ദീപാവലി ആഘോഷങ്ങളില്‍ മാറ്റിനിര്‍ത്താനാകാത്ത ഒന്നാണ് പടക്കം പൊട്ടിക്കല്‍. പടക്കം പൊട്ടിക്കുന്നവര്‍ക്ക് ഇത് ആവേശമാണെങ്കിലും അയല്‍ക്കാര്‍ക്ക് അങ്ങനെയാകണമെന്നില്ല. ദീപാവലിക്കാലത്ത് അയല്‍ക്കാര്‍ തമ്മില്‍ പടക്കത്തിന്‍റെ പേരില്‍ പ്രശ്നമുണ്ടാകുന്നത് പതിവാണ്. എന്നാല്‍ പൊട്ടുന്ന പടക്കത്തിന്‍റെ നടുവിലേക്ക് ഒരു ഗ്യാസ് സിലിണ്ടര്‍ എടുത്തെറിഞ്ഞ് കലിപ്പ് തീര്‍ക്കുന്നത് അല്‍പം കടന്ന കയ്യല്ലേ?
അത്തരമൊരു സംഭവത്തിന്‍റെ വിഡിയോ സമൂഹമാധ്യമത്തില്‍ വൈറലാണ്. നാലു നിലകളുള്ള ഒരു കെട്ടിടത്തില്‍ താമസിക്കുന്നവര്‍ തമ്മിലാണ് പടക്കം പൊട്ടിക്കലിന്‍റെ പേരില്‍ തര്‍ക്കമുണ്ടായത്. പല തവണ പറഞ്ഞിട്ടും കേള്‍ക്കാതെ അയല്‍ക്കാര്‍ പടക്കം പൊട്ടിച്ചതോടെയാണ് വീട്ടമ്മ ഗ്യാസ് സിലിണ്ടര്‍ എടുത്തെറിഞ്ഞതെന്നാണ് വിവരം.
കെട്ടിടത്തിന്‍റെ മുകള്‍നിലയില്‍ നിന്നാണ് ഗ്യാസ് സിലിണ്ടര്‍ എടുത്തെറിഞ്ഞത്. പൊട്ടിയ പടക്കങ്ങളും ഗ്യാസ് സിലിണ്ടറും വിഡിയോയില്‍ കാണാം. ‘ആരാണ് അയല്‍ക്കാരുടെ സന്തോഷം ആഗ്രഹിക്കുന്നത്. എങ്ങനെയും ആ സന്തോഷത്തെ തല്ലിക്കെടുത്താനേ ശ്രമിക്കൂ. അതാണ് ഈ കാണുന്നത്’ എന്നാണ് ഒരാള്‍ വിഡിയോയ്ക്ക് കമന്‍റ് ചെയ്തിരിക്കുന്നത്.
‘സിലിണ്ടറും കത്തിക്കാനോ ആവശ്യപ്പെടുന്നത്’ എന്നാണ് ഒരാള്‍ ചോദിക്കുന്നത്. പ്രചരിക്കുന്ന വിഡിയോ എവിടെ നിന്നുള്ളതാണെന്നോ ആരൊക്കെയാണ് സംഭവത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നതെന്നോ വ്യക്തമല്ല.