സാധാരണ ഭക്ഷണത്തിന് പോലും ഭീമമായ തുക ബില്ലിടുന്നതില്‍ കുപ്രസിദ്ധരാണ് ലോകത്തിലെ പ്രസിദ്ധ ഭക്ഷണശാലകള്‍. ടര്‍ക്കിഷ് ഷെഫായ നുസ്റതിന്‍റെ ഭക്ഷണശൃംഖലയാണ് ശീതളപാനീയമായ സ്പ്രൈറ്റിന് അതിഭീമമായ തുക ബില്ലിട്ട് വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത്.  നുസ്റെതിന്‍റെ ഭക്ഷണശാലയിലെത്തി പ്രസിദ്ധമായ ബീഫ് സ്റ്റെയ്ക് കഴിച്ചതിന്‍റെ ബില്ലാണ് ഒരാള്‍ സമൂഹ മാധ്യമമായ എക്സില്‍ പങ്കുവച്ചത്. സ്പ്രൈറ്റിന് പത്ത് ഡോളര്‍ (800 രൂപ), ഗോള്‍ഡ് ഫോയില്‍ പൊതിഞ്ഞെത്തിയ സ്റ്റെയ്കിന് 1000 ഡോളര്‍ (ഏകദേശം 83,000 രൂപ) എന്നിങ്ങനെയാണ് ചാര്‍ജ് ഈടാക്കിയത്. 

മുഖത്തുറപ്പിച്ച റെയ്ബാന്‍ ഗ്ലാസുമായി കോബ്ര സ്റ്റൈലില്‍ ഉപ്പ് വിതറി ബീഫ് സ്റ്റെയ്ക് ഉണ്ടാക്കുന്ന നുസ്റത് ഗുക്ചെ 2017ലാണ് ഇന്‍റര്‍നെറ്റ് കീഴടക്കിയത്. പിന്നാലെ അബുദബിയിലും , ദോഹയിലും, ന്യൂയോര്‍ക്കിലും, ദുബായിലുമെല്ലാം ഭക്ഷണശാലകളും തുറന്നു.

അതേസമയം, നുസറതിന്‍റെ സ്റ്റെയ്ക്കുണ്ടാക്കല്‍ രീതിക്കെതിരെ വന്‍ വിമര്‍ശനവും പലരും ഉയര്‍ത്തിയിട്ടുണ്ട്. ബീഫ് മുറിക്കുന്നതിന് മുന്‍പ് കത്തി വൃത്തിയാക്കുന്നില്ലെന്നും ഇത് അത്ര ശരിയായ കാര്യമല്ലെന്നും ചിലര്‍ കുറിക്കുന്നു. രുചിയില്ല, ഭീമന്‍ ബില്ല് മാത്രമാണ് മിച്ചമെന്നും ചിലര്‍ എക്സില്‍ കുറിച്ചു.

 

Charged 800 rs for a Sprite, Salt Bae faces outrage