കന്നഡ നടൻ ദർശൻ കൊലപ്പെടുത്തിയ രേണുക സ്വാമിയുടെ ഭാര്യ സഹാന ആൺകുഞ്ഞിനു ജന്മം നൽകി. കഴിഞ്ഞ ജൂണിലാണ് സുഹൃത്തായ നടി പവിത്ര ഗൗഡയ്ക്കു അശ്ലീല സന്ദേശം അയച്ചെന്ന് ആരോപിച്ച് രേണുകസ്വാമിയെ ദർശനും സംഘവും തട്ടി കൊണ്ടുപോയി മർദിച്ചു കൊലപ്പെടുത്തിയത്. സംഭവസമയത്ത് സഹാന 5 മാസം ഗർഭിണിയായിരുന്നു.
ബുധനാഴ്ചയാണ് സഹാന ആണ്‍കുഞ്ഞിനെ പ്രസവിച്ചത്. ചിത്രദുര്‍ഗയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രസവം. പ്രസവം നടന്നത് പറഞ്ഞ തിയ്യതിക്കും മുന്‍പേ ആയിരുന്നതിനാല്‍ കുഞ്ഞിനെ പ്രത്യേകം നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. രേണുകസ്വാമിയുടെ ക്രൂര കൊലപാതകം കഴിഞ്ഞ് 4 മാസം പിന്നിടുന്ന വേളയിലാണ് സഹാന കുഞ്ഞിന് ജന്‍മം നല്‍കിയിരിക്കുന്നത്.
‘എന്‍റെ മകന്‍ ഈ കുഞ്ഞിലൂടെ തിരിച്ചുവരും’ എന്നാണ് രേണുകസ്വാമിയുടെ പിതാവ് കാശിനാഥയ്യ പ്രതികരിച്ചത്. പ്രസവവും പരിചരണവും സൗജന്യമായി നടത്തിത്തന്ന ആശുപത്രിക്കും ജീവനക്കാര്‍ക്കും കാശിനാഥയ്യ നന്ദി പറഞ്ഞു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചു. അതേസമയം രേണുകസ്വാമിയുടെ കൊലപാതകത്തെക്കുറിച്ചോ കേസിനെക്കുറിച്ചോ പ്രതികരിക്കുന്നില്ലെന്ന് അദ്ദേഹം കണ്ണീരോടെ പറഞ്ഞു.
കഴിഞ്ഞ ജൂണിലാണ് നടന്‍ ദര്‍ശനും കൂട്ടരും രേണുകസ്വാമിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. അതേസമയം രേണുകസ്വാമിയ കൊലപ്പെടുത്തിയ കേസിൽ നടൻ ദർശൻ തൊഗുദീപയുടെയും കൂട്ടുപ്രതിയും നടിയുമായ പവിത്ര ഗൗഡയുടെയും ജാമ്യാപേക്ഷ ബെംഗളൂരു സെഷൻസ് കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ജൂൺ 8ന് ചിത്രദുർഗ സ്വദേശിയും ഫാർമസി ജീവനക്കാരനുമായ രേണുകസ്വാമിയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി ബെംഗളൂരു കാമാക്ഷിപാളയിലെ മലിനജല കനാലിൽ തള്ളിയെന്നതായിരുന്നു കേസ്. കുറ്റകൃത്യം നടന്ന സ്ഥലത്ത് തന്‍റെ സാന്നിധ്യമോ പങ്കാളിത്തമോ ഉറപ്പിക്കാനുള്ള തെളിവൊന്നും പൊലീസിന് ലഭിച്ചിട്ടില്ലെന്ന് ദർശൻ വാദിച്ചു. എന്നാൽ നടന്‍റെ ചെരുപ്പിൽനിന്ന് രേണുകസ്വാമിയുടെ രക്തക്കറ കണ്ടെത്തിയിരുന്നെന്നും, മറ്റ് സാങ്കേതിക തെളിവുകളും, ദൃക്സാക്ഷി മൊഴികളും ദര്‍ശനെതിരെയുണ്ടെന്നും പൊലീസ് വാദിച്ചതോടെ കോടതി ഇരുവരുടെയും ജാമ്യാപേക്ഷ തള്ളി. കേസിലെ ഒന്നാം പ്രതിയാണ് പവിത്ര ഗൗഡ. രണ്ടാം പ്രതി ദർശൻ നിലവിൽ ബെള്ളാരി ജയിലിലാണുള്ളത്. സെഷൻസ് കോടതി വിധി ചോദ്യം ചെയ്ത് ഉടൻ ഹൈക്കോടതിയെ സമീപിച്ചേക്കും.