Udhayanidhi-stalin-nivetha

തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിന്‍ തനിക്ക് 50 കോടിയുടെ ആഡംബരം ഭവനം വാങ്ങിനല്‍കി എന്ന വ്യാജവാര്‍ത്തകളോട് പ്രതികരിച്ച് നടി നിവേദ പേതുരാജ്. യൂട്യൂബര്‍ സുവുത്തു ശങ്കറാണ് നടിക്കെതിരെ ആരോപണം ഉന്നയിച്ചത്. 16 വയസ്സ് മുതൽ തനിക്ക് സാമ്പത്തിക സ്വതന്ത്ര്യവും സ്ഥിരതയുമുണ്ടെന്നും ഒരിക്കലും ഒരു നിർമാതാവിനോടും സംവിധായകനോടും നായകനോടും സിനിമയില്‍ അവസരങ്ങൾ നല്‍കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും നിവേദ പറഞ്ഞു. തന്നെക്കുറിച്ച് പറഞ്ഞുണ്ടാക്കുന്ന കാര്യങ്ങള്‍ സത്യത്തില്‍നിന്ന് ഏറെ അകലെയാണെന്നും 2002 മുതൽ തങ്ങൾ ദുബായിൽ ഒരു വാടക വീട്ടിലാണ് താമസിക്കുന്നതെന്നും നിവേദ പറഞ്ഞു. നിയമപരമായി യാതൊരു നടപടിയും സ്വീകരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും മാധ്യമപ്രവര്‍ത്തനത്തില്‍ അല്‍പം മനുഷ്യത്വം ബാക്കിയുണ്ടെന്ന് വിശ്വസിക്കുന്നുവെന്നും എക്സില്‍ പങ്കുവച്ച പോസ്റ്റില്‍ നിവേദ പറഞ്ഞു. നിവേദയുടെ കുറിപ്പിന്‍റെ പൂര്‍ണരൂപം: 

‘‘എനിക്ക് വേണ്ടി ആരോ ഉദാരമായി പണം ചെലവഴിക്കുന്നു എന്ന ഒരു വ്യാജവാര്‍ത്ത പ്രചരിക്കുന്നുണ്ട്. ഇതുവരെ ഞാന്‍ മൗനം പാലിക്കുകയായിരുന്നു, കാരണം ഒരു പെണ്‍കുട്ടിയുടെ ജീവിതം തകര്‍ക്കുന്നതിന് മുന്‍പ് അത് സത്യമാണോ അല്ലയോ എന്ന് സ്ഥിരീകരിക്കാനുള്ള മനുഷ്യത്വം എല്ലാവരും കാണിക്കുമെന്ന് ഞാന്‍ വിചാരിച്ചുപോയി. കുറച്ചു ദിവസങ്ങളായി ഞാനും കുടുംബവും കടുത്ത സമ്മർദത്തിലായിരുന്നു. ഇത്തരം തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നതിന് മുമ്പ് ഒന്ന് ചിന്തിക്കൂ. ഞാൻ വളരെ മാന്യമായ ഒരു കുടുംബത്തിൽ നിന്നാണ് വരുന്നത്. 16 വയസ്സ് മുതൽ എനിക്ക് സാമ്പത്തിക സ്വതന്ത്ര്യവും സ്ഥിരതയുമുണ്ട്. എന്‍റെ കുടുംബം ഇപ്പോഴും ദുബായിലാണ് താമസിക്കുന്നത്. ഞങ്ങൾ 20 വർഷത്തിലേറെയായി ദുബായിൽ ഉണ്ട്.

ഞാൻ ഒരിക്കലും ഒരു നിർമാതാവിനോടും സംവിധായകനോടും നായകനോടും എന്നെ കാസ്റ്റ് ചെയ്യാനോ സിനിമയില്‍ അവസരങ്ങൾ നല്‍കാനോ ആവശ്യപ്പെട്ടിട്ടില്ല. 20 ലധികം സിനിമകൾ ചെയ്തിട്ടുണ്ട്. അതെല്ലാം ഞാന്‍ സ്വപ്രയത്‌നം കൊണ്ട് കണ്ടെത്തിയതാണ്. പണത്തോടോ സിനിമയോടോ ഇതുവരെ ആര്‍ത്തി കാണിച്ചില്ല. എന്നെക്കുറിച്ച് പറഞ്ഞുണ്ടാക്കുന്ന കാര്യങ്ങള്‍ സത്യത്തില്‍നിന്ന് ഏറെ അകലെയാണ്. 2002 മുതൽ ഞങ്ങൾ ദുബായിൽ ഒരു വാടക വീട്ടിലാണ് താമസിക്കുന്നത്. 2013 മുതൽ റേസിങ് എന്റെ അഭിനിവേശമാണ്. ചെന്നൈയില്‍ റേസിങ് സംഘടിപ്പിക്കുന്നതിനെക്കുറിച്ച് എനിക്ക് യാതൊരു ധാരണയുമില്ലായിരുന്നു. 

നിങ്ങള്‍ വിചാരിക്കുന്നത് പോലെ ഒരു പ്രാധാനവ്യവും എനിക്കില്ല. വളരെ ലളിതമായ ജീവിതമാണ് ഞാന്‍ നയിക്കുന്നത്. ജീവിതത്തിൽ ഒരുപാട് ബുദ്ധിമുട്ടുകൾ അതിജീവിച്ച ശേഷമാണ് മാനസികമായും വൈകാരികമായും മെച്ചപ്പെട്ട അവസ്ഥയില്‍ ഇപ്പോള്‍ ഞാന്‍ ജീവിക്കുന്നത്. നിങ്ങളുടെ കുടുംബത്തിലെ സ്ത്രീകളെപ്പോലെ മാന്യവും സമാധാനപരവുമായ ജീവിതം തുടരാൻ ഞാൻ ആഗ്രഹിക്കുന്നു. നിയമപരമായി യാതൊരു നടപടിയും ഞാന്‍ സ്വീകരിക്കാന്‍ ആഗ്രഹിക്കുന്നില്ല. കാരണം മാധ്യമപ്രവര്‍ത്തനത്തില്‍ അല്‍പം മനുഷ്യത്വം ബാക്കിയുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. 

ഒരു കുടുംബത്തിന്‍റെ മാന്യത തകര്‍ക്കുന്നതിന് മുന്‍പ് ലഭിച്ച വിവരത്തിന്‍റെ യാഥാര്‍ഥ്യം എന്തെന്ന് അന്വേഷിക്കണമെന്ന് ഞാന്‍ മാധ്യമപ്രവര്‍ത്തകരോട് അപേക്ഷിക്കുന്നു. എന്റെ കുടുംബത്തെ മാനസികാഘാതത്തിലേക്ക് കൊണ്ടുപോകരുത്. എന്നോടൊപ്പം നിന്നവര്‍ക്കും എനിക്ക് വേണ്ടി ശബ്ദിച്ചവര്‍ക്കും നന്ദി. സത്യം എന്നും നിലനിൽക്കട്ടെ.

Nivethaa Pethuraj reacts to fake news regarding Udhayanidhi Stalin