ഭക്ഷണത്തിലൂടെ മനസ്സ് കീഴടക്കുക എന്നത് ഒരു തന്ത്രമാണെന്ന് പറയാം. അങ്ങനെയെങ്കില്‍ ആ തന്ത്രം ഏറ്റവുമധികം പയറ്റുന്ന രാഷ്ട്രീയക്കാരന്‍ രാഹുല്‍ ഗാന്ധിയായിരിക്കും. യാതൊരു വേര്‍തിരിവുമില്ലാതെ, വലിപ്പച്ചെറുപ്പമില്ലാതെ, ഏത് അടുക്കളയിലും കയറാനും കഴിക്കാനും അദ്ദേഹം മടി കാണിക്കാറില്ല. അത്തരത്തിലൊരു വിഡിയോ സൈബറിടത്ത് ചര്‍ച്ചയാകുകയാണ്.
ഇത്തവണ മഹാരാഷ്ട്രയിലെ അടുക്കളയിലാണ് രാഹുലെത്തിയത്. ഭക്ഷണരീതികളും അതിന് സാമൂഹികമായും രാഷ്ട്രീയമായുമുള്ള പ്രാധാന്യവും തിരിച്ചറിയാനാണ് തന്‍റെ ശ്രമം എന്ന് അദ്ദേഹം പറയുന്നു. മഹാരാഷ്ട്രയിലെ കോലാപുരിലെ ഒരു വീട്ടിലാണ് രാഹുല്‍ ഇത്തവണ ഭക്ഷണം പരീക്ഷിക്കാനെത്തിയത്. ഉഞ്ചാവോന്‍ ഗ്രാമത്തിലെ കര്‍ഷകനായ അജയ് തുക്കാറാം സനാദിന്‍റെ വീടായിരുന്നു ഇത്.
ഭക്ഷണം കഴിച്ച് തിരിച്ചുപോരുക മാത്രമല്ല, ഭക്ഷണമുണ്ടാക്കാനും രാഹുല്‍ സഹായിക്കുന്നുണ്ട്. ‘ദളിത് കിച്ചണ്‍സ് ഓഫ് മറാത്‌വാല’ എന്ന പുസ്തകം എഴുതിയ ഷാഹു പട്ടോലെയും രാഹുലിനൊപ്പമുണ്ടായിരുന്നു. അദ്ദേഹത്തിന്‍റെ ഒരു വാക്കാണ് രാഹുലിനെ ഇവിടെ എത്തിച്ചതു തന്നെ. ‘ഞങ്ങളുടെ ഭക്ഷണരീതി എന്താണെന്ന് ആര്‍ക്കും അറിയില്ല’ എന്ന് പട്ടോലെ രാഹുലിനോട് പറഞ്ഞു.
‘നിങ്ങളുടെ ഭക്ഷണരീതി എന്താണെന്ന് ആര്‍ക്കും അറിയില്ല എന്നല്ലേ എന്നോട് പറഞ്ഞത്. അതെന്താണെന്ന് അറിയാന്‍ വേണ്ടിയാണ് ഞാനിന്ന് ഇവിടെ വന്നിരിക്കുന്നത്’ എന്നതായിരുന്നു അതിന് രാഹുല്‍ നല്‍കിയ മറുപടി. ‘ഞാന്‍ അധികം എരിവ് കഴിക്കാറില്ല’ എന്ന് രാഹുല്‍ വിഡിയോയില്‍ പറയുന്നുണ്ട്.
ദളിതര്‍ നേരിടുന്ന വിവേചനങ്ങളെക്കുറിച്ചും വിഡിയോയില്‍ പരാമര്‍ശമുണ്ട്. ഞങ്ങളുടെ വീട്ടില്‍ നിന്ന് ഒരു ഗ്ലാസ് വെള്ളം പോലും ഉയര്‍ന്ന ജാതിയില്‍പെട്ടവര്‍ വാങ്ങി കുടിക്കാറില്ല എന്ന് പട്ടോലെ പറയുന്നു. അവര്‍ക്ക് ഞാനിപ്പോഴുള്ള സ്ഥാനത്തെക്കുറിച്ചോര്‍ത്ത് ബഹുമാനമുണ്ട്, എന്നാല്‍ എന്‍റെ ജാതിയോട് അതില്ല. ജാതിവാലും മുഴുവന്‍ പേരും പോലും ആളുകള്‍ മറച്ചുവയ്ക്കാനുള്ള കാരണവും ഈ വിവേചനത്തെയോര്‍ത്താണ്. ഇങ്ങനെ സംസാരം നീളുന്നതിനിടെ രാഹുലും പട്ടോലെയും ചേര്‍ന്ന് ഹര്‍ഭര്‍യാഞ്ചി ഭാജിയും (കടലകൊണ്ടുണ്ടാക്കുന്ന ഒരു വിഭവം) വഴുതനങ്ങയും ഉള്ളിയുമിട്ട തുവര്‍ ധാളുമുണ്ടാക്കി. മഹാരാഷ്ട്രയിലെ പ്രത്യേക വിഭവമായ ജോവര്‍ ഭാക്രിസ് (റൊട്ടിപോലുള്ള ഒരു വിഭവം) കൂട്ടിയാണ് രാഹുലടക്കമുള്ളവര്‍ ആഹാരം കഴിച്ചത്.
പെട്ടെന്നാണ് രാഹുല്‍ ഗാന്ധി വീട്ടിലേക്ക് വന്നത്. ഞങ്ങളാണെങ്കിലും പ്രത്യേകമായി ഒന്നും കരുതിവച്ചിരുന്നുമില്ല എന്നാണ് പിന്നീട് സനാദിന്‍റെ കുടുംബം പറഞ്ഞത്. ആദ്യം അദ്ദേഹത്തിന് വെള്ളവും ചായയും നല്‍കി. കുറച്ചു കഴിഞ്ഞപ്പോള്‍ നല്ല വിശപ്പുണ്ടെന്ന് പറഞ്ഞ് അദ്ദേഹം സ്വമേധയാ അടുക്കളയില്‍ കയറി ഞങ്ങള്‍ക്കും വേണ്ടിയുള്ള ഭക്ഷണമുണ്ടാക്കി എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
‘ഇന്നും വളരെ കുറച്ച് ആളുകൾക്ക് മാത്രമേ ഇവരുടെ അടുക്കളയെക്കുറിച്ച് അറിയൂ. ഷാഹു പട്ടോലെ ജി പറഞ്ഞതുപോലെ, അവര്‍ എന്താണ് കഴിക്കുന്നതെന്ന് ആർക്കും അറിയില്ല. അവർ എന്താണ് കഴിക്കുന്നത്, എങ്ങനെ പാചകം ചെയ്യുന്നു, അതിന്‍റെ സാമൂഹികവും രാഷ്ട്രീയവുമായ പ്രാധാന്യം എന്താണ് എന്നറിയാൻ ആകാംക്ഷയോടെ ഞാൻ അജയ് തുക്കാറാം സനദ് ജിക്കും അഞ്ജന തുക്കാറാം സനദ് ജിക്കുമൊപ്പം കുറച്ചുസമയം ചെലവഴിച്ചു.
മഹാരാഷ്ട്രയിലെ കോലാപൂരിലുള്ള അദ്ദേഹത്തിൻ്റെ വീട്ടിലേക്ക് അദ്ദേഹം എന്നെ ആദരപൂർവം ക്ഷണിക്കുകയും അടുക്കളയിൽ അദ്ദേഹത്തെ സഹായിക്കാൻ അവസരം നൽകുകയും ചെയ്തു. പട്ടോലെ ജിയുടെയും സനദ് കുടുംബത്തിന്‍റെയും ജാതിയുടെയും വിവേചനത്തിന്‍റെയും പേരിലുള്ള വ്യക്തിപരമായ അനുഭവങ്ങളെ കുറിച്ച് സംസാരിക്കുമ്പോൾ, ഇവരുടെ ഭക്ഷണരീതികളെക്കുറിച്ച് മറ്റുള്ളവര്‍ക്ക് അവബോധമില്ലാത്തതും ഈ സംസ്കാരത്തെ തിരിച്ചറിയേണ്ട പ്രാധാന്യത്തെക്കുറിച്ചും ഞങ്ങൾ ചർച്ച ചെയ്തു.
ഭരണഘടന ജനങ്ങൾക്ക് അവകാശങ്ങള്‍ നല്‍കുന്നുണ്ട്, ആ ഭരണഘടന ഞങ്ങൾ സംരക്ഷിക്കും. ഓരോ ഇന്ത്യക്കാരനും ഹൃദയത്തിൽ സാഹോദര്യത്തിന്‍റെ ചൈതന്യത്തോടെ പരിശ്രമിക്കുമ്പോൾ മാത്രമേ സമൂഹത്തിലെ എല്ലാവരേയും ഉൾക്കൊള്ളാനും സമത്വവും സാധ്യമാകൂ’ എന്ന കുറിപ്പിനൊപ്പമാണ് രാഹുല്‍ ഗാന്ധി ഈ വിഡിയോ സമൂഹമാധ്യമത്തില്‍ പങ്കുവച്ചിരിക്കുന്നത്.