ഒരൊറ്റ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പൊലീസ് സ്റ്റേഷനില്‍ കയറേണ്ടി വന്ന യുവതിയാണ് ഇപ്പോള്‍ സൈബറിടത്ത് വൈറല്‍. വീട്ടിലെ പൂന്തോട്ടവും ചെടികളും കാണിച്ചുകൊണ്ട് യുവതി പങ്കുവെച്ച പോസ്റ്റാണ് .യുവതിയെ എയറിലും സ്റ്റേഷനിലും ആക്കിയത്. ചെടികൾക്കിടയിൽ നട്ടുവളർത്തിയിരുന്ന കഞ്ചാവ് ചെടികളാണ് ദമ്പതികളെ കുടുക്കിയത്. കഞ്ചാവ് ചെടികൾ നട്ടു വളർത്തുന്ന കാര്യം യുവതി അഭിമാനത്തോടെ വീഡിയോയിൽ എടുത്തു പറയുകകൂടി ചെയ്തതോടെ പണിപാളി. പൊലീസ് പൊക്കി.
ബെംഗളൂരുവിലെ എംഎസ്ആർ നഗറിലെ വസതിയിൽ പൂച്ചട്ടികളിൽ കഞ്ചാവ് വളർത്തിയ സിക്കിം സ്വദേശികളായ കെ സാഗർ ഗുരുംഗും ഭാര്യ ഊർമിള കുമാരിയുമാണ് സദാശിവനഗർ പൊലീസിന്‍റെ പിടിയിലായത്. ബാൽക്കണിയിൽ അലങ്കാരച്ചെടികൾക്കിടയിലാണ് രണ്ട് ചട്ടികളിലായി അവർ കഞ്ചാവ് നട്ടുപിടിപ്പിച്ചിരുന്നത്.ഊർമിള താൻ നട്ടുവളർത്തുന്ന കഞ്ചാവ് ഉൾപ്പെടെയുള്ള വിവിധയിനം ചെടികൾ കാണിച്ച് വിഡിയോകളും ഫോട്ടോകളും ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്. നാട്ടുകാരുടെ ശ്രദ്ധയിൽ കഞ്ചാവ് ചെടികൾ പെട്ടതോടെ പൊലീസിനെ അറിയിക്കുകയായിരുന്നു.17 ചെടിച്ചട്ടികളാണ് വീട്ടിലുണ്ടായിരുന്നത്. ഇതിൽ രണ്ടെണ്ണത്തിലാണ് കഞ്ചാവ് ചെടികളും കൃഷിചെയ്തിരുന്നത്.