ലോക് സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ വീണ്ടും സമൂഹമാധ്യമങ്ങളിൽ ട്രെൻഡിങ്ങായി മാറിയിരിക്കുന്നത് യൂട്യൂബർ ധ്രുവ് റാഠി . മോദി സര്‍ക്കാരിന്‍റെ വിജയത്തിന് തിളക്കം കുറയ്ക്കാന്‍ ഒരു പരിധിവരെ സഹായിച്ചത് ധ്രുവ് റാഠിയെന്നാണ് സൈബറിടത്തെ സംസാരം. ഒപ്പം 'സാധാരണക്കാരന്‍റെ അധികാരത്തെ വിലക്കുറച്ചു കാണരുത്' എന്ന ധ്രുവ് റാഠിയുടെ പോസ്റ്റും ഇതിനോടകം വൈറലായി.
കേന്ദ്ര സർക്കാറിനെ നിരന്തരം വിമർശിച്ചുകൊണ്ടിരിക്കുന്നതായിരുന്നു ധ്രുവിന്‍റെ വിഡിയോകൾ. കോടിക്കണക്കിന് കാഴ്ചക്കാരാണ് ധ്രുവിന്‍റെ വിഡിയോകൾക്കുണ്ടായിരുന്നത്. ഏകാധിപത്യം ഉറപ്പിച്ചോ? എന്ന പേരിൽ ധ്രുവ് ചെയ്ത വീഡിയോ ഇതിനോടകം കണ്ടത് കോടിക്കണക്കിനാളുകളാണ്. അന്താരാഷ്ട്ര തലത്തിലുൾപ്പെടെ വീഡിയോ ചർച്ചയാവുകയും ചെയ്തിരുന്നു.
21.5 മില്യൺ പേരാണ് 29 കാരനായ ഹരിയാന സ്വദേശിയായ ധ്രുവ് റാഠി യൂട്യൂബിൽ ഫോളോവേഴ്സായിട്ടുള്ളത്. 2024 ഫെബ്രുവരി 22- ന് Is India becoming a DICTATORSHIP ? എന്ന ടൈറ്റിലിൽ ധ്രുവ് പോസ്റ്റ് ചെയ്ത വിഡിയോ അതിവേഗം ട്രെൻഡിങ്ങിൽ കയറി. റഷ്യയുടെ വ്ലാദിമിർ പുടിനോടും ഉത്തരകൊറിയയുടെ കിം ജോങ്ങ് ഉന്നിനോടുമാണ് നരേന്ദ്രമോദിയെ ധ്രുവ് താരതമ്യം ചെയ്യുന്നത്.