ഗുവാഹത്തിയിലെ തിരക്കുള്ള ട്രാഫിക്ക് സിഗ്നലില്‍ ക്യുആര്‍ കോഡ് ഉപയോഗിച്ച് ഭിക്ഷയാചിച്ച് കാഴ്ചപരിമിതനായ ഭിക്ഷാടകന്‍. കഴുത്തില്‍ തൂക്കിയിട്ട ക്യുആര്‍ കോ‍ഡ് ഉപയോഗിച്ച് പണം സ്വീകരിക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. ആസാം ഡെവലപ്മെന്‍റ് കൗണ്‍സില്‍ മുന്‍ ചെയര്‍മാനായ ഗൗരവ് സൊമാനിയാണ് എക്സില്‍ വിഡിയോ പങ്കുവെച്ചത്.തിരക്കേറിയ ഗുവാഹത്തി നഗരത്തില്‍ ശ്രദ്ധേയമായൊരു കാഴ്ച കണ്ടു എന്ന തലക്കെട്ടോടെയാണ് വിഡിയോ.

 

''യാചകന്‍ ഡിജിറ്റല്‍ ഇടപാട് വഴി സഹായം അഭ്യര്‍ഥിക്കുന്നു, ടെക്നോളജിക്ക് അതിരുകളില്ല. സാമ്പത്തിക സാമൂഹിക നിലകളെ മറികടക്കാനുള്ള ടെക്നോളജിയുടെ ശക്തിയാണിത്'' എന്നും  ഗൗരവ് സൊമാനി കുറിച്ചു. ഗുവാഹത്തിയിലെ തിരക്കുള്ള ട്രാഫിക് സിഗ്നലില്‍ കഴുത്തില്‍ ക്യൂആര്‍ കോഡ് തൂക്കി ഭിക്ഷ യാചിക്കുന്ന വ്യക്തിയാണ് വിഡിയോയിലുള്ളത്. കാഴ്ച പരിമിതിയുള്ള ഇദ്ദേഹം കാര്‍ യാത്രക്കാരനെ സമീപിക്കുകയും യാത്രക്കാരന്‍ ക്യുആര്‍ കോഡ് സ്കാന്‍ ചെയ്ത് പണം നല്‍കുന്നതും കാണാം. കാര്‍ യാത്രക്കാരന്‍ 10 രൂപ അയക്കുമ്പോള്‍ ഫോണ്‍ ചെവിയോട് ചേര്‍ത്ത് നോട്ടിഫിക്കേഷന്‍ വിവരം കേള്‍ക്കുന്ന തരത്തിലാണ് വിഡിയോ. 

 

സമാനരീതിയില്‍ ഡിജിറ്റല്‍ പേയ്മെന്‍റ് വഴി ഭിക്ഷ യാചിക്കുന്ന വിഡിയോകള്‍ ഡല്‍ഹിയില്‍ നിന്നും ബംഗളൂരുവില്‍ നിന്നും പുറത്തുവന്നിരുന്നു. ഡല്‍ഹിയില്‍ 29 കാരിയായ ട്രാന്‍സ്‍വനിത ആയേഷ ശര്‍മ യുപിഐ ആപ്പ് വഴി പണം സ്വീകരിക്കുന്നതായിരുന്നു വാര്‍ത്ത. 2006 മുതല്‍ ഭിക്ഷാടനം നടത്തുന്ന ആയേഷയുടെ വരുമാനത്തിന്‍റെ നാലിലൊന്നും ഡിജിറ്റല്‍ ഇടപാടുകളാണെന്ന് വാര്‍ത്തയുണ്ടായിരുന്നു. എല്ലാവരും കയ്യില്‍ പണം വെയ്ക്കാത്ത സമയമാണ്, ഇവര്‍ക്ക് ക്യൂആര്‍ കോഡ് വഴി പണമയക്കാം. ഇതാണ് ഗുണം എന്നാണ് ശര്‍മ പറയുന്നത്. 

 

ബംഗളൂരുവിലും ട്രാന്‍സ്‍വനിത യുപിഐ വഴി പണം സ്വീകരിക്കുന്ന വിഡിയോ വൈറലായിരുന്നു. ബൈക്ക് യാത്രക്കാരനോട് ട്രാന്‍സ്‍വനിത പണം ആവശ്യപ്പെടുകയും ഡിജിറ്റല്‍ പെയ്മെന്‍റ് ആവശ്യപ്പെടുകയുമായിരുന്നു. കയ്യിലുള്ള ക്യൂആര്‍ കോ‍‍ഡ് നല്‍കി പണം വാങ്ങുന്നതായിരുന്നു വിഡിയോ.