TOPICS COVERED

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് എഴുപത്തിനാലാം ജന്മദിനം. ബിജെപി വിപുലമായ പരിപാടികളോടെയാണ് പിറന്നാള്‍ ആഘോഷിക്കുന്നത്. ഏറ്റവും കൂടുതല്‍കാലം ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്റുവിന്റെ റെക്കോര്‍ഡ് മറികടക്കാനും അദ്ദേഹത്തിന് അവസരമുണ്ടാകുമോയെന്ന,  ചോദ്യം ഉയരുന്ന ജന്മദിനം കൂടിയാണിത്.   എഴുപത്തഞ്ച് പിന്നിട്ടവരെ മാര്‍ഗനിര്‍ദ്ദേശക് മണ്ഡലിലേക്ക് മാറ്റുന്നതാണ് ബി.ജെ.പിയുടെ സമീപകാല ചരിത്രം. ഇനിയുള്ള മാസങ്ങളില്‍ അക്കാര്യത്തില്‍ വ്യക്തതവരും. 

എല്‍.കെ. അഡ്വാനി, മുരളി മനോഹര്‍ ജോഷി തുടങ്ങിയ നേതാക്കള്‍ക്ക് എഴുപത്തിയഞ്ചാം വയസില്‍ വിരമിക്കല്‍ വിധിച്ച ബിജെപി നരേന്ദ്രമോദിയോടും ഇതാവശ്യപ്പെടുമോ? ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഗതി തന്നെ മാറ്റിയതാണ് അരവിന്ദ് കേജ്രിവാളിന്‍റെ ഈ ചോദ്യം.  ഒട്ടും വൈകാതെ അമിത് ഷായുടെ മറുപടി വന്നു , 'മോദിയുടെ വിരമിക്കല്‍ ആരും സ്വപ്നം കാണേണ്ട'. 

ഈശ്വരന്‍ നേരിട്ട് ഭൂമിയിലേക്ക് അയച്ചുവെന്ന് തിരഞ്ഞെടുപ്പുകാലത്ത് സ്വയം അവകാശപ്പെട്ടങ്കിലും 1950 സെപ്റ്റംബർ 17 ന് ഗുജറാത്തിലെ മെഹ്സാന ഗ്രാത്തില്‍  ദാമോദർദാസ് മുൾചന്ദ് മോദിയുടെയും ഹീരാബെന്നിന്റെയും ആറുമക്കളില്‍ മൂന്നാമനായാണ്  നരേന്ദ്ര ദാമോദര്‍ദാസ് മോദിയുടെ ജനനം. 

ദരിദ്ര പശ്ചാത്തലത്തിലെ ബാല്യം. ആര്‍എസ്എസ് പ്രചാരകനായുള്ള യൗവനം.  വിശ്വസിക്കുന്ന പ്രത്യയശാസ്ത്രത്തിന്‍റെ പ്രചാരണത്തില്‍ വിട്ടുവീഴ്ചയില്ലാത്ത പ്രവര്‍ത്തനം. അങ്ങനെ പടിപടിയായി ഉയരത്തിലേക്ക്. സംഘടനയിലും പുറത്തും വിമര്‍ശനങ്ങളും അക്ഷേപങ്ങളും ഊര്‍ജമാക്കി അധികാരസ്ഥാനങ്ങളിലേക്ക്

2001 ല്‍ ഗുജറാത്ത് മുഖ്യമന്ത്രി. പിന്നെ അധികാരക്കസേരയില്‍ നിന്ന് ഇറങ്ങേണ്ടി വന്നിട്ടേയില്ല. ഗുജറാത്തില്‍ നിന്ന് ഡല്‍ഹിയിലേക്ക് അധികാരത്തുടര്‍ച്ച. ഗുജറാത്ത്  കലാപകാലത്തെ ന്യൂനപക്ഷ വിരോധിയെന്ന വിമര്‍ശനമുയര്‍ന്നു. ഡല്‍ഹിയിലെ പത്തുവര്‍ഷത്തിനിടെ  മുത്തലാഖ് നിരോധനം,  മണിപ്പൂര്‍ കലാപത്തിലെ നിശബ്ദത, ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയില്‍, പൗരത്വ നിയമം, തുടങ്ങിയ നടപടികളിലൂടെ ആ വിമര്‍ശനം കണക്കാക്കുന്നില്ലെന്ന് തെളിയിച്ചു. 

രണ്ടു തവണ വ്യക്തമായ ഭൂരിപക്ഷത്തോടെ ഇന്ത്യയിലെ ജനം രാജ്യഭരണം അദ്ദേഹത്തിന്‍റെ കൈകളിലേല്‍പ്പിച്ചു. മോദിയുടെ വാക്കുകളില്‍ പറഞ്ഞാല്‍ മാധ്യമങ്ങളും സ്വതന്ത്രചിന്തകരുമുയര്‍ത്തിയ വിമര്‍ശനങ്ങള്‍ അദ്ദേഹത്തിന് അനുഗ്രഹമായി. ഭരണപരിഷ്ക്കാരങ്ങള്‍ സമ്പന്നര്‍ക്ക് മാത്രം ഗുണം ചെയ്തുവെന്ന് പ്രതിപക്ഷം പറയുമ്പോള്‍  ഉജ്വല മുതല്‍ ആയുഷ്മാന്‍ ഭാരത് വരെ ജനക്ഷേമ പദ്ധതികളുടെയും രാജ്യത്തിന്റെ വളര്‍ച്ചയുടെയും പട്ടിക നിരത്തും പ്രധാനമന്ത്രി. 

അധികാരത്തിന്റെ മൂന്നാമൂഴത്തില്‍  പക്ഷേ കാര്യങ്ങള്‍ അത്രഎളുപ്പമല്ല, സര്‍ക്കാര്‍ മുന്നോട്ടുപോകാന്‍ സഖ്യകക്ഷിളെ ആശ്രയിക്കേണ്ടിവരുന്നു. തീരുമാനങ്ങളില്‍ കൂടിയാലോചനകള്‍ നിരവധി വേണ്ടി വരുന്നു. മോദി ശൈലിയില്‍ മാറ്റങ്ങള്‍ വന്നു തുടങ്ങി. 

ഈശ്വരന്‍ തരുന്നതെന്ന് പറയുന്ന ഊര്‍ജവുമായി പ്രധാനമന്ത്രിക്കസേരയില്‍ അടുത്ത അ‍ഞ്ചുവര്‍ഷം കൂടി നരേന്ദ്രമോദി തുടരുമോ?  നെഹ്റുവിന്റെ റെക്കോര്‍ഡ് മറികടന്നു മുന്നേറുമോ ? നിതീഷ്–നായിഡു സഖ്യംമാത്രമല്ല അതിനുള്ള ഉത്തരം നല്‍കേണ്ടത്, ബി.ജെ.പി–ആര്‍.എസ്.എസ് നേതൃത്വംകൂടിയാണ്. പ്രധാനമന്ത്രിക്ക് ജന്മദിനാശംസകള്‍.

ENGLISH SUMMARY:

Narendra Modi 75th Birthday Special Article