Image Credit: Facebook

അത്യാഡംബര വിവാഹത്തിന് ശേഷവും അംബാനി കല്യാണത്തിന്‍റെ ആഘോഷ പരിപാടികള്‍ തുടരുന്നു. മുംബൈയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വിരുന്നിന്‍റെ ഭാഗമായേക്കും. നാളെ സെലിബ്രിറ്റികള്‍ക്ക് ഒരുക്കുന്ന സല്‍ക്കാരത്തോടെ ആകും ആഘോഷങ്ങളുടെ സമാപനം.

കല്യാണത്തിന്‍റെ ആരവങ്ങള്‍ കഴിഞ്ഞില്ലേ എന്ന് ചോദിക്കരുത്. കല്യാണം മാത്രമേ ഇന്നലെ കഴിഞ്ഞുള്ളൂ. വിരുന്നും പരിപാടികളും തുടരും. ഇന്ന് ശുഭ് ആശിര്‍വാദ് ദിനമാണ്. സംസ്ഥാന മുഖ്യമന്ത്രിമാര്‍ ഉള്‍പ്പെടെ രാഷ്ട്രീയ പ്രമുഖര്‍ക്കാണ് ക്ഷണമുള്ളത്. ഐ.എന്‍.എസ് ടവറിന്‍റെ ഉദ്ഘാടനം ഉള്‍പ്പെടെ വിവിധ പരിപാടികള്‍ക്ക് വൈകിട്ട് മുംബൈയില്‍ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി അത്താഴവിരുന്നിന്‍റെ ഭാഗമായേക്കും.

നാളെ മംഗല്‍ ഉത്സവ് ആണ്. ബോളിവുഡ് സെലിബ്രിറ്റികള്‍ക്കും സൂപ്പര്‍ താരങ്ങള്‍ക്കുമാണ് വിരുന്നിന് ക്ഷണം. മുകേഷ് അംബാനിയുടെ വസതിയായ ആന്‍റിലിയയിലും ജിയോ വേള്‍ഡ് കണ്‍വെന്‍ഷന്‍ സെന്‍ററിലുമാണ് പരിപാടികള്‍. തിങ്കളാഴ്ച റിലയന്‍സ് ജീവനക്കാരെ പങ്കെടുപ്പിച്ചുള്ള വിരുന്ന്. മുംബൈ ബികെസിയിലെ ഗതാഗത നിയന്ത്രണം തിങ്കള്‍ വരെ തുടരും. അനന്ത് അംബാനിയുടെയും രാധിക മെര്‍ച്ചന്‍റിന്‍റെയും വിവാഹ ചടങ്ങിന്‍റെ ആഘോഷങ്ങള്‍ ഇന്ന് പുലര്‍ച്ചെ വരെ നീണ്ടിരുന്നു.

ENGLISH SUMMARY:

When will Anant-Radkika's wedding end?