വടക്കേഇന്ത്യയില്‍ ശിശിരത്തിന്റെയും പ്രണയത്തിന്റെയും പര്യായമാണ് ടുലിപ്. ടുലിപിന്റെ പ്രണയ പെരുമക്ക് മുഗള്‍ ഭരണകാലത്തോളം പഴക്കമുണ്ട്. വാലന്‍റനൈസ് ആഘോഷകാലം ഡല്‍ഹിയില്‍ ടുലിപ് വസന്തത്തിന്റേത് കൂടിയാണ്. ആകാശവിശാലതയിലേയ്ക്ക് വിടര്‍ന്നു നില്‍ക്കുന്ന ചുവന്ന ടുലിപ് പൂക്കള്‍. പ്രണയാതുരമായ മിടിക്കുന്ന ഹൃദയം പോലെ. അവയ്ക്കിടയിലൂടെ പരസ്പരം ചേര്‍ന്ന് കൈകള്‍ കോര്‍ത്ത് കടന്നു പോകുന്നവര്‍. കാലങ്ങള്‍ ഏറെപ്പിന്നിട്ടും പ്രണയത്തിന്‍റെ പുതുമ നഷ്ടപ്പെടാത്തവരും ഒന്നിച്ച് ജീവിതം തുടങ്ങുന്നവരും തുടങ്ങാന്‍ പോകുന്നവരും ഈ കൂട്ടത്തിലുണ്ട്.
ശാന്തമായ പ്രണയത്തിന്‍റെ പ്രതീകമാണ് ടുലിപ്സ്. നെതര്‍ലന്‍ഡില്‍ നിന്ന് എത്തിച്ച 2 ലക്ഷം ടുലിപ്പുകളാണ് ചാണക്യപുരിയും കൊണാട്ട് പ്ലേസുമടക്കം ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളിലുള്ളത്. തണുപ്പുള്ള എല്ലായിടത്തും ടുലിപ്പുണ്ടെങ്കിലും വടക്കേന്ത്യയിലെ വസന്തത്തിന് ചാരുത ഒന്ന് വേറെ തന്നെയാണ്. പ്രണയത്തെക്കുറിച്ച് പറയുമ്പോള്‍ പനിനീര്‍പ്പൂക്കളെയാണ് ആദ്യം ഓര്‍ക്കുകയെങ്കിലും ടുലിപ്പിന് അല്‍പം വിഐപി പരിവേഷമുണ്ട്.
പതിനാറാം നൂണ്ടാറ്റിന്‍റെ തുടക്കത്തിലാണ് ഈ പ്രണയപുഷ്പം കശ്മീരിലെത്തിയത്. മുഗള്‍ സാമ്രാജ്യം സ്ഥാപിച്ച ബാബറാണ് അഫ്ഗാനിസ്ഥാനില്‍ നിന്ന് ടുലിപ്പിന് ഇന്ത്യയുടെ ഹൃദയത്തിലേയ്ക്ക് വഴിയൊരുക്കിയത്. മുഗള്‍ സാമ്രാജ്യത്തിന്‍റെ വളര്‍ച്ചയ്ക്കൊപ്പം ഡല്‍ഹിയിലും വടക്കുള്ള മറ്റ് ഭാഗങ്ങളിലുമെത്തി. സാമ്രാജ്യങ്ങള്‍ അസ്തമിച്ചു. കാലം കടന്നുപോകുന്നു. കമിതാക്കള്‍ മാറുന്നു. ടുലിപ്പ് മാറ്റമില്ലാതെ പ്രണയത്തിന്‍റെ വസന്തമൊരുക്കിക്കൊണ്ടിരിക്കുന്നു.
Tulip Flowers in Delhi