ayodhya-princess

അയോധ്യയിലെ രാജകുമാരിയും ദക്ഷിണകൊറിയയിലെ രാജകുമാരനും പ്രണയിച്ച് വിവാഹം കഴിച്ച് നൂറു വര്‍ഷത്തോളം ജീവിച്ചു. ഐതീഹ്യവും ചരിത്രവും ഇഴചേര്‍ന്ന ഈ പ്രണയകഥ നടന്നത് രണ്ടായിരം വര്‍ഷം മുന്‍പാണ്. കൊറിയയിലെ അറുപത് ലക്ഷം പേര്‍ക്ക് അയോധ്യ ഇന്ന് അമ്മ വീടാണ്. മുത്തശ്ശിക്കഥയെ വെല്ലുന്ന ആ പ്രണയകഥയറിയാം. 

 

ഒരിടത്ത് ഒരിടത്ത് രാജാവും രാജകുമാരിയുമുണ്ടായിരുന്നു. ഇങ്ങിനെ തുടങ്ങുന്ന മുത്തശ്ശിക്കഥകളില്ലേ... അതുപോലെ ഒരു പ്രണയകഥയാണ് ശ്രീരാമന്‍റെ നാടായ അയോധ്യയെയും ദക്ഷിണ കൊറിയയെയും തമ്മില്‍ ബന്ധപ്പിക്കുന്നത്. സംഭവം നടക്കുന്നത് എഡി 48ല്‍.

അയോധ്യയിലെ രാജാവ് ഉറക്കത്തില്‍ അശരീരി കേള്‍ക്കുന്നു. മകളെ കടല്‍ താണ്ടി വിദൂരദേശത്തേയ്ക്ക് അയച്ച് വിവാഹം കഴിപ്പിക്കണം. അങ്ങിനെ, പതിനാറുകാരിയായ സുരിരത്ന സേവകര്‍ക്കൊപ്പം 22 കപ്പലില്‍ യാത്ര തുടങ്ങുന്നു. കൊറിയ അന്ന് നാട്ടുരാജ്യങ്ങളായി വിഭജിച്ച് കടക്കുകയായിരുന്നു. സുരിരത്നയുടെ കപ്പല്‍ തകര്‍ന്ന് കരയ്ക്ക് അടക്കുകയും കടല്‍ ക്ഷോഭത്തില്‍ എല്ലാവരും അബോധാവസ്ഥയിലാവുകയും ചെയ്തു. കടല്‍ക്കരയിലെത്തിയ കിം സുറോ രാജാവ് സുരിരത്നയെ കണ്ടു. ഇരുവരും പ്രണയബദ്ധരായി. 

 

വിവാഹം കഴിച്ചു. 10 മക്കളുമായി നൂറ് വര്‍ഷത്തോളം ജീവിച്ചു. ദക്ഷിണ കൊറിയയും യുപി സര്‍ക്കാരും ചേര്‍ന്ന് അയോധ്യയില്‍ സുരിരത്നയ്ക്ക് ഒരു സ്മാരകം ഒരുക്കുകയാണ്. കിം സുറോയാണ് കരക് രാജവംശം സ്ഥാപിച്ചത്. ഇവരുടെ പിന്‍മുറക്കാരാണ് ഇന്നും കിം എന്ന സര്‍നെയിം ഉപയോഗിക്കുന്നത്. കൊറിയന്‍ ജനതയുടെ പത്തുശതമാനം. ഏതാണ്ട് അറുപത് ലക്ഷത്തിലധികം പേര്‍ അങ്ങിനെ അയോധ്യയെ അമ്മവീടായി കാണുന്നു. അയോധ്യ രാജകുമാരി സുരിരത്നയെ കൊറിയക്കാര്‍ ഹിയോ ഹ്വാങ് ഒാക് എന്നാണ് വിളിക്കുന്നത്. 

 

 

സുരിരത്നയുടെ പ്രണയകഥ ഇന്ത്യക്കാര്‍ മറന്നെങ്കിലും കൊറിയന്‍ ജനതയുടെ രക്തത്തില്‍ അലിഞ്ഞതാണ്. വേരുകള്‍ തേടി 1997ല്‍ കൊറയിന്‍ സംഘം എത്തിയപ്പോഴാണ് സുരിരത്നയെ അയോധ്യക്കാര്‍ പോലും ഒാര്‍ത്തത്. 2001ല്‍ കൊറയയില്‍ നിന്ന് സുരിരത്നയ്ക്കായി ശിലാഫലകമെത്തി. അയോധ്യയില്‍ നിന്ന് പോകുമ്പോള്‍ സുരിരത്ന നിരവധി സമ്മാനങ്ങള്‍ കരുതിയിരുന്നു. കണ്ടുമുട്ടാന്‍ പോകുന്ന പ്രിയതമനായി. അക്കൂട്ടത്തില്‍ ഒരു സ്വര്‍ണ മുട്ടയും. അതിന്‍റെ പ്രതീകമായി ഗ്രാനൈറ്റുകൊണ്ടുള്ള മുട്ട പാര്‍ക്കിലുണ്ട്. 

Ayodhya  princess who became a South Korean queen