ഇന്ത്യയില്‍ വധശിക്ഷ ഭരണഘടനാപരമാണോ? . ചോദ്യം സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റേതായിരുന്നു, മറുപടി പറഞ്ഞത് എഐ വക്കീല്‍. മറുപടിയില്‍ തൃപ്തനായി ചിരിക്കുന്ന ചീഫ് ജസ്റ്റിസിന്റെ വിഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. നാഷണൽ ജുഡീഷ്യൽ മ്യൂസിയത്തിൻ്റെയും ആർക്കൈവിൻ്റെയും ഉദ്ഘാടന ചടങ്ങിലായിരുന്നു എഐ വക്കീലുമായി ചീഫ് ജസ്റ്റിസ് സംസാരിച്ചത്.
എഐ വക്കീലിന്റെ അറിവും ബോധ്യവും പരീക്ഷിക്കാനായിരുന്നു ചീഫ് ജസ്റ്റിസിന്റ ചോദ്യം. വക്കീല്‍ നല്‍കിയ കൃത്യമായ മറുപടി അമ്പരപ്പോടെയും ചിരിയോടെയുമാണ് ചീഫ് ജസ്റ്റിസ് കേട്ടത്. ഇന്ത്യയിൽ വധശിക്ഷ ഭരണഘടനാപരമാണോ? എന്നതായിരുന്നു എഐ വക്കീലിനെ പരീക്ഷിക്കാനുള്ള ചോദ്യം. അതെ , ഇന്ത്യയിൽ വധശിക്ഷ ഭരണഘടനാപരമാണ്, അതേസമയം കുറ്റകൃത്യം അത്രമാത്രം ഹീനവും അസാധാരണവും അപൂര്‍വങ്ങളില്‍ അപൂര്‍വവുമായിരിക്കണമെന്ന വിശദീകരണം കൂടി നല്‍കുന്നുണ്ട് എഐ വക്കീല്‍.
അഭിഭാഷകന്റെ വേഷവും കോട്ടും ഒരു കണ്ണടയും ധരിച്ചാണ് എഐ വക്കീല്‍ ചീഫ് ജസ്റ്റിസിനു മുന്‍പിലെത്തിയത്. അടുത്ത ചീഫ് ജസ്റ്റിസായി ചുമതലയേല്‍ക്കുന്ന ജസ്റ്റിസ് സഞ്ജീവ് ഖന്നയും മറ്റ് സുപ്രീംകോടതി ജഡ്ജിമാരും ഉദ്ഘാടനച്ചടങ്ങില്‍ സന്നിഹിതരായിരുന്നു. സുപ്രീം കോടതിയുടെ ധാർമ്മികതയെയും അതിൻ്റെ പ്രാധാന്യത്തെയും പ്രതിഫലിപ്പിക്കുന്നതാണ് പുതിയ മ്യൂസിയമെന്ന് ചടങ്ങിൽ സംസാരിച്ച ചീഫ് ജസ്റ്റിസ് പറഞ്ഞു. യുവതലമുറയ്ക്ക് സംവേദനാത്മക ഇടമായി മ്യൂസിയം മാറണമെന്ന് താൻ ആഗ്രഹിക്കുന്നുവെന്നും ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു.
മ്യൂസിയം ജുഡീഷ്യല്‍ കേന്ദ്രീകൃതമല്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ഭരണഘടന അസംബ്ലിയിൽ കണ്ട ഭാഗങ്ങളും, ഭരണഘടനയ്ക്ക് രൂപം നൽകിയവരെക്കുറിച്ചുള്ള വിവരങ്ങളും രാജ്യത്തെ നിയമം നടപ്പിലാക്കുന്നതിന്റെ പ്രാധാന്യവുമെല്ലാം ഇവിടെ വ്യക്തമാണ്. എല്ലാ അഭിഭാഷക ബാര്‍ അംഗങ്ങളും ഈ മ്യൂസിയം സന്ദര്‍ശിക്കണമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.