ബാഗും വാച്ചും മുതല്‍ ഫ്രിഡ്ജും വാഷിങ് മെഷീനുമടക്കം ഓണ്‍ലൈനില്‍ വാങ്ങുന്നവരാണ് പലരും. എല്ലാം ദിവസങ്ങള്‍ക്കുളളില്‍ തന്നെ വീട്ടുപടിക്കലെത്തും എന്നതാണ് ഓണ്‍ലൈന്‍ ഷോപ്പിങിന്‍റെ ഗുണം. എന്നാല്‍ വീട്ടിലിരുന്നുകൊണ്ട് ഓണ്‍ലൈന്‍ വഴി ഒരു വീട് തന്നെ വാങ്ങിയിരിക്കുകയാണ് ജെഫ്രി ബ്രയാന്‍റെന്ന യുവാവ്. അമേരിക്കയിലാണ് സംഭവം. ആമസോണ്‍ വഴിയാണ് ജെഫ്രി വീട് സ്വന്തമാക്കിയത്. 21 ലക്ഷം രൂപയാണ് വില.

 

മടക്കിയെടുക്കാവുന്ന വീട് മുഴുവനായും നിവര്‍ത്തി താമസയോഗ്യമാക്കിയ ശേഷമുളള വിഡിയോ ജെഫ്രി ടിക് ടോക്കില്‍ പങ്കുവയ്ക്കുകയും ചെയ്തു. ഒരു ഹോം ടൂര്‍ എന്ന നിലയ്ക്കാണ് ജെഫ്രി  വിഡിയോ പങ്കുവച്ചിരിക്കുന്നത്. കിച്ചണ്‍, ലിവിങ് റൂം, ബാത്റൂം, കിടപ്പുമുറി എല്ലാമുളള വീട് ജെഫ്രി  വിഡിയോയിലൂടെ പരിചയപ്പെടുത്തുകയാണ്. 

 

മറ്റ് വീടുകളെ അപേക്ഷിച്ച് ഫോള്‍ഡബിള്‍ വീടുകളുടെ മേല്‍ക്കൂരയ്ക്ക് ഉയരം കുറവാണെന്നും ജെഫ്രി പറയുന്നു. ഒരു സാധാരണ വീട്ടില്‍ കഴിയുന്നതുപോലെത്തന്നെ ഒരാള്‍ക്ക് സുഖമായി ഈ വീട്ടില്‍ കഴിയാമെന്നും ജെഫ്രി കൂട്ടിച്ചേര്‍ത്തു. ജെഫ്രിയുടെ വി‍ഡിയോയ്ക്ക് താഴെ സംശയങ്ങളുമായി നിരവധി ആളുകളാണ് എത്തിയത്. ഒട്ടുമിക്ക എല്ലാവരും തന്നെ ചോദിച്ച ഒരു ചോദ്യം ഡ്രെയ്‌നേജ് സംവിധാനം എങ്ങനെ പ്രവര്‍ത്തിക്കുമെന്നതായിരുന്നു. ഒപ്പം തന്നെ മലിനജലം പുറത്തേക്കൊഴുക്കുന്നതെങ്ങനെയെന്നും സംശയങ്ങളുയര്‍ന്നു. 

 

ഓണ്‍ലൈനായി വീട് വാങ്ങിയെങ്കിലും ഈ വീട് സ്ഥിരമായി സ്ഥാപിക്കാനുളള സ്ഥലം ജെഫ്രിക്ക് സ്വന്തമായിട്ടില്ല. വീട് ലഭിച്ച ഉടനെ അതിന് കേടുപാടുകള്‍ ഒന്നുമില്ലെന്ന് ഉറപ്പിക്കാനായി നിവര്‍ത്തിവെച്ചപ്പോള്‍ എടുത്ത ദൃശ്യങ്ങളാണ് ജെഫ്രി പ്രേക്ഷകരുമായി പങ്കുവച്ചത്.

US man spends ₹21 lakh to buy a foldable home from Amazon