AI Generated Image

TOPICS COVERED

അയല്‍വാസിയുടെ പേരില്‍ വന്ന കൊറിയര്‍ വാങ്ങി പരിശോധിക്കാന്‍ തോന്നിയ നിമിഷത്തെ മനമുരുകി ശപിക്കുകയാണ് കര്‍ണാടക ബാഗല്‍കോട്ട് സ്വദേശി ബസവരാജേശ്വരി. കഴിഞ്ഞ മാസം പതിനഞ്ചിനാണ് ഇല്‍കലിലുള്ള ബസവരാജേശ്വരിയുടെ വീട്ടുപടിക്കല്‍ ഒരു കൊറിയറുമായി ഡെലിവറി ബോയ് എത്തിയത്. അയല്‍വാസിയായ ശശികലയുടെ പേരില്‍ ബുക്ക് ചെയ്തതായിരുന്നു കൊറിയര്‍. ഡെലിവറി ബോയ് ശശികലയുടെ ഫോണില്‍ വിളിച്ചപ്പോള്‍ അവര്‍ സ്ഥലത്തുണ്ടായിരുന്നില്ല. പാക്കേജ് അടുത്ത വീട്ടിലെ ബസവരാജേശ്വരിയെ ഏല്‍പ്പിക്കാന്‍ പറഞ്ഞു.

ശശികല ബസവരാജേശ്വരിയെയും ഫോണില്‍ വിളിച്ചു. താന്‍ ഓണ്‍ലൈനില്‍ ഒന്നും ഓര്‍ഡര്‍ ചെയ്തിട്ടില്ലെന്നും വന്ന പാക്കേജ് വാങ്ങിവച്ചാല്‍ മതിയെന്നും ശശികല പറഞ്ഞു. ഇതുകേട്ട് ബസവരാജേശ്വരി അടുത്തുള്ള കൊറിയര്‍ കമ്പനി ഓഫിസില്‍ ചെന്ന് പാഴ്സല്‍ വാങ്ങിക്കൊണ്ടുവന്നശേഷം ശശികലയെ വിളിച്ചു. കവര്‍ തുറന്നുനോക്കാന്‍ അവര്‍ പറഞ്ഞു. തുറന്നപ്പോള്‍ ഉള്ളില്‍ ഒരു ഹെയര്‍ ഡ്രൈയര്‍. അത് പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് നോക്കാന്‍ പ്ലഗ് കണക്ട് ചെയ്തു. സ്വിച്ച് ഓണ്‍ ചെയ്തതും ബസവരാജേശ്വരിയുടെ കയ്യിലിരുന്ന ഹെയര്‍ ഡ്രൈയര്‍ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ചു!

ശബ്ദം കേട്ട് അയല്‍വാസികള്‍ ഓടിക്കൂടിയപ്പോഴേക്കും ബസവരാജേശ്വരിയുടെ കൈകള്‍ ചിതറിത്തെറിച്ചിരുന്നു. അതീവ ഗുരുതരാവസ്ഥയിലായ വീട്ടമ്മയെ ഉടന്‍ ആശുപത്രിയിലെത്തിച്ചു. കൈപ്പത്തികള്‍ നഷ്ടപ്പെട്ട അവര്‍ ഇപ്പോഴും ചികില്‍സയിലാണ്. നവംബറില്‍ നടന്ന സംഭവത്തിന്‍റെ വിവരങ്ങള്‍ ബസവരാജേശ്വരിയുടെ ഭര്‍തൃസഹോദരന്‍ ശിവന്‍ഗൗഡ യര്‍നാല്‍ കഴിഞ്ഞ ദിവസമാണ് വെളിപ്പെടുത്തിയത്. ബസവരാജേശ്വരിയുടെ ഭര്‍ത്താവ് പാപ്പണ്ണ യര്‍നാല്‍ സൈനികനായിരുന്നു. 2017ല്‍ ജമ്മു കശ്മീരില്‍ വച്ച് ഷോക്കേറ്റ് മരിച്ചു.

യൂസര്‍ മാന്വല്‍ നോക്കാതെ ഉപയോഗിച്ചതുകൊണ്ടാണ് ബസവരാജേശ്വരിയുടെ കയ്യിലിരുന്ന ഹെയര്‍ ഡ്രൈയര്‍ പൊട്ടിത്തെറിച്ചതെന്ന് പ്രാഥമിക പരിശോധനയ്ക്കുശേഷം ബാഗല്‍കോട്ട് എസ്പി അമര്‍നാഥ് റെഡ്ഡി അറിയിച്ചു. പൊലീസ് കേസെടുത്ത് വിശദമായ അന്വേഷണം നടത്തിവരികയാണ്. വൈദ്യുതിവകുപ്പിലെ ഉദ്യോഗസ്ഥരും അന്വേഷണത്തില്‍ പങ്കെടുക്കുന്നുണ്ട്. വിശാഖപട്ടണത്തെ ഒരു കമ്പനിയാണ് ഹെയര്‍ ഡ്രൈയര്‍ നിര്‍മിച്ചത്. ഹെയര്‍ ഡ്രൈയര്‍ ഓര്‍ഡര്‍ ചെയ്തിരുന്നില്ലെന്ന ശശികലയുടെ വാദം സത്യമാണോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

ENGLISH SUMMARY:

Woman suffer severe injuries after hair dryer exploded in bengalure