zomato

Picture Credits: @zomato

TOPICS COVERED

കടുത്ത ചൂടാണ് ഉത്തരേന്ത്യയില്‍. ജനജീവിതം അത്രമേല്‍ ദുഷ്കരമാക്കി ഉഷ്ണതരംഗവും. ഇതോടെ ഒരു അഭ്യര്‍ഥനയുമായി മുന്നോട്ടു വന്നിരിക്കുകയാണ് ഓണ്‍ലൈന്‍ ഫുഡ്‌ ഡെലിവറി ആപ്പായ സൊമാറ്റോ.

ചൂട് കടുത്തു നില്‍ക്കുന്ന, നട്ടുച്ചനേരത്ത് ഭക്ഷണം ഓര്‍ഡര്‍ ചെയ്യരുതേ എന്നാണ് സൊമാറ്റോയുടെ അഭ്യര്‍ഥന. അത്രത്തോളം അത്യാവശ്യമുള്ള ഘട്ടത്തില്‍ മാത്രം ഈ സമയം ഭക്ഷണം ഓര്‍ഡര്‍ ചെയ്യൂവെന്നാണ് സൊമാറ്റോ സമൂഹമാധ്യമത്തില്‍ പങ്കുവച്ചിരിക്കുന്ന കുറിപ്പില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള കമന്‍റുകള്‍ പോസ്റ്റിനു താഴെ വന്നുനിറയുകയാണ്.

‘നല്ല കാര്യമാണെന്ന്’ പറയുന്നത് വളരെ ചുരുക്കം ആളുകള്‍ മാത്രം. ‘ഫുഡ് ഡെലിവറിക്കെത്തുന്നവരോട് ഇത്രത്തോളം കരുതല്‍ കാണിക്കുന്ന സൊമാറ്റോ ഉച്ചയ്ക്കു ശേഷം വെയില്‍ താഴുംവരെ സര്‍വീസുകള്‍ വേണ്ടെന്നു വയ്ക്കട്ടെ’യെന്നാണ് പലരും കമന്‍റ്  ചെയ്യുന്നത്. ‘അത്യാവശ്യ ഘട്ടങ്ങളിലാണ് ഭക്ഷണം പുറത്തുനിന്ന് ഓര്‍ഡര്‍ ചെയ്യേണ്ടി വരുന്നത്, അതിന് നേരവും കാലവും നോക്കിയിരിക്കാന്‍ പറ്റില്ല’ എന്നാണ് ചിലരുടെ അഭിപ്രായം.

ഇത്തരത്തില്‍ പല അഭിപ്രായങ്ങളും വന്നുനിറയുമ്പോള്‍ ചുരുക്കം ചിലര്‍ ഫുഡ് ഡെലിവറിക്കെത്തുവരെ പരിഗണിക്കണം എന്ന കാര്യം ഓര്‍മിപ്പിക്കുന്നുണ്ട്. കൊടും ചൂടാണ് പുറത്ത്, നമുക്കുവേണ്ടി ഭക്ഷണം എത്തിക്കുന്നവര്‍ ഒരുപക്ഷേ അവരുടെ ഭക്ഷണവും വെള്ളവും പോലും വേണ്ടെന്നു വച്ചാണ് സമയത്തെ വെല്ലുവിളിച്ച് ഓടിയെത്തുന്നത്. ഭക്ഷണവുമായി എത്തുന്ന അവര്‍ക്ക് ഒരു ഗ്ലാസ് വെള്ളമെങ്കിലും കരുതിവയ്ക്കാം.

ENGLISH SUMMARY:

North India faces extreme heat now a days. Heatwaves make life of people miserable. Considering this Zomato has a request.