അംബാനി വിവാഹത്തിന്‍റെ വര്‍ഷം നീണ്ട ആഘോഷ ചടങ്ങുകളാണ് കഴിഞ്ഞ ദിവസം അവസാനിച്ചത്. അനന്ത് അംബാനിയുടെയും രാധിക മെര്‍ച്ചന്‍റിന്‍റെയും വിവാഹത്തിന്‍റെ ഭാഗമായി, ജാംനഗറിലെ പ്രീവെഡിങ് ചടങ്ങിലും ആഡംബര കപ്പലിലെ ചടങ്ങിലും മുംബൈയില്‍ നടന്ന വിവാഹാഘോഷത്തിലുമായി നിരവധി വിഐപികളാണ് പങ്കെടുത്തത്. പ്രധാനമന്ത്രി നരേന്ദ്രമോദി, യുകെ മുന്‍ പ്രധാനമന്ത്രി ടോണി ബ്ലെയര്‍, ബോറിസ് ജോണ്‍സണ്‍, കിം കര്‍ദാഷിയാന്‍, ഹാര്‍ദിക് പാണ്ഡ്യ, ജസ്പ്രിത് ബുംറ, രോഹിത് ശര്‍മ, അഖിലേഷ് യാദവ്, സുധാ മൂര്‍ത്തി അടക്കം വിവിധ തലങ്ങളിലെ പ്രമുഖര്‍ പങ്കെടുത്തു.
ക്ഷണമുണ്ടായിരുന്നിട്ടും കോണ്‍ഗ്രസില്‍ നിന്ന് പ്രമുഖ നേതാക്കള്‍ ചടങ്ങിനെത്തിയിരുന്നില്ല. സോണിയെ ഗാന്ധിയെ ദില്ലിയിലെ 10 ജൻപഥിൽ എത്തി മുകേഷ് അംബാനി നേരിട്ട് ക്ഷണിച്ചിരുന്നു. വിവാഹ ദിവസം രാഹുല്‍ ഗാന്ധി ഡല്‍ഹിയിലെ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ വിഡിയോ വൈറലായിരുന്നു. കോണ്‍ഗ്രസ് നേതാക്കളെ കൂടാതെ സിനിമ, കായിക, ബിസിനസ് രംഗത്ത് നിന്ന് നിരവധി മുംബൈയിലെ വിവാഹ ചടങ്ങിന് എത്തിയില്ല.
അംബാനി വിവാഹത്തിന്‍റെ ഭാഗമായുള്ള ചടങ്ങുകളിലൊന്നും കാണാത്ത പ്രമുഖ മുഖങ്ങളാണ് വിരാട് കോലിയും അനുഷ്ക ശര്‍മയും. ലോകകപ്പ് കിരീട നേട്ടത്തിന് പിന്നാലെ അനുഷ്കയ്ക്കും മക്കള്‍ക്കുമൊപ്പം യുകെ ടൂറിലാണ് കോലി. മുംബൈയിലെ വിവാഹ ചടങ്ങിലെ അസാന്നിധ്യമായിരുന്നു കരീന കപൂറും സെയ്ഫ് അലി ഖാനും. അതേസമയം ഇരുവരും ജാംഗനറില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്തിരുന്നു. മുംബൈയിലെ ചടങ്ങിലെ മറ്റൊരു അസാന്നിധ്യമായ ആമിര്‍ ഖാന്‍ ജാംനഗറില്‍ ഷാരൂഖ് ഖാനും സല്‍മാന്‍ ഖാനുമൊന്നിച്ച് ആഘോഷത്തിന്‍റെ ഭാഗമായിരുന്നു.
ബിസിനസ് രംഗത്ത് നിന്ന് സെറൊദ സിഇഒ നിതിന്‍ കാമത്തിനെ അംബാനി വിവാഹത്തിന്‍റെ ഒരു വേദിയിലും കാണാനുണ്ടായിരുന്നില്ല. അതേസമയം ഇളയ സഹോദരന്‍ നിതിന്‍ കാമത്ത് ജാംനഗറിലെ ചടങ്ങുകളില്‍ പങ്കെടുത്തിരുന്നു. യുവ ബിസിനസുകാരും സ്റ്റാര്‍ട്ടപ്പ് സ്ഥാപകരുമായ സൊമാറ്റോയുടെ ദീപിന്ദര്‍ ഗോയല്‍, ശാദി.കോം സ്ഥാപകന്‍ അനുപം മിത്തല്‍, ലെന്‍സ്കാര്‍ട്ട് സ്ഥാപകന്‍ പീയുഷ് ബന്‍സാല്‍ എന്നിവരും ചടങ്ങുകളിലുണ്ടായിരുന്നില്ല.
കോണ്‍ഗ്രസ് നേതാക്കളുടെ അസാന്നിധ്യം ശ്രദ്ധേയമായപ്പോള്‍ ഇന്ത്യ സഖ്യത്തിലെ വിവിധ കക്ഷി നേതാക്കള്‍ ചടങ്ങുകളില്‍ സജീവമായിരുന്നു. മമത ബാനർജി, അഖിലേഷ് യാദവ്, ലാലുപ്രസാദ് യാദവ്, ശരദ് പവാർ, ഉദ്ധവ് താക്കറെ തുടങ്ങി ഇന്ത്യ സഖ്യത്തിലെ പല നേതാക്കളും വിവാഹത്തിൽ പങ്കെടുത്തിരുന്നു.