ഹെറോയിന്‍ ഇല്ലാതെ ജീവിക്കാന്‍ കഴിയാത്ത 17കാരി... ലഹരി വാങ്ങാന്‍ പണമില്ലാതായതോടെ പണം കൊടുക്കുന്നത് ആരായാലും, അവര്‍ക്കൊപ്പം പോകുന്നത് ശീലമാക്കി. അങ്ങനെ പണത്തിനായി നിരവധി യുവാക്കള്‍ക്കൊപ്പം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു. ഒടുവില്‍ 20 ഓളം യുവാക്കള്‍ക്ക് എയ്ഡ്സ് പിടിപെട്ടപ്പോഴാണ് താനും എച്ച്ഐവി പോസിറ്റീവാണെന്ന് പെണ്‍കുട്ടി തിരിച്ചറിയുന്നത്. നിലവില്‍ കൗണ്‍സിലിങ് കേന്ദ്രത്തില്‍ ചികിത്സയിലുള്ള പ്രായപൂര്‍ത്തായാകാത്ത ആ പെണ്‍കുട്ടി ലഹരിയുടെ മായാലോകത്തായതിനാല്‍ രോഗലക്ഷണങ്ങള്‍ പോലും അറിഞ്ഞില്ല.
ഉത്തരാഖണ്ഡിലെ രാംനഗറിലെ രാംദത്ത് ജോഷി ജോയിൻ്റ് ആശുപത്രിയില്‍ ഗുരുതര ആരോഗ്യ പ്രശ്നങ്ങളുമായി യുവാക്കള്‍ തുടര്‍ച്ചയായി ചികിത്സ തേടിയെത്തിയതാണ് സംഭവങ്ങളുടെ തുടക്കം. വിവിധ ദിവസങ്ങളില്‍, കടുത്ത പനിയും ക്ഷീണവുമായി എത്തിയ യുവാക്കളെ പരിശോധിച്ചപ്പോള്‍ എല്ലാവര്‍ക്കും എച്ച്ഐവി പോസിറ്റീവ്. കൗണ്‍സിലിങ്ങില്‍ ഈ യുവാക്കളെല്ലാം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് പണം നല്‍കിയ ശേഷം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നാണ് സമ്മതിച്ചു.
പൂര്‍ണമായും ലഹരിക്ക് അടിമപ്പെട്ടതാണ് പെണ്‍കുട്ടിയുടെ ജീവിതം താറുമാറാക്കിയത്. ലഹരിയുടെ അഭാവത്തില്‍ ഭ്രാന്ത് പിടിക്കുന്ന അവസ്ഥയിലെത്തിയതോടെയാണ് പണം സംഘടിപ്പിക്കാനായി 17കാരി ഈ വഴി തിരഞ്ഞെടുത്തത്. ഇടവേളകളില്ലാത്ത ആ പെൺകുട്ടിയുടെ ലഹരി ഉപയോഗമാണ് അതിദാരുണമായ ഈ സംഭവത്തിന് പ്രധാന കാരണമെന്ന് ഉത്തരാഖണ്ഡ് ആരോഗ്യവകുപ്പ് പറയുന്നു.
റാം നഗർ സ്വദേശിയായ 17കാരിയില്‍ നിന്ന് രോഗം പടർന്നവരെല്ലാം അടുത്തടുത്ത് താമസിക്കുന്ന യുവാക്കള്‍ക്കാണ്. ഇവരില്‍ നല്ലൊരു ശതമാനവും വിവാഹിതരാണ്. ഇവരില്‍ നിന്ന് രോഗം പങ്കാളികളിലേക്ക് പടരാനുള്ള സാധ്യത വളരെ കൂടുതലാണ്. ആരോഗ്യവകുപ്പിന്‍റെ കണ്ടെത്തലിൽ, വർഷത്തിൽ 20 എയ്ഡ്സ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നിടത്ത്, ഇപ്പോൾ അഞ്ചു മാസം കൊണ്ട് 19 പുതിയ കേസുകളാണ് വന്നിരിക്കുന്നത്.
പ്രദേശത്ത് വ്യാപകമായ ബോധവത്കരണം നടത്തുകയാണെന്ന് ചീഫ് മെഡിക്കൽ ഓഫീസർ ഹരീഷ് ചന്ദ്ര പന്ത് വ്യക്തമാക്കി. ഈ കണ്ണിയിൽ ഇനിയും യുവാക്കൾ പെട്ടിട്ടുണ്ടാകാമെന്നും ആരോഗ്യ വകുപ്പ് സംശയിക്കുന്നുണ്ട്. റാംനഗരിൽ കഴിഞ്ഞ 17 മാസത്തിനിടെ മാത്രം 15 എയ്ഡ്സ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ഉത്തരാഖണ്ഡിലെ ആരോഗ്യമേഖല കടുത്ത ആശങ്കയിലാണ്. പെൺകുട്ടി ലഹരിക്കടിമയാണെന്നും എയിഡ്സ് ബാധിതയാണെന്നമുള്ള ഒരു സൂചനയും കിട്ടിയില്ലായിരുന്നു എന്നാണ് കൗൺസിലിംഗിൽ പല യുവാക്കളും പറഞ്ഞത്.