പ്രതിയെ പിന്തുടരുന്നതിനിടെ കാറിടിച്ച് വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച പുലർച്ചെ ചെന്നൈ- തിരുച്ചിറപ്പള്ളി ദേശീയ പാതയിലായിരുന്നു അപകടം. അമിതവേഗതയിൽ വന്ന കാർ പൊലീസ് ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച ബൈക്കില്‍ ഇടിക്കുകയായിരുന്നു. മാധവരം പൊലീസ് സ്‌റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ ജയശ്രീയും ഹെഡ് കോൺസ്റ്റബിൾ നിത്യയുമാണ് മരിച്ചത്.
ബൈക്ക് യാത്രകളിലെ റീലുകളിലൂടെ പ്രശസ്തരായ വനിതാ പൊലീസ് ഉദ്യോഗസ്ഥരാണിവര്‍. പ്രതിയെ പിന്തുടര്‍ന്ന് മധുരാന്തകത്ത് എത്തിയപ്പോൾ ജയശ്രീയും നിത്യയും സഞ്ചരിച്ച ബൈക്കിനെ കാര്‍ വന്നിടിക്കുകയായിരുന്നു. ബൈക്കിനെ മറികടക്കാൻ ശ്രമിക്കുമ്പോഴായിരുന്നു അപകടം. ഇരുവരും ബൈക്കിൽ നിന്ന് തെറിച്ചുവീണു. ജയശ്രീ സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. നിത്യയെ ഗുരുതരമായി പരിക്കേറ്റ് ചെങ്കൽപേട്ട് സർക്കാർ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരണത്തിന് കീഴടങ്ങി. സംഭവത്തില്‍ കാര്‍ ഡ്രൈവര്‍ തിരുവണ്ണാമല സ്വദേശി മദനനെ പൊലീസ് അറസ്റ്റ് ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വാഹനം അമിത വേഗതയിലായിരുന്നോ ഡ്രൈവറുടെ അശ്രദ്ധയുണ്ടായിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ പരിശോധിച്ചുവരികയാണ്.
വ്യാഴാഴ്ച വാൽപ്പാറ വനിതാ പൊലീസ് സ്‌റ്റേഷനിലെ സ്‌പെഷൽ സബ് ഇൻസ്‌പെക്ടർ (എസ്എസ്ഐ) എസ്. കൃഷ്ണവേണിയും റോഡപകടത്തില്‍ മരിച്ചിരുന്നു. ഈ അപകടം നടന്ന് ദിവസങ്ങള്‍ക്കകമാണ് അടുത്ത സംഭവം. കോട്ടൂർ-അങ്കാലകുറിശ്ശി റോഡിലായിരുന്നു അപകടം. അങ്കാലകുറിശ്ശിയിലെ വീട്ടിൽ നിന്ന് പൊലീസ് സ്റ്റേഷനിലേക്ക് സ്‌കൂട്ടറിൽ പോകവേ എതിർദിശയിൽ നിന്ന് അമിതവേഗതയിൽ വന്ന മോട്ടോർ ബൈക്ക് ഇടിച്ചാണ് അന്‍പത്തിയൊന്നുകാരി കൃഷ്ണവേണി മരിക്കുന്നത്.