രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗങ്ങളില്‍ നാലാള് കൂടിയില്ലെങ്കില്‍ അതിന്‍റെ മാനക്കേട് ആ പാര്‍ട്ടികള്‍ക്ക് തന്നെയാണ്. പണം കൊടുത്തും പാരിതോഷികങ്ങള്‍ നല്‍കിയുമൊക്കെ യോഗങ്ങള്‍ക്ക് ആളെക്കൂട്ടുന്ന പല വാര്‍ത്തകളും നമ്മള്‍ കണ്ടിട്ടുണ്ടാവാം. എന്നാല്‍ അതുക്കും മേലേ ഒരു തന്ത്രവുമായി എത്തിയിരിക്കുകയാണ് അണ്ണാ ഡിഎംകെയുടെ യുവജനവിഭാഗം.
അണ്ണാ ഡിഎംകെയുടെ യോഗത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ഇരുന്ന കസേര യോഗത്തിന് ശേഷം വീട്ടില്‍ കൊണ്ടുപോവാം എന്ന വ്യത്യസ്തമായ ഓഫറാണ് ഇത്തവണത്തേത്. അങ്ങനെ പരിപാടി കഴിഞ്ഞ് ഇരുന്ന കസേരകളുമായി വീട്ടിലേക്ക് മടങ്ങുന്ന പ്രവര്‍ത്തകരുടെ വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്.
തമിഴ്‌നാട് തിരുപ്പൂർ പെരുമാനല്ലൂരില്‍ സംഘടിപ്പിച്ച എഐഎഡിഎംകെ യോഗത്തിന്റെ ദൃശ്യങ്ങളാണ് ചര്‍ച്ചയാകുന്നത്. തമിഴ്‌നാട്ടില്‍ ജയലളിതയുടെ പാർട്ടി കഴിഞ്ഞ രണ്ട് വട്ടവും പ്രതിപക്ഷത്തായിരുന്നു. ഇതിനിടയിലാണ് നടൻ വിജയ് പുതിയ രാഷ്‌ട്രീയ കക്ഷിയുമായി രംഗപ്രവേശം നടത്തിയത്. ഇതോടെ സ്വാധീന മേഖലകളിൽ ജനപിന്തുണ ഉറപ്പിക്കാനുള്ള പരിശ്രമത്തിലാണ് വിവിധ കക്ഷികൾ.
കസേര ഫ്രീയായി കിട്ടുമെന്ന് ഉറപ്പായതോടെ, ഒരു കുടുംബത്തിൽ നിന്ന് തന്നെ എട്ടും പത്തും പേരാണ് യോഗത്തിനെത്തിയത്. യോഗത്തിനെത്തിയവരില്‍ പലരും കസേര നഷ്ടമാകുമെന്ന ഭയത്താല്‍ ഇരുന്ന കസേരകളിൽ നിന്നും എഴുന്നേൽക്കാൻ തയ്യാറാവാത്തതും ചിരി പടര്‍ത്തി. സംഘാടകരെ അതിശയിപ്പിക്കുന്ന തരത്തിലായിരുന്നു യോഗവേദിയിലെ പ്രവര്‍ത്തകരുടെ അച്ചടക്കം. യോഗം കഴിഞ്ഞതോടെയാണ് കസേര കിട്ടാനായി ഈ അച്ചടക്കമെല്ലാം അലങ്കോലമായത്. പിന്നീട് വന്ന ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായതും.