ഓഫീസിനകത്ത് പതിയിരുന്ന പാമ്പിനെ അനായാസം പിടികൂടി യുവതി. ഛത്തീസ്ഗഡിലെ ബിലാസ്പൂരിലാണ് സംഭവം. ഒരായുധത്തിന്‍റെയും സഹായമില്ലാതെ വെറും കൈകൊണ്ട് പാമ്പിനെ പിടിക്കുന്ന യുവതിയുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. അജിത പാണ്ഡെ എന്ന യുവതിയാണ് പാമ്പിനെ നിഷ്പ്രയാസം കീഴ്പ്പെടുത്തിയത്. പാമ്പ് പിടിത്തത്തിൽ പരിശീലനം ലഭിച്ച വ്യക്തി കൂടിയാണ് അജിത. വിഡിയോ വൈറലായതോടെ അജിതയുടെ ധൈര്യത്തിന് കൈയ്യടിക്കുകയാണ് സോഷ്യല്‍ ലോകം.
ഓഫീസിലെ ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം പാമ്പ് പതിയിരിക്കുന്ന സ്ഥലത്തേയ്ക്ക് നടന്നടുക്കുന്ന അജിതയെയാണ് വിഡിയോയില്‍ ആദ്യം കാണുന്നത്. കമ്പ്യൂട്ടറിന് പിന്നിലെ വയറുകളില്‍ ഒന്ന് വലിച്ചെടുക്കുന്നത് പോലെ വളരെ അനായാസമായി പാമ്പിനെ കയ്യോടെ പിടികൂടുകയാണ് അജിത. ശേഷം പാമ്പിനെ പിടിക്കേണ്ടതെങ്ങനെയെന്നും അതിനായി എന്തെല്ലാം ശ്രദ്ധിക്കണമെന്നും തനിക്ക് ചുറ്റും നില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് അജിത നിര്‍ദേശം നല്‍കുന്നതും വിഡിയോയില്‍ കാണാം. പാമ്പിനെ ഒരു കവറിലേയ്ക്ക് സുരക്ഷിതമായി മാറ്റിയ ശേഷം ചിരിച്ചുകൊണ്ട് നടന്നുപോകുന്ന അജിതയെ കാണിച്ചുകൊണ്ടാണ് വിഡിയോ അവസാനിക്കുന്നത്.
അതേസമയം, ഓഫിസില്‍ നിന്നും ലഭിച്ചത് വിഷമില്ലാത്ത പാമ്പിനെയാണെന്നും എലിയെ തിന്നാനായി എത്തിയതാകാമെന്നും അജിത പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. നിരവധി ആളുകളാണ് അജിതയെ പിന്തുണച്ചും പുകഴ്ത്തിയും രംഗത്തെത്തുന്നത്. എന്നാല്‍ പാമ്പ് പിടുത്തത്തില്‍ സ്വയസുരക്ഷയ്ക്ക് പ്രാധാന്യം നല്‍കണമെന്നും നിസാരമായി ഒന്നിനെയും കാണരുതെന്നുമുളള വിമര്‍ശനങ്ങളും അജിതയ്ക്ക് നേരെ ഉയരുന്നുണ്ട്.