vinod-death

ട്രെയിനില്‍ നിന്നും യാത്രക്കാരന്‍ തള്ളിയിട്ട് കൊന്ന ടി.ടി.ഇ വിനോദിന് ആദരാഞ്ജലി അര്‍പ്പിച്ച് നടന്‍ മോഹന്‍ലാല്‍.  അഭിനേതാവ് കൂടിയായിരുന്ന വിനോദിന് തന്‍റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് മോഹന്‍ലാല്‍ ആദരാഞ്ജലി അര്‍പ്പിച്ചത്. മലയാള സിനിമയിലും സജീവ സാന്നിധ്യമായിരുന്നു കൊല്ലപ്പെട്ട വിനോദ്. മിസ്റ്റര്‍ ഫ്രോഡ്, പെരുച്ചാഴി, എന്നും എപ്പോഴും, പുലിമുരുകന്‍, ഒപ്പം എന്നീ ചിത്രങ്ങളിലും മോഹന്‍ലാലിനൊപ്പം വിനോദ് അഭിനയിച്ചിട്ടുണ്ട്.

 

'സുഹൃത്തും അഭിനേതാവുമായിരുന്ന ടി ടി ഇ വിനോദിന് ആദരാഞ്ജലികൾ' എന്നാണ് വിനോദിന്‍റെ ചിത്രം പങ്കുവച്ചുകൊണ്ട് മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. ഏകദേശം 14 ചിത്രങ്ങളില്‍ വിനോദ് അഭിനയിച്ചിട്ടുണ്ട്. വിനോദിന്‍റെ മരണം തന്നെ ഞെട്ടിച്ചുകളഞ്ഞുവെന്നാണ് അഭിനേത്രിയും നിര്‍മാതാവുമായ സാന്ദ്രാ തോമസ് പ്രതികരിച്ചത്. എറണാകുളം മഞ്ഞുമ്മല്‍ സ്വദേശിയായ വിനോദ് തന്‍റെ സഹപാഠികൂടിയായ ആഷിഖ് അബുവിന്റെ ചിത്രത്തിലൂടെയാണ് അഭിനയരംഗത്ത് എത്തിയത്.

 

ചൊവ്വാഴ്ച്ച വൈകിട്ട് ഏഴരയോടെയാണ് എറണാകുളം-പട്‌ന എക്‌സ്പ്രസില്‍ ദാരുണ സംഭവം നടന്നത്. ടിക്കറ്റ് ചോദിച്ചതിന്റെ പേരില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് ടിടിഇ വിനോദിനെ ഒഡീഷ സ്വദേശിയായ രജനീകാന്ത തള്ളിയിടിട്ട് കൊലപ്പെടുത്തുകയായിരുന്നു. തൃശൂരിനും വടക്കാഞ്ചേരി സ്റ്റേഷനുമിടയിലുള്ള വെളപ്പായയില്‍ വച്ചാണ്  രജനീകാന്ത വിനോദിനെ ട്രെയിനില്‍ നിന്നും തളളിയിട്ടത്. തൃശൂരില്‍ നിന്നും കയറിയ രജനികാന്തയോട് മുളങ്കുന്നത്തുകാവെത്തിയപ്പോള്‍ വിനോദ് ടിക്കറ്റ് ആവശ്യപ്പെട്ടിരുന്നു. ടിക്കറ്റെടുക്കാതെ റിസര്‍വ് കംപാര്‍ട്മെന്‍റില്‍ കയറിയ പ്രതി, ടിക്കറ്റ് ചോദിച്ചതില്‍ കുപിതനായി. തുടര്‍ന് വിനോദുമായി വഴക്കിലേര്‍പ്പെടുകയും പിന്നീട് വിനോദിനെ പിന്നില്‍ നിന്നും ചെന്ന് ട്രെയിനിന് പുറത്തേക്ക് തളളിയിടുകയുമായിരുന്നെന്ന് എഫ്ഐആറില്‍ പറയുന്നു. 

 

ട്രെയിനില്‍ നിന്നും വീണ വിനോദിന്‍റെ തലയ്ക്കേറ്റ പരുക്കുകളും കാലുകള്‍ അറ്റുപോയതുമാണ് മരണത്തനിടയാക്കിയെതന്നാണ് പ്രാഥമിക നിഗമനം. ആശിച്ചുവെച്ച വീട്ടില്‍ താമസിച്ച് കൊതിതീരും മുന്‍പേയാണ് വിനോദിന്റെ വേര്‍പാട്. തിരുവനന്തപുരം സ്വദേശിയായ വിനോദ് മഞ്ഞുമ്മലിലെ പുതിയ വീട്ടിലേക്ക് രണ്ട് മാസം മുന്‍പാണ് മാറിത്താമസിച്ചു തുടങ്ങിയത്. 

Mohanlal condoles the demise of TTE Vinod