മെറ്റയ്ക്ക് കീഴിലുള്ള സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകളായ ഫെയ്സ്ബുക്കും ഇന്‍സ്റ്റഗ്രാമും ചൊവ്വാഴ്ച രാത്രി ഒന്ന് കണ്ണുചിമ്മിയപ്പോള്‍ ഉടമ മാര്‍ക്ക് സക്കര്‍ബര്‍ഗിന് വലിയ നഷ്ടമാണ്. ഉപഭോക്താക്കള്‍ കൂട്ടത്തോടെ എക്സിലെത്തി അറഞ്ചം പൊറഞ്ചം ട്രോളിയതിനൊപ്പം സാമ്പത്തിക നഷ്ടവും സക്കര്‍ബര്‍ഗ് നേരിട്ടു. ഇന്ത്യന്‍ സമയം രാത്രി 8.30 ന് ശേഷമാണ് ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം സേവനങ്ങള്‍ നിലച്ചത്.
മെറ്റയിലെ കമ്മ്യൂണിക്കേഷന്‍ തലവന്‍ ആന്‍ഡി സ്റ്റോണ്‍ പ്രവര്‍ത്തനം തടസപ്പെട്ടത് എക്സിലിട്ട കുറിപ്പില്‍ സ്ഥിരികരിച്ചിരുന്നു. ടെക്നിക്കല്‍ ഇഷ്യുവാണ് പ്രവര്‍ത്തനം നിലയ്ക്കാന്‍ കാരണമെന്നാണ് ഔദ്യോഗിക വിശദീകരണം. ഫെയ്സ്ബുക്കും ഇന്‍സ്റ്റഗ്രാമും ഇടഞ്ഞതോടെ മെറ്റ ഓഹരികളും ചൊവ്വാഴ്ച ഇടിഞ്ഞു. 1.50 ശതമാനത്തോളം ഇടിഞ്ഞ് 490.22 ഡോളറിലാണ് മെറ്റ ഓഹരികള്‍ ക്ലോസ് ചയ്തത്.
ഇതുപ്രകാരം 3 ബില്യണ്‍ ഡോളര്‍ അഥവാ 24,871 കോടി ഇന്ത്യന്‍ രൂപയാണ് ഒറ്റദിവസം കൊണ്ട് സക്കര്‍ബര്‍ഗിന് നഷ്ടമാണ് ഉണ്ടായതെന്നാണ് കണക്ക്. ബ്ലുംബെര്‍ഗ് ബില്യണയര്‍ ഇന്‍ഡെക്സ് പ്രകാരം ഒറ്റ ദിവസം കൊണ്ട് സക്കര്‍ബര്‍ഗിന്‍റെ ആകെ ആസ്തിയില്‍ 2.7 ബില്യണ്‍ ഡോളറാണ് നഷ്ടം വന്നത്. 176 ബില്യണ്‍ ഡോളറാണ് നിലവിലെ ആസ്തി മൂല്യം. മെറ്റ ഓഹരികള്‍ 1.6 ശതമാനം ഇടിഞ്ഞതാണ് ഈ നഷ്ടത്തിന് കാരണം. അതേസമയം ലോക സമ്പന്നരില്‍ നാലാം സ്ഥാനം നിലനിര്‍ത്തി.
കമ്പനിയുടെ പ്രധാന വരുമാനം ഉപഭോക്താക്കള്‍ പരസ്യം കാണുന്നത് വഴിയാണ്. ടെക്നിക്കാല്‍ പ്രശ്നം കാരണം പ്ലാറ്റ്ഫോം പ്രവര്‍ത്തനരഹിതമായതോടെ വരുമാനവും ഇടിഞ്ഞു. ഇത് കമ്പനിയെയും ബാധിക്കുമെന്നും വിലയിരുത്തലുണ്ട്. നേരത്തെ 2021 ല്‍ സാങ്കേതിക കാരങ്ങളാല്‍ മെറ്റ ഏഴ് മണിക്കൂര്‍ നിലച്ചിരുന്നു. ഇത്തവണ 2 മണിക്കൂര്‍ കൊണ്ട് പ്രശ്നം പരിഹരിക്കാന്‍ കമ്പനിക്കായി. ലോകത്തിലെ ഏറ്റവും വലിയ സമൂഹ മാധ്യമ പ്ലാറ്റ്ഫോമാണ് ഫേസ്ബുക്ക്. 3 ബില്യണ്‍ ആക്ടീവ് ഉപഭോക്താക്കളാണ് മാസം ഫേസ്ബുക്കിനുള്ളത്. ഇന്‍സ്റ്റഗ്രാമിന് ഇത് 1.350 ബില്യണ്‍ ആണ്.