'അമ്പിളിയമ്മാവാ, താമരക്കുമ്പിളിലെന്തുണ്ട്' എന്ന പാട്ടുകേള്‍ക്കാത്ത മലയാളികള്‍ ചുരുക്കമാവും. പാട്ടുപോലെ തന്നെ ചന്ദ്രനിലെ കൗതുകങ്ങളെ അറിയാനും കണ്ടെത്താനുമുള്ള ജിജ്ഞാസ ഇക്കാലമത്രയും ശാസ്ത്രലോകം തുടര്‍ന്നു വരികയും ചെയ്തു. നൂറ്റാണ്ടുകളായി മറഞ്ഞിരുന്ന ആ മഹാരഹസ്യം ഒടുവിലിതാ ഫ്രഞ്ച് വാനശാസ്ത്രജ്ഞനായ ആര്‍തര്‍ ബ്രിഔഡിനും സംഘത്തിനും മുന്നില്‍ ഒടുവില്‍ ചുരുളഴിഞ്ഞിരിക്കുകയാണ്. അമ്പിളിയമ്മാവന്‍റെ ഉള്ളിലെന്തെല്ലാമുണ്ടെന്ന നിര്‍ണായക കണ്ടെത്തല്‍ മാനവരാശിക്ക് തന്നെ മുതല്‍ക്കൂട്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

ചന്ദ്രന്‍റെ അകക്കാമ്പ് ഖരാവസ്ഥയിലുള്ളതാണെന്നും ഇരുമ്പിനോളം സാന്ദ്രതയുണ്ടെന്നും ദ്രാവകത്താല്‍ ചുറ്റപ്പെട്ട പുറംപാളിയാണ് ഉള്ളതെന്നുമാണ് ബ്രിഔഡിന്‍റെയും സംഘത്തിന്‍റെയും പരീക്ഷണ നിരീക്ഷണങ്ങളില്‍ നിന്ന് തെളിഞ്ഞത്. കാഴ്ചയില്‍ ചെറുതെന്ന് തോന്നുമെങ്കിലും അകക്കാമ്പിലെ ചാന്ദ്ര ഹൃദയം തന്നെയാണ് ചന്ദ്രന്‍റെ ജിയോഫിസിക്കല്‍ പ്രതിഭാസത്തിന് നിദാനമെന്നും പഠനം പറയുന്നു. ഇരുമ്പിനൊപ്പം സള്‍ഫറും നിക്കലും നിറഞ്ഞതാണ് അകക്കാമ്പെന്നും ഈ മിശ്രണം സാന്ദ്രതയേറിയ മെറ്റലിക് സ്വഭാവമുള്ള ഏറെക്കുറെ ഭൂമിയുടെ അകക്കാമ്പിനോട് സദൃശ്യം പുലര്‍ത്തുന്നുവെന്നും ഗവേഷക സംഘം പറയുന്നു. 350 കിലോമീറ്റര്‍ ആരമാണ് ചന്ദ്രന്‍റെ അകക്കാമ്പിനുള്ളത്. അതായത് ചന്ദ്രന്‍റെ തന്നെ വെറും 20 ശതമാനം മാത്രം.

 

150 മൈലുകളിലായി വ്യാപിച്ച് കിടക്കുന്ന ഖനമേറിയ അകക്കാമ്പെന്നും  205 മൈല്‍ ആരമുള്ള ദ്രവരൂപത്തിലുള്ള ഇരുമ്പ് നിറഞ്ഞ ദ്രാവകഭാഗമെന്നിങ്ങനെ രണ്ടായി അകക്കാമ്പിനെ തിരിക്കാം.  300 മൈല്‍ ആരത്തിലുള്ള ഭാഗികമായി ഉരുകിയ നിലയിലുള്ള പുറന്തോടാണ് അകക്കാമ്പിനുള്ളത്. ഇത് ഭൂമിയുടേതില്‍ നിന്ന് തീര്‍ത്തും വിഭിന്നമാണെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. സൗരയൂഥത്തില്‍ ആദിമകാലത്ത് ചാന്ദ്ര സ്ഫോടനമുണ്ടായെന്ന സാധ്യതയും ഗവേഷക സംഘം തള്ളുന്നില്ല. 

 

അപ്പോളോ ദൗത്യങ്ങളില്‍ നിന്നുള്ള സീസ്മിക് വിവരങ്ങളാണ് പഠനത്തെ വലിയൊരളവു വരെ സഹായിച്ചത്. റെസല്യൂഷന്‍ കുറവായിരുന്നുവെങ്കിലും ചന്ദ്രന്‍റെ ഉള്ളറകളെ കുറിച്ച് വളരെ നിര്‍ണായകമായ വിവരങ്ങളാണ് അപ്പോളോ നല്‍കിയത്. ഈ വിവരങ്ങളെ നിരീക്ഷണ വിവരങ്ങളുമായി ചേര്‍ത്തു വച്ച് ഗവേഷകര്‍ ചന്ദ്രന്‍റെ ഏറെക്കുറെ കൃത്യമായ അകക്കാമ്പിന്‍റെ മാതൃക നിര്‍മിച്ചെടുക്കുകയും ചെയ്തു. ചന്ദ്രനുണ്ടായ കാലത്ത് തന്നെ അകക്കാമ്പും രൂപപ്പെട്ടിട്ടുണ്ടെന്നും കൊളോസിയല്‍ ഇംപാക്ടാണ് ഇതിന് കാരണമെന്നുമാണ് ഭൂരിപക്ഷം വരുന്ന ശാസ്ത്രജ്ഞരുടെയും വിശ്വാസം. ആദിമ ഭൂമിയുമായി ചൊവ്വയുടെ ആകാരത്തിലുള്ള ചന്ദ്രന്‍ കൂട്ടിയിടിച്ചതോടെ ചന്ദ്രന്‍റെ പുറന്തോട് ഉരുകിയെന്നും മാഗ്മ സമുദ്രം തന്നെ രൂപപ്പെട്ടെന്നും ശാസ്ത്രജ്ഞര്‍ അനുമാനിക്കുന്നു. ഈ മാഗ്മ സമുദ്രം തണുത്തുറഞ്ഞ് പല അടരുകളായി ഇന്ന് കാണുന്ന രൂപം പ്രാപിച്ചുവെന്നുമാണ് നിഗമനം. 

ചന്ദ്രന്‍റെ അകക്കാമ്പിനെ കുറിച്ചുള്ള വിവരങ്ങള്‍ കേവല കൗതുകത്തിനപ്പുറം പ്രായോഗിക ഗുണങ്ങള്‍ കൂടി നല്‍കുന്നവയാണ്. അകക്കാമ്പിനെ കുറിച്ചുള്ള കൃത്യമായ ധാരണകള്‍ ചന്ദ്രന്‍റെ കാന്തിക ധ്രുവങ്ങളെ കുറിച്ചുള്ള പഠനത്തിലും  ചന്ദ്രന്‍റെ ഗുരുത്വാകര്‍ഷണത്തിലെ നിര്‍ണായക സ്വാധീനങ്ങളെ കുറിച്ചും ഭൂമിയിലെ തിരമാലകളുടെ ഏറ്റക്കുറച്ചിലിനെ സംബന്ധിച്ചുമെല്ലാമുള്ള പഠനങ്ങളില്‍ നിര്‍ണായകമാകും. 

 

Moon's core is composed of these.. revealing mystery