതി മുന്നോട്ടുവച്ചിട്ടുണ്ട്. വിവാഹാര്‍ഥികള്‍ 27നും 40നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം. ആറടി ഉയരവും നര്‍മബോധവും സ്പോര്‍ട്സില്‍ താല്‍പ്പര്യവും ഉള്ള ആളായിരിക്കണം വരുന്നതെന്നും നിര്‍ബന്ധമുണ്ട്.  മൃഗങ്ങളോട് അടുപ്പം സൂക്ഷിക്കാന്‍ കഴിയുന്ന ആള്‍ ആകണമെന്നും നിബന്ധനയുണ്ട്. താന്‍ അഞ്ചടി ഉയരമുള്ളതിനാല്‍ ഉയരം കുറഞ്ഞ പുരുഷന്‍മാരുമായി മുന്‍പ് ഡേറ്റ് ചെയ്തപ്പോള്‍ തന്നോട് ഹീല്‍സ് ധരിക്കരുതെന്ന് ആവശ്യപ്പെട്ട അനുഭവമാണ് ഉയരത്തെക്കുറിച്ച് നിര്‍ബന്ധം പിടിക്കാന്‍ കാരണമെന്നും ഈവ് വ്യക്തമാക്കുന്നുണ്ട്.  ആ ഭാവി വരന് തന്റെ സഹോദരനൊപ്പം ഷോട്ട് എടുക്കാം, മുത്തശ്ശിയോടൊപ്പം നൃത്തം ചെയ്യാം, അയാൾക്ക് മുറിയിൽ എങ്ങനെ പ്രവർത്തിക്കാമെന്ന് അറിയാം ഇങ്ങനെ പോകുന്നു പ്രതീക്ഷകള്‍. 

കാര്യം ഇങ്ങനെയൊക്കെ ആണെങ്കിലും ഇതൊരു ദീർഘകാല വിവാഹമാണെന്ന് താൻ പ്രതീക്ഷിക്കുന്നില്ലെന്നും 20 വർഷത്തിനുള്ളിൽ ഇത് അവസാനിക്കാനുള്ള സാധ്യത തള്ളിക്കളയുന്നില്ലെന്നും ഈവ്  കൂട്ടിച്ചേര്‍ക്കുന്നുണ്ട്.