9999 എന്ന ഫാന്‍സി നമ്പര്‍ ലഭിക്കാനായി 25 ലക്ഷം മുടക്കി കാര്‍ ഉടമ. ഹൈദരാബാദിലാണ് സംഭവം. തെലങ്കാന സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ഫാന്‍സി നമ്പര്‍ റജിസ്ട്രേഷനായി ഓണ്‍ലൈനായി നടത്തിയ ലേലത്തിലാണ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തുകയ്ക്ക് നമ്പര്‍ വിറ്റുപോയത്.
25ലക്ഷത്തി അന്‍പതിനായിരം രൂപയാണ് ഫാന്‍സി നമ്പറിനായി കാറുടമ മുടക്കിയതെന്ന് ഹൈദരാബാദ് ജോയിന്റ് ട്രാന്‍സ്പോര്‍ട് കമ്മീഷണര്‍ സി രമേഷ് അറിയിച്ചു. TG09 9999 എന്ന നമ്പറിനുവേണ്ടിയാണ് ഈ വലിയ തുക കാറുടമ മുടക്കിയത്. 11 പേരാണ് ഈ നമ്പറിനായി നടത്തിയ ലേലത്തില്‍ പങ്കെടുത്തത്. തെലങ്കാനയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ലേലത്തുക എന്നാണ് കമ്മീഷണര്‍ പറഞ്ഞത്.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ നടന്ന ലേലത്തില്‍ 21 ലക്ഷം രൂപ വരെ ഫാന്‍സിനമ്പറിനായി വിലയെത്തിയിരുന്നു. ഫാന്‍സി നമ്പര്‍ റിസര്‍വ് ചെയ്യാനായി അന്‍പതിനായിരം രൂപയാണ് വേണ്ടത്. ഖൈരതാബാദ് റോഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി ഓഫീസ് കഴിഞ്ഞ തിങ്കളാഴ്ച മറ്റ് ഫാൻസി നമ്പറുകൾക്കായുള്ള ലേലത്തിൽ 43 ലക്ഷം രൂപ വരുമാനം നേടിയതായി റിപ്പോര്‍ട്ടുണ്ട്.
ടിഎസ് എന്ന റജിസ്ട്രേഷന്‍ കോഡ് തെലങ്കാന സര്‍ക്കാര്‍ കഴിഞ്ഞ മാര്‍ച്ചില്‍ മാറ്റി ടിജി എന്നാക്കി മാറ്റിയിരുന്നു.