Image Credit: Instagram

TOPICS COVERED

പാഴ്സല്‍ വാങ്ങിയ ഊണില്‍ അച്ചാറില്ലെന്ന് ആരോപിച്ച് ഉപഭോക്താവ് നല്‍കിയ പരാതിയില്‍ വലിയ തുക നഷ്ടപരിഹാരം പ്രഖ്യാപിച്ച് കോടതി. തമിഴ്‌നാട്ടിലാണ് സംഭവം വില്ലുപുരം ജില്ലയിലെ വാലുദറെഡ്ഡിയിലെ ആരോഗ്യസ്വാമി എന്ന ഉപഭോക്താവിന്റെ പരാതിയിലാണ് നടപടി. 35000 രൂപയാണ് ആരോഗ്യസ്വാമി  നഷ്ടപരിഹാരത്തുകയായി കോടതി പ്രഖ്യാപിച്ചത്. ഇതോടെ 80 രൂപയുടെ 25 ഊണിന് ഹോട്ടലുടമ നല്‍കേണ്ടിവന്നത് 35,000 രൂപയാണ്. 

ബന്ധുവിന്റെ ചരമവാർഷിക ദിനത്തോടനുബന്ധിച്ച് വയോജന മന്ദിരത്തിലേക്ക് നൽകാനാണ് ആരോഗ്യസ്വാമി  രണ്ടുവര്‍ഷം മുന്‍പ് 25 ഊണുകള്‍ വാങ്ങിയത്. 2022 നവംബറിലായിരുന്നു സംഭവം. വില്ലുപുരത്തെ ബാലമുരുകൻ ഹോട്ടലില്‍ നിന്നുമാണ് ആരോഗ്യസ്വാമി പൊതിച്ചോര്‍ വാങ്ങിയത്. ഓര്‍ഡര്‍ കൊടുക്കുന്നതിന് മുന്‍പേ തന്നെ പൊതിച്ചോറിന്‍റെ വിലയും എത്ര തരം വിഭവങ്ങളുണ്ടാകുമെന്നും ആരോഗ്യസ്വാമി ഹോട്ടല്‍ ഉടമയോട് ചോദിച്ചറിഞ്ഞിരുന്നു. ഊണിന് 70 രൂപയും പാഴ്‌സലിന് 80 രൂപയുമാണെന്നും പാഴ്സലില്‍ 11 ഇനം വിഭവങ്ങള്‍ ഉണ്ടാകുമെന്നും ഹോട്ടല്‍ ഉടമ അറിയിച്ചു.

ഇതുപ്രകാരം 25 പൊതിച്ചോര്‍ ആരോഗ്യസ്വാമി അടുത്ത ദിവസത്തേയ്ക്ക് ഓര്‍ഡര്‍ ചെയ്തു. 80 രൂപ നിരക്കില്‍ 25 ഊണിന് 2000 രൂപയും ഹോട്ടല്‍ ഉടമയ്ക്ക് നല്‍കി. അടുത്ത ദിവസം പൊതിച്ചോര്‍ വാങ്ങാനെത്തിയ ആരോഗ്യസ്വാമി ഹോട്ടല്‍ ഉടമയോട് ബില്ല് ആവശ്യപ്പെട്ടെങ്കിലും ഒരു കടലാസില്‍ എഴുതിയാണ് ബില്ല് നല്‍കിയത്. 25 ഊണും വാങ്ങി വയോജന മന്ദിരത്തിലെത്തി ഭക്ഷണം വിതരണം ചെയ്തപ്പോഴാണ് പൊതിച്ചോറില്‍ അച്ചാറില്ലെന്ന കാര്യം ആരോഗ്യസ്വാമിയുടെ ശ്രദ്ധയില്‍പ്പെട്ടത്. 

ഉടന്‍ തന്നെ ആരോഗ്യസ്വാമി ഹോട്ടലില്‍ എത്തി  കാര്യം അന്വേഷിച്ചു. പൊതിച്ചോറില്‍ നിന്നും അച്ചാര്‍ ഒഴിവാക്കിയെന്നായിരുന്നു ഹോട്ടലുടമയുടെ പ്രതികരണം. ഒരു രൂപ വിലയുളള അച്ചാര്‍ പാക്കറ്റ് പോലും പൊതിച്ചോറില്‍ വച്ചില്ലെന്നും ഇതുപ്രകാരം 25 ഊണില്‍ നിന്നും 25 രൂപ തനിക്ക് തിരികെ നല്‍കണമെന്നും ആരോഗ്യ സ്വാമി ആവശ്യപ്പെട്ടു. ഇത് ഹോട്ടലുടമ സമ്മതിച്ചില്ലെന്ന് മാത്രമല്ല ഇരുവരും തമ്മില്‍ വാക്കുതർക്കവുമുണ്ടായി. തുടര്‍ന്നാണ് ആരോഗ്യസ്വാമി വില്ലുപുരം ജില്ലാ ഉപഭോക്തൃ പരാതി സമിതിക്ക് പരാതി നൽകിയത്. പരാതി നിരീക്ഷിച്ച കോടതി 35000 രൂപ ആരോഗ്യസ്വാമിക്ക് നഷ്ടപരിഹാരത്തുകയായി പ്രഖ്യാപിക്കുകയുമായിരുന്നു. 

ENGLISH SUMMARY:

Consumer court fines restaurant of Rs 35k for not providing pickle to meal