onam-bumper-lottery-ticket
  • ഓണം ബംപര്‍ നറുക്കെടുപ്പ് 20ന്
  • ഒന്നാം സമ്മാനം 25 കോടി രൂപ
  • പങ്കിട്ട് ടിക്കറ്റെടുത്തവര്‍ അറിയണം
  • പണം വീതിക്കാന്‍ ലോട്ടറി വകുപ്പ് സഹായിക്കും

 

25 കോടി ഒന്നാം സമ്മാനമുള്ള തിരുവോണം ബംപര്‍ വാങ്ങണമെങ്കില്‍ 500 രൂപ മുടക്കണം. വിലക്കയറ്റത്തിന്‍റെ കാലത്ത് ഇത്രയും രൂപ ഭാഗ്യപരീക്ഷണത്തിന് മുടക്കുന്നതിന് മുമ്പ് സാധാരണക്കാര്‍ പലവട്ടം ആലോചിക്കും. ബംപര്‍ ടിക്കറ്റുകളുടെ വില കൂടിയതോടെ പലരും പങ്കുചേര്‍ന്നാണ് ടിക്കറ്റ് എടുക്കുന്നത്. കഴിഞ്ഞ ദിവസം 10 കോടിയുടെ മണ്‍സൂണ്‍ ബംപര്‍ അടിച്ചത് ഹരിത കര്‍മ സേനാംഗങ്ങളായ 11 സ്ത്രീകള്‍ക്കാണ്. ഇങ്ങനെ ടിക്കറ്റ് എടുക്കുമ്പോള്‍ പണം ഭാഗ്യക്കുറി വകുപ്പ് ആരുടെ അക്കൗണ്ടിലേക്കാണ് കൈമാറുന്നത്?

രണ്ടു തരത്തിലാണ് ഇങ്ങനെ വരുമ്പോള്‍ പണം കൈമാറുന്നത്.

1. ലോട്ടറിയടിച്ചവര്‍ ചേര്‍ന്ന് ജോയിന്‍റ് അക്കൗണ്ട് തുടങ്ങുക, ടിക്കറ്റ് കൈമാറുമ്പോള്‍ ഈ അക്കൗണ്ടിലേക്ക് പണം ലഭിക്കും.

2. ലോട്ടറിയടിച്ചവര്‍ തമ്മില്‍ ധാരണയിലെത്തി ഒരാളുടെ അക്കൗണ്ടിലേക്ക് പണം വാങ്ങുക. പിന്നീട് മുന്‍ധാരണയനുസരിച്ച് തുക വീതം വച്ചെടുക്കുക.

Lottery-ticket-winner

10 കോടിയുടെ മൺസൂൺ ബംപർ ഭാഗ്യക്കുറി നേടിയ പരപ്പനങ്ങാടി നഗരസഭയിലെ ഹരിതകർമസേനാംഗങ്ങളായ പാർവതി, ലീല, പി.ചന്ദ്രിക, ബേബി, ലക്ഷ്മി, കെ.ബിന്ദു, പി.കാർത്യായനി, കെ.ശോഭ, എം.പി.രാധ, കുട്ടിമാളു, ഷീജ എന്നിവർ.

രണ്ടായാലും ഭാഗ്യക്കുറി വകുപ്പിനെ സംബന്ധിച്ച് മുന്നില്‍ ഉള്ളത് ഒരു ടിക്കറ്റ് മാത്രമാണ്. പലര്‍ ചേര്‍ന്ന് ലോട്ടറി വാങ്ങുന്നതും സമ്മാനം കിട്ടിയാല്‍ അവര്‍ തമ്മില്‍ വീതം വയ്ക്കുന്നതും ഒന്നും ഭാഗ്യക്കുറിവകുപ്പിന് തലവേദനയായി മാറില്ല.

Lottery-Seller

എന്നാല്‍ ഇപ്പോള്‍ ഭാഗ്യക്കുറി വകുപ്പ് ഇക്കാര്യത്തില്‍ ഇളവ് നല്‍കുന്നുണ്ട്. പലര്‍ ചേര്‍ന്ന് വാങ്ങിയ ലോട്ടറിയാണെങ്കില്‍ സമ്മാനത്തുക ഏതുതരത്തില്‍ വീതിച്ചു കൊടുക്കണം എന്ന് ഭാഗ്യക്കുറി വകുപ്പിന് രേഖാമൂലം നല്‍കിയാല്‍  അതനുസരിച്ച് എല്ലാവരുടെയും അക്കൗണ്ടിലേക്ക് പണം വീതിച്ച് നല്‍കും. 2019ലെ 12 കോടിയുടെ തിരുവോണം ബംപര്‍ അടിച്ചത് കരുനാഗപ്പള്ളിയിലെ ആറ് ജ്വല്ലറി ജീവനക്കാര്‍ക്ക് ആയിരുന്നു. അവര്‍ പങ്കുചേര്‍ന്നായിരുന്നു ടിക്കറ്റ് വാങ്ങിയത്. അന്ന് നികുതി കഴിഞ്ഞുള്ള സമ്മാനത്തുകയായ 7.56 കോടി രൂപ ഇവര്‍ ആവശ്യപ്പെട്ടതുപോലെ വീതം വച്ചു നല്‍കുകയായിരുന്നു ഭാഗ്യക്കുറി വകുപ്പ്.

അതായത് സംഘം ചേര്‍ന്ന് ലോട്ടറി വാങ്ങുമ്പോള്‍ സമ്മാനം കിട്ടിയാല്‍ ഒന്നുകില്‍ ജോയിന്റ് ബാങ്ക് അക്കൗണ്ട് എടുക്കുക അല്ലെങ്കില്‍ വീതംവയ്പ്പ് ലോട്ടറിവകുപ്പിനെ ഏല്‍പ്പിക്കുക. ചുമതല ലോട്ടറി വകുപ്പിനെ ഏല്‍പ്പിക്കുമ്പോള്‍ സംഘത്തിലുള്ള എല്ലാവര്‍ക്കും ബാങ്ക് അക്കൗണ്ട് ഉണ്ടെന്ന് ഉറപ്പുവരുത്തണം. ഓണം ബംപര്‍ നറുക്കെടുപ്പിന് ഇനി രണ്ടുദിവസം മാത്രമാണ് ബാക്കി. ഇതിനായി ലോട്ടറി വകുപ്പിന്റെ തയാറെടുപ്പുകള്‍ അന്തിമഘട്ടത്തിലാണ്.

How Onam Bumper prize money will be distributed to those who purchase tickets collectively or as a group? Answer is here.