തിരഞ്ഞെടുപ്പ് അടുത്താല്‍ വാഗ്ദാനങ്ങള്‍ നല്‍കി രാഷ്ട്രീയക്കാര്‍ ജനങ്ങളെ പാട്ടിലാക്കാന്‍‍ ശ്രമിക്കുന്നത് പതിവാണ്. തിരഞ്ഞെടുപ്പിന് ശേഷം വാഗ്ദാനങ്ങള്‍ നടപ്പിലാക്കിയോ എന്ന ചോദ്യത്തിന് പലപ്പോഴും മറുപടി ഉണ്ടാകാറുമില്ല.  എന്തായാലും  മഹാരാഷ്ട്രയിലെ ഒരു സ്ഥാനാര്‍ഥി വോട്ടര്‍മാര്‍ക്ക് നല്‍കിയ വാഗ്ദാനം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാണ്. 

അവിവാഹിതരായ  യുവാക്കള്‍ക്ക്   പെണ്‍കുട്ടികളെ കണ്ടെത്തി കൊടുക്കുമെന്നാണ് വാഗ്ദാനം. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലെ  പര്‍ലി നിയമസഭാ മണ്ഡലത്തില്‍ മല്‍സരിക്കുന്ന  എൻസിപി സ്ഥാനാർഥി രാജേസാഹേബ് ദേശ്മുഖാണ് ഇങ്ങനെയൊരു ഉദ്യമത്തിന് ഇറങ്ങിപ്പുറപ്പെട്ടിട്ടുള്ളത്. ചൊവ്വാഴ്ച വൈകുന്നേരം പര്‍ളിയിൽ നടന്ന പ്രചാരണ റാലിക്കിടെയായിരുന്നു സ്ഥാനാര്‍ഥിയുടെ വൈറല്‍ പ്രസംഗം. 

'വിവാഹം നിശ്ചയിക്കുന്ന സമയത്ത് പര്‍ളിയിലെ ആൺകുട്ടികൾക്ക് ജോലിയുണ്ടോ അതോ ബിസിനസ്സുണ്ടോ എന്ന് വധുവിന്‍റെ വീട്ടുകാര്‍ അന്വേഷിക്കും. എന്നാല്‍ സർക്കാർ തൊഴിൽ വാഗ്ദാനം ചെയ്യുന്നില്ലെങ്കിൽ ഇവിടുത്തെ യുവാക്കള്‍ക്ക് എങ്ങനെ ജോലി ലഭിക്കും? എന്‍റെ എതിര്‍ സ്ഥാനാര്‍ഥിയും മന്ത്രിയുമായിരുന്ന ധനഞ്ജയ് ഇത്തരം സത്യങ്ങള്‍ക്ക് നേരെ കണ്ണടക്കുകയാണ്. ഈ സാഹചര്യത്തില്‍ നമ്മുടെ യുവാക്കള്‍ എന്ത് ചെയ്യും. അവിവാഹിതരായ എല്ലാ യുവാക്കളുടെയും വിവാഹം നടത്തി അവര്‍ക്ക് ഉപജീവനമാർഗം കണ്ടെത്തി നല്‍കുമെന്ന് ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പുനല്‍കുന്നു' എന്നായിരുന്നു രാജേസാഹേബ് ദേശ്മുഖിന്‍റെ വാക്കുകള്‍ . 

മഹാരാഷ്ട്രയില്‍ ബിജെപി വികസനം കൊണ്ടുവന്നെന്ന് പറയുമ്പോഴും യുവാക്കള്‍ക്ക് ഇവിടെ തൊഴിലില്ല, അതുകൊണ്ടുതന്നെ ചെറുപ്പക്കാരുടെ വിവാഹങ്ങള്‍ നടക്കുന്നില്ല. ഇതൊരു സാമൂഹിക പ്രശ്നമായി മാറി കഴിഞ്ഞു. ഈ സാഹചര്യത്തില്‍ യുവാക്കളെ സഹായിക്കാൻ നമ്മുടെ നേതാക്കൾ പ്രതിജ്ഞയെടുക്കുന്നതിൽ തെറ്റില്ല. വിവാഹങ്ങൾ ക്രമീകരിച്ചും സമൂഹവിവാഹം സംഘടിപ്പിച്ചും യുവാക്കള്‍ക്കൊപ്പം നില്‍ക്കുമെന്ന് എൻസിപി വക്താവ് അങ്കുഷ് കാക്‌ഡെയും പറഞ്ഞു. 

നവംബർ 20ന് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ എൻസിപിയുടെ സിറ്റിങ് എംഎൽഎയും ക്യാബിനറ്റ് മന്ത്രിയുമായ ധനഞ്ജയ് മുണ്ടെക്കെതിരെയാണ് ദേശ്മുഖ് മത്സരിക്കുന്നത്. വിജയിച്ച ശേഷം പറഞ്ഞ വാക്ക് പാലിച്ചില്ലെങ്കില്‍ സ്ഥാനാര്‍ഥിക്ക് സഹിക്കേണ്ടി വരുന്ന ഭവിഷത്തുകളെക്കുറിച്ചും സോഷ്യല്‍മീഡിയ ചര്‍ച്ച ചെയ്യുന്നുണ്ട്. 

ENGLISH SUMMARY:

NCP candidate for the Parli assembly constituency from Marathwada's Beed district, has surfaced where he is heard promising to take responsibility for marrying off bachelors of Parli if he gets elected as MLA