വാര്‍ത്താവതരണത്തിനിടെ രസകരമായ പല സംഭവങ്ങളും ഉണ്ടാകുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ വായനയ്ക്കിടയില്‍ റിപ്പോര്‍ട്ടറുടെ വക പ്രണയാഭ്യര്‍ഥന കിട്ടിയാലെങ്ങനെയിരിക്കും? അമേരിക്കയിലുള്ള WRCB-TVയുടെ വാര്‍ത്തയ്ക്കിടെയാണ് ഈ സംഭവമുണ്ടായത്. എന്‍ബിസിയുടെ ഭാഗമായ ചാനലിന്റെ വാര്‍ത്താ അവതാരകയായ കൊർണേലിയ നിക്കോൾസണാണ് ലൈവായി പ്രണയാഭ്യര്‍ഥന കിട്ടിയ യുവതി. ചാനലിലെ തന്നെ റിപ്പോര്‍ട്ടറും കാമുകനുമായ റിലി നാഗലാണ് പ്രേക്ഷകരെ മുഴുവന്‍ സാക്ഷിയാക്കി പ്രണയാഭ്യര്‍ഥന നടത്തിയത്.

 

വാര്‍ത്തയുടെ തലക്കെട്ടുകള്‍ക്കിടയില്‍ ഒളിഞ്ഞിരുന്ന ഒരു വാര്‍ത്ത അവരെക്കുറിച്ചുള്ളതായിരുന്നു. ‘ഒരേ മേഖലയില്‍ ജോലി ചെയ്യുന്ന രണ്ടുപേര്‍ അവരുടെ പ്രണയം കണ്ടെത്തിയിരിക്കുന്നു’ എന്ന് കൊര്‍ണേലിയ വായിച്ച് നിര്‍ത്തുന്നതിന് മുന്‍പ് കാമുകനും സഹ പത്രപ്രവർത്തകനുമായ റിലി നാഗൽ പൂച്ചെണ്ടും മോതിരവുമായി സ്റ്റുഡിയോയിലേക്ക് കയറി വന്നു. പിന്നെ പ്രേക്ഷകരോടായി പറഞ്ഞുതുടങ്ങിയത് ഇങ്ങനെയാണ്..'എനിക്ക് വളരെ പ്രത്യേകതയുള്ള ഒരു റിപ്പോർട്ട് ഉണ്ട്, പ്രേക്ഷകര്‍ക്കും, അറിയാത്തവർക്കുമായി, കൊർണേലിയയും ഞാനും മൊണ്ടാനയിൽ, ഏകദേശം നാല് വർഷം മുമ്പ് ഒരു വാർത്താ സ്റ്റേഷനിലാണ് കണ്ടുമുട്ടിയത്. ഞാൻ ആദ്യമായി കണ്ടുമുട്ടിയപ്പോൾ കൊർണേലിയയിലേക്ക് വല്ലാതെ ആകർഷിക്കപ്പെട്ടു’. തുടര്‍ന്ന് റിലി തന്റെ പ്രണയിനിയോട്, "നിനക്ക് എന്നെ വിവാഹം കഴിക്കാന്‍ സമ്മതമാണോ?" എന്നും ചോദിക്കുന്നുണ്ട്. കൊർണേലിയ നിറകണ്ണുകളോടെ പ്രണയാഭ്യാര്‍ഥന സ്വീകരിച്ചു. തുടര്‍ന്ന് ഇരുവരും ആലിംഗനം ചെയ്തു.

 

കൗതുകവും സ്നേഹവും നിറഞ്ഞ ഈ വിഡിയോ മജിക്കലി ന്യൂസ് അവരുടെ ഇൻസ്റ്റാഗ്രാം പേജില്‍ പങ്കിട്ടു. നിരവധി ആളുകളാണ് വിഡിയോ കാണുകയും പങ്കുവെയ്ക്കുകയും ചെയ്തത്. തിരക്കേറിയതും ഗൗരവ സ്വഭാവമുള്ളതുമായ വാര്‍ത്ത മുറികള്‍ക്ക് പരിചിതമല്ലാത്ത ഈ കാഴ്ച പ്രേക്ഷകരും ഏറെ കൗതുകത്തോടെയാണ് സ്വീകരിച്ചത്.

 

 

Reporter Proposes To News Anchor Girlfriend On Live Television