അങ്കോലയില്‍ മണ്ണിടിഞ്ഞുവീണ ഭാഗം നീക്കം ചെയ്യുന്ന ജോലി പുരോഗമിക്കുകയാണ്, നേവി, എന്‍ഡിആര്‍ഫ്,എസ്‌ഡിആര്‍എഫ്, പൊലീസ്, അഗ്നിശമനസേന അങ്ങനെ എല്ലാ രക്ഷാസേനകളും ഒന്നിച്ച് നീങ്ങുകയാണ്. അതേസമയം രക്ഷാപ്രവര്‍ത്തനത്തിനൊപ്പം നില്‍ക്കാന്‍ പ്രകൃതി തയ്യാറല്ലെന്ന് വ്യക്തമാകുംവിധമാണ് അങ്കോലയിലെ സാഹചര്യം. ഇരുണ്ടുമൂടി, വെളിച്ചം കുറയുകയും ഇടക്കിടെ മഴ പെയ്യുകയും ചെയ്യുന്നത് രക്ഷാപ്രവര്‍ത്തനത്തെ അതീവദുഷ്കരമാക്കുന്നുണ്ട്.
റഡാര്‍ അടക്കം എത്തിക്കുമെന്ന് പറഞ്ഞെങ്കിലും പ്രകൃതി കനിഞ്ഞില്ലെങ്കില്‍ പ്രതികൂലാവസ്ഥയാകും സംഭവിക്കുക. മണ്ണിടിഞ്ഞ ഭാഗത്ത് പശമയുള്ള മണ്ണാണ്, പെട്ടെന്ന് ഇടിഞ്ഞുവീഴാനുള്ള സാഹചര്യമുണ്ട്, ഇന്നലെ ഉച്ചയ്ക്കടക്കം പലപ്പോഴും രക്ഷാപ്രവര്‍ത്തനം നിര്‍ത്തേണ്ടിവന്നത് മണ്ണിടിച്ചില്‍ ഭീഷണിയെയും കനത്ത മഴയെയും തുടര്‍ന്നാണ്. പ്രകൃതിക്കനുസരിച്ച് കാര്യങ്ങള്‍ നീക്കിയില്ലെങ്കില്‍ മറ്റൊരു അപകടം കൂടി ഉണ്ടായേക്കുമെന്നാണ് വിദഗ്ധരും പറയുന്നത്. ഇന്നലത്തേതിനു സമാനമായി രീതിയില്‍ ഇന്നും മഴ തുടരുകയാണെന്നതാണ് രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയാകുന്നത്.
ചൊവ്വാഴ്ചയാണ് അങ്കോലയില്‍ മണ്ണടിച്ചിലുണ്ടായത്. സാധാരണ രീതിയിലുള്ള ഒരു ട്രിപ്പിനായി പോയതാണ് പക്ഷേ അന്ന് പ്രകൃതി വില്ലനായി. കര്‍ണാടക യാത്രയില്‍ എല്ലാ തവണയും അര്‍ജുന്‍ നിര്‍ത്തിയിടാറുള്ള ഭാഗമാണിത്. ആ ചായക്കടയില്‍ നിന്നാണ് അര്‍ജുന്‍ ഭക്ഷണം കഴിക്കുന്നത്. അടുത്തുതന്നെ പുഴയുള്ളതുകൊണ്ട് കുളിക്കാനും സൗകര്യമാണ്. എല്ലാ യാത്രയിലും തനിക്ക് പ്രിയപ്പെട്ട സ്ഥലം തന്നെയാണ് അര്‍ജുന് വില്ലനായതെന്നാണ് യാഥാര്‍ഥ്യം. രക്ഷാപ്രവര്‍ത്തനം അഞ്ചാം ദിവസമാണെങ്കിലും അര്‍ജുനായുള്ള തിരച്ചില്‍ ഇന്നാണ് നടത്തുന്നത്. അര്‍ജുന്റെ തിരിച്ചുവരവിനായുള്ള പ്രാര്‍ഥനയിലാണ് കേരളം. ജിപിഎസും ഫോണ്‍ റിങ് ചെയ്തതതുമാണ് കുടുംബത്തിന്റെ ഉള്‍പ്പെടെയുള്ള പ്രതീക്ഷ.
ഇതുവരെ പത്തോളം പേരുടെ മൃതദേഹം കണ്ടത്തി. അര്‍ജുനുള്‍പ്പെടെ രണ്ടുപേര്‍ക്കായുള്ള തിരച്ചിലാണ് ഇന്ന് നടത്തുന്നത്. ഏറെ ദുഷ്ക്കരമായ പ്രവൃത്തിയാണ് ഇന്ന് നടത്താനുള്ളത്. 200 മീറ്റര്‍ ഭാഗത്താണ് മണ്ണിടിഞ്ഞുവീണതെങ്കിലും ഒരു ഭാഗത്തുനിന്നും മറ്റൊരു ഭാഗത്തെത്താന്‍ 45കിലോമീറ്ററോളമുണ്ട് എന്നതാണ് രക്ഷാപ്രവര്‍ത്തനത്തെ ദുഷ്‌കരമാക്കുന്നത്. മണ്ണിടിച്ചില്‍ഭീഷണി കൂടുതലുള്ള ഭാഗമാണിത്, മെറ്റല്‍ ഡിറ്റക്ടറടക്കം ഉപയോഗിച്ച് പരിശോധിച്ചപ്പോള്‍ ട്രക്ക് കണ്ടെത്താനായിരുന്നില്ല, ബംഗളൂരുവില്‍ നിന്നുള്ള റഡാറടക്കം എത്തിച്ച് ഇന്ന് പരിശോധന നടത്തും. ഇന്നലെ നദിക്കടിയില്‍ നടത്തിയ പരിശോധനയില്‍ അര്‍ജുന്റെ ട്രക്ക് കണ്ടെത്തിയിരുന്നില്ല. അതിനാല്‍ തന്നെ മണ്ണിനടിയില‍്‍ തന്നെയാണ് അര്‍ജുനും ട്രക്കും എന്നുതന്നെയാണ് കരുതേണ്ടത്. രക്ഷാപ്രവര്‍ത്തനത്തിന് കാലാവസ്ഥയും അനുകൂലമാകുമെന്ന് പ്രതീക്ഷിക്കാം.