സിദ്ധു തിരികെ വന്നപോലെ ഒരു അനുഭവം. കൊല്ലപ്പെട്ട പഞ്ചാബി ഗായകന്‍ സിദ്ധുമൂസെവാലയുടെ കുഞ്ഞനുജന്റെ ചിത്രം പുറത്തുവിട്ടതുകണ്ട് സുഹൃത്തുക്കള്‍ പറഞ്ഞ വാക്കാണിത്. കുഞ്ഞ് ജനിച്ച് 8 മാസം പൂര്‍ത്തിയാകുന്ന വേളയിലാണ് മുഖം വ്യക്തമാകുന്ന തരത്തിലുള്ള ചിത്രം കുടുംബം പുറത്തുവിട്ടത്. ഈ വർഷം മാർച്ചിലാണ് സിദ്ധു മൂസെവാലയുടെ മാതാപിതാക്കളായ ബാൽകൗർസിങ്ങിനും ഭാര്യ ചരൺ കൗറിനും രണ്ടാമത്തെ കൺമണി പിറന്നത്. മകനെ സ്വീകരിക്കുന്ന മാതാപിതാക്കളുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. 58ാം വയസ്സിലാണ് ചരൺ ഗർഭം ധരിച്ചത്.
ബാൽകൗർ സിങ്ങിന്റെയും ചരൺ കൗറിന്റെയും ഏകമകനായിരുന്ന സിദ്ധു മൂസെവാല 2022 മേയ് 29നാണ് പഞ്ചാബിലെ മാന്‍സ ജില്ലയിൽ വെടിയേറ്റു മരിച്ചത്. പഞ്ചാബിലെ ജവഹർകി ഗ്രാമത്തിലേക്ക് സുഹൃത്തുക്കള്‍ക്കൊപ്പം യാത്ര ചെയ്യവേയാണ് സിദ്ധുമൂസെവാലയ്ക്കു നേരെ ആക്രമണമുണ്ടായത്. കാറിന്റെ സീറ്റിൽ വെടിയേറ്റ നിലയിലാണ് മൂസാവാലയെ കണ്ടെത്തിയത്. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മകന്റെ അപ്രതീക്ഷിത വിയോഗത്തിനു ശേഷം സിദ്ധുവിന്റെ മാതാപിതാക്കള്‍ കടുത്ത വിഷാദത്തിലായിരുന്നു. ചരണ്‍ കൗര്‍ ഗര്‍ഭിണിയായപ്പോഴാണ് തെല്ലൊരു ആശ്വാസത്തിന്റെ കണിക ആ കുടുംബം കണ്ടത്. മാർച്ച് 17നാണ് ചരൺ ആൺകുഞ്ഞിനു ജന്മം നൽകിയത്. ഇക്കാര്യം ബാൽകൗർ സിങ് തന്നെ സമൂഹമാധ്യമങ്ങളിലൂടെ ഔദ്യോഗികമായി അറിയിക്കുകയും ചെയ്തിരുന്നു.
നിരവധി ആരാധകരുള്ള ഗായകനാണ് സിദ്ധുമൂസെവാല. സിദ്ധു തിരിച്ചുവന്നതുപോലെയാണ് ആ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും കുഞ്ഞിന്റെ സാന്നിധ്യം അനുഭവപ്പെടുന്നത്. ചുരുങ്ങിയ സമയം കൊണ്ടു തന്നെ ശ്രദ്ധേയമായ ചിത്രത്തിനു നിരവധി പേർ പ്രതികരണങ്ങളുമായി എത്തി. കുഞ്ഞിനൊപ്പമുള്ള ബാല്‍കൗര്‍സിങ്ങിന്റെയും ചരണ്‍ കൗറിന്റെയും ചിത്രം അങ്ങേയറ്റം സന്തോഷം നല്‍കുന്നതാണെന്നാണ് പ്രതികരണം.