നിരത്തുകളിലെ ക്യാമറയുടെ കണ്ണുവെട്ടിക്കാന്‍ ചില വിരുതന്‍മാര്‍ പല അടവുകളും പയറ്റാറുണ്ട്. എന്നാല്‍ എല്ലാക്കാലത്തും പറ്റിക്കല്‍ നടക്കില്ലെന്നു കണ്ണൂരിലെ ഈ സംഭവം തെളിയിക്കുന്നു. ‘തല കാക്കാൻ മറന്ന’ യുവാവ് പിഴയൊടുക്കേണ്ടത് ഒരു ബൈക്കിന്റെ വിലയാണ്. റോഡ് ക്യാമറ വകവയ്ക്കാതെ ഹെൽമറ്റില്ലാതെ യാത്ര തുടർന്ന കണ്ണൂർ ചെറുകുന്ന് സ്വദേശിയായ ഇരുപത്തഞ്ചുകാരൻ പിഴയായി അടയ്ക്കേണ്ടത് 86,500 രൂപ. ഹെൽമറ്റില്ലാത്തതിന് 5 മാസത്തിനിടെ 146 കേസുകളാണ് ഇയാൾക്കെതിരെ റജിസ്റ്റർ ചെയ്തത്. ഇക്കാലയളവിൽ ഹെൽമറ്റില്ലാതെ ഈ ബൈക്കിന്റെ പിന്നിലിരുന്നു പലരും യാത്ര ചെയ്തതിനാൽ 27 കേസുകൾ വേറെയും! 

 

പഴയങ്ങാടിയിലെ റോഡ് ക്യാമറയാണു യുവാവിനെ സ്ഥിരമായി പിടികൂടിയത്. ഓരോ കേസ് റജിസ്റ്റർ ചെയ്തപ്പോഴും യുവാവിനു നോട്ടിസും മെസേജുമെത്തി. പക്ഷേ, പിഴയൊടുക്കിയില്ല. കഴിഞ്ഞദിവസം കണ്ണൂർ എൻഫോഴ്സ്മെന്റ് ആർടിഒ എ.സി.ഷീബയുടെ നേതൃത്വത്തിൽ യുവാവിനെ കണ്ടെത്തി പിഴയൊടുക്കാൻ നിർദേശം നൽ‍കി. 

 

പിഴയൊടുക്കാൻ യുവാവ് സമയം തേടി. പക്ഷേ, അതുവരെ ബൈക്ക് ആർടിഒ ഓഫിസിൽ സൂക്ഷിക്കും. പിഴയടച്ചാലും വണ്ടിയോടിക്കാൻ കാത്തിരിക്കണം. ഒരു വർഷത്തേക്ക് ലൈസൻസ് സസ്പെൻഡ് ചെയ്തിട്ടുണ്ട്.