ഗുജറാത്തിലെ തെരുവുകളിലൂടെ സിംഹങ്ങള്‍ നടക്കുന്നത് ഒരു പുതിയ കാര്യമല്ല. ഹൈവേകളിലൂടെയും ഗ്രാമീണ തെരുവുകളിലൂടെയും വയലുകളിലൂടെയും കാടെന്ന പോലെ സിംഹങ്ങള്‍ നടക്കുകയും അവര്‍ക്കിടയില്‍ ഭയക്കാതെ നില്‍ക്കുന്ന മനുഷ്യരുമുള്ള വിഡിയോ പലപ്പോഴും വൈറലാവാറുണ്ട്.
അത്തരമൊരു വിഡിയോ വീണ്ടും പുറത്തുവന്നിരിക്കുകയാണ്. ഗിര്‍ നാഷണല്‍ പാര്‍ക്കില്‍ നിന്നും 70 കിലോമീറ്റര്‍ അകലെയുള്ള അംറേലിയിലെ ഒരു പശുത്തൊഴുത്തിന് സമീപത്തേക്ക് രാത്രിയില്‍ വന്നത് രണ്ട് സിംഹങ്ങളാണ്. ഗേറ്റിന് പുറത്ത് സിംഹത്തിന്‍റെ സാമിപ്യം തിരിച്ചറിഞ്ഞ് രണ്ട് നായ്ക്കളും അവിടേക്ക് വന്നു. ഗേറ്റിന് ഇരുവശത്തും നിന്നുകൊണ്ട് സിംഹങ്ങളും നായ്ക്കളും ഗര്‍ജിക്കുകയും കുരക്കുകയും ചെയ്യുന്നതും വിഡിയോയില്‍ കാണാം. കൂട്ടത്തിലൊരു സിംഹം ഇടക്ക് ഗേറ്റിലേക്ക് തുടര്‍ച്ചയായി അടിക്കുകയും അടിയുടെ ശക്തിയില്‍ ഗേറ്റ് തുറന്നുപോവുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ഗേറ്റിനുള്ളിലേക്ക് കയറാതെ സിംഹങ്ങള്‍ അവിടെ നിന്നും പോകുന്നതാണ് പിന്നീട് കണ്ടത്. ഇതിനുപിന്നാലെ ഗൃഹനാഥന്‍ ടോര്‍ച്ചടിച്ച് ഗേറ്റിന് സമീപത്തേക്ക് വന്നു. തുറന്നുകിടന്ന ഗേറ്റ് ഇയാള്‍ അടച്ച് കുറ്റി ഇട്ടതിന് ശേഷം സമീപത്തുള്ള ചെറിയ ഗേറ്റ് വഴി പുറത്തിറങ്ങുകയും ചെയ്തിരുന്നു. സമീപത്തേക്ക് ടോര്‍ച്ച് അടിച്ച് പരിശോധിച്ചതിന് ശേഷമാണ് ഇയാള്‍ ഉള്ളിലേക്ക് കയറിപ്പോയത്.