കരുതലിന്റെ കല്യാണം ഒരുക്കി റാന്നി പഞ്ചായത്ത് പ്രസിഡന്റ് . പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.പ്രകാശിന്‍റെ മകൾ ആതിരയ്ക്കൊപ്പം ആദിവാസി വിഭാഗത്തിൽപെട്ട സോമിനിയുടെ വിവാഹം കൂടി നടത്തിക്കൊടുത്തപ്പോൾ നാടൊന്നാകെ ആശംസകളുമായി എത്തി. അടൂർ പറക്കോട് അനിൽമന്ദിരത്തിൽ അനിൽകുമാറിന്റെയും ബിന്ദുവിന്റെയും മകൻ അനന്തകൃഷ്ണനാണ് ആതിരയുടെ വരൻ.പ്ലാപ്പള്ളി ആദിവാസി ഊരിലെ ഓമനയുടെ മകൾ സോമിനിയും മഞ്ഞത്തോട് ആദിവാസി ഊരിലെ മാധവന്റെ മകൻ രാജിമോനും തമ്മിലുള്ള വിവാഹമാണ് ഇന്നലെ ആഘോഷമായി നടന്നത്. ആദിവാസി ഊരിനു പുറത്ത് ആദ്യം നടക്കുന്ന മാംഗല്യത്തിനു കൊട്ടും കുരവയും നാട്ടുകാരും സാക്ഷികളായി. മാമുക്കിലെ ഓഡിറ്റോറിയത്തിലേക്ക് ആദ്യം സ്വീകരിച്ചത് അനന്തകൃഷ്ണനെ. പിന്നാലെ രാജിമോനെയും പ്രകാശും ബന്ധുക്കളും ചേർന്നു സ്വീകരിച്ചു. ആതിരയുടെയും അനന്തകൃഷ്ണന്റെയും വിവാഹമാണ് ആദ്യം നടന്നത്.പിന്നാലെ സോമിനിയുടെയും രാജിമോന്റെയും വിവാഹത്തിനുള്ള ഒരുക്കം ആരംഭിച്ചു. ഊരുമൂപ്പൻ രാജുവിന്റെ കാർമികത്വത്തിൽ മലയ്ക്കു മുറുക്കാൻവച്ച് അഗ്നിശുദ്ധിയും മഞ്ഞൾശുദ്ധിയും നടത്തിയാണ് താലി കൈമാറിയത്.