മൂന്നാം മോദി സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞ ചടങ്ങിനിടെ രാഷ്ട്രപതി ഭവനില്‍ കണ്ട അജ്ഞാത ജീവിയായിരുന്നു സോഷ്യല്‍മീഡിയയിലെ ചര്‍ച്ചാവിഷയം. കണ്ടത് പൂച്ചയെയാണെന്നും അല്ല കടുവയോ പുലിയോ ആകാമെന്നുമൊക്കെയായിരുന്നു നെറ്റിസണ്‍സിന്‍റെ അഭിപ്രായം. എന്നാല്‍ അജ്ഞാത ജീവിയുടെ കാര്യത്തില്‍ വ്യക്തത വരുത്തിയിരിക്കുകയാണ് ഡല്‍ഹി പൊലീസ്. എക്സിലൂടെയായിരുന്നു പൊലീസിന്‍റെ വിശദീകരണം.
രാഷ്ട്രപതി ഭവനില്‍ കണ്ടത് പുലിയല്ല, പകരം സാധാരണ വീടുകളില്‍ കാണുന്ന പൂച്ചയാണെന്നും ഡല്‍ഹി പൊലീസ് വ്യക്തമാക്കി. മധ്യപ്രദേശില്‍ നിന്നുള്ള എംപി ദുര്‍ഗാദാസ് സത്യപ്രതിജ്ഞ ചെയ്ത് രേഖകളില്‍ ഒപ്പിടുന്ന സമയത്താണ് പിറകിലൂടെ അജ്ഞാത ജീവി മിന്നിമാഞ്ഞത്.ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്താണെന്ന് പ്രചാരണമുണ്ടായെങ്കിലും ദൂരദര്‍ശന്റെ തത്സമയ സംപ്രേഷണത്തിലും ജീവി നടന്നു നീങ്ങുന്നുണ്ടെന്ന് പിന്നീട് വ്യക്തമായി.
വീഡിയോയിൽ കാണുന്ന മൃഗം പുള്ളിപ്പുലിയാണെന്ന് ആരോപിക്കുകയും സുരക്ഷാ വീഴ്ച ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ സമുച്ചയങ്ങളിലൊന്നായ രാഷ്ട്രപതി ഭവന്‍റെ മുന്നില്‍ മൃഗത്തെ കണ്ടതും അഭ്യൂഹങ്ങള്‍ക്ക് കാരണമായി. കഴിഞ്ഞ ദിവസം രാഷ്ട്രപതി ഭവനിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിന്‍റെ തത്സമയ സംപ്രേക്ഷണത്തിനിടെ പകർത്തിയ ചിത്രം വന്യമൃഗമാണെന്ന് പറഞ്ഞ് ചില മാധ്യമ ചാനലുകളും സോഷ്യൽ മീഡിയ ഹാൻഡിലുകളും കാണിക്കുന്നുണ്ട്. ഈ വസ്തുതകൾ ശരിയല്ല, ക്യാമറയിൽ പതിഞ്ഞ മൃഗം ഒരു സാധാരണ വീട്ടുപൂച്ചയാണ്, ദയവായി ഇത്തരം കിംവദന്തികൾ പ്രോത്സാഹിപ്പിക്കരുത് എന്നാണ് പൊലീസ് പറഞ്ഞത്.