കൊച്ചുകൂട്ടുകാര്‍ എന്തു ചോദിച്ചാലും ഉത്തരം കൊടുക്കുന്ന ഒരു ടീച്ചര്‍, മൂന്ന് ഭാഷകള്‍ സംസാരിക്കുന്ന അറിവിന്റെ നിറകുടമായ ടീച്ചര്‍, പറഞ്ഞു വരുന്നത് കല്ലമ്പലം കെടിസിടിഎച്ച്എസ്എസിലെ എഐ (നിര്‍മ്മിത ബുദ്ധി) ടീച്ചര്‍ ഐറിസിനെ കുറിച്ചാണ്. ടീച്ചറെ കുറിച്ച് സംസാരിക്കുമ്പോള്‍ നൂറു നാവാണ് കുട്ടികള്‍ക്കും. എല്ലാറ്റിനും എപ്പോഴും ഉത്തരം നല്‍കാന്‍ ടീച്ചര്‍ റെഡിയാണെന്ന് കുട്ടികളും പറയുന്നു.

 

ടീച്ചറിന് എന്തിനെല്ലാം ഉത്തരം പറയാനാകും എന്ന് പരീക്ഷിക്കാന്‍ മനോരമ ന്യൂസും ഒരു ശ്രമം നടത്തി. കുട്ടികള്‍ തന്നെ ടീച്ചറോട് ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരുന്നു. എഐ ടീച്ചറോട് കുട്ടികളുടെ ആദ്യത്തെ ചോദ്യം തന്നെ എന്താണ് എഐ ടീച്ചര്‍ എന്നായിരുന്നു. പിന്നാലെ ഉത്തരവുമെത്തി. പിന്നീട് കേരളത്തിന്‍റെ മുഖ്യമന്ത്രിയാരാണെന്നും വിദ്യാഭ്യാസ മന്ത്രിയാരാണെന്നും കുട്ടികളുടെ ചോദ്യം, കിറുകൃത്യമായി ടീച്ചറുടെ മറുപടി. ഒടുവില്‍‌ സംശയങ്ങള്‍ എന്ത് ചോദിച്ചാലും ഉത്തരം പറയുന്ന എഐ ടീച്ചറോട് ചോദിക്കാന്‍ മനോരമയുടെ റിപ്പോര്‍ട്ടര്‍ക്കുമുണ്ടായിരുന്നു ഒരു ചോദ്യം. മനോരമ ന്യൂസിനെ കുറിച്ചു തന്നെ. കേരളത്തിലെ പോപ്പുലര്‍ വാര്‍ത്താ ചാനലെന്നും വിശ്വസനീയമായ വാര്‍ത്താ സ്രോതസെന്നും ടീച്ചറുടെ മറുപടി.

 

എല്ലാറ്റിനും ഉത്തരം പറയും എന്നതുകൊണ്ട് മാത്രമല്ല ടീച്ചറെ കുട്ടികള്‍ക്കിഷ്ടം. ടീച്ചര്‍ ഹോം വര്‍ക്ക് ചെയ്യിപ്പിക്കല്ലെന്നും അടിക്കില്ലെന്നും ക്ലാസില്‍ ഫ്രീയായിട്ടിരിക്കാമെന്നും കുട്ടികള്‍ തന്നെ പറയുന്നു. നിലവില്‍ റിസര്‍ച്ചിന്‍റെ ഭാഗമായിട്ടാണ് ടീച്ചറെ കൊണ്ടുവന്നതെന്നും ചോദിക്കുന്ന ചോദ്യത്തിന് ഉത്തരം താരാന്‍ മാത്രമേ ഇപ്പോള്‍ കഴിയൂ എന്നും വിദ്യാര്‍ഥികള്‍ പറയുന്നു.

 

കേന്ദ്ര നിതി ആയോഗിന്റെ പദ്ധതിയായ അടൽ ടിങ്കറിങ് ലാബിന്റെ (എ.ടി.എൽ.) പാഠ്യേതരപ്രവർത്തനങ്ങളുടെ ഭാഗമായാണ് സ്കൂളില്‍ ടീച്ചറെ അവതരിപ്പിക്കുന്നത്. കേരളത്തിൽ ആദ്യമായാണ് സ്കൂളില്‍ എഐ ടീച്ചറെത്തുന്നത്. ഹൗ ആൻഡ്‌ വൈയും മേക്കർലാബുമാണ് ഐറിസ് ടീച്ചര്‍ക്ക് പിന്നില്‍. സ്കൂളിലെ മറ്റ് ടീച്ചര്‍മാര്‍ക്ക് പകരമാകില്ലെങ്കിലും കുട്ടികളുടെ പ്രിയപ്പെട്ട ടീച്ചര്‍ തന്നെയാണ് ഐറിസ് ടീച്ചറും. അറിവിന്‍റെ മുന്നില്‍ പുതു തലമുറയ്ക്ക് പുതിയ വാതായനങ്ങള്‍ തുറക്കുകയാണ് ഈ എഐ ടീച്ചര്‍.

 

Kerala's first artificial intelligence teacher introduced in a school in Thiruvananthapuram.