എ.ആര്‍. റഹ്മാന്‍ – സൈറ ബാനു വിവാഹമോചനത്തില്‍ അപകീര്‍ത്തികരമായ അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നത് നിര്‍ത്തണമെന്ന അഭ്യര്‍ഥനയുമായി സൈറ ബാനു. ദി ബെസ്റ്റ് മാന്‍ ഇന്‍ ദി വേള്‍ഡ് എന്നാണ് റഹ്മാനെ സൈറ ബാനു വിശേഷിപ്പിച്ചത്.

'വളരെ മികച്ച വ്യക്തിത്വത്തിന് ഉടമയാണ് റഹ്മാന്‍. ഞാന്‍ ചെന്നൈയില്‍ നിന്നും മുംബൈയിലേക്ക് പോയത് ആരോഗ്യപ്രശ്നം മൂലം ചികില്‍സയ്ക്കായാണ്. 2 മാസമായി ചികിത്സയിലാണ്. ആരോഗ്യം മെച്ചപ്പെട്ട് കഴിഞ്ഞാല്‍ തിരികെ ചെന്നൈയിലേക്ക് തന്നെ മടങ്ങും. റഹ്മാന്‍റെ തിരക്കുകള്‍ക്കിടയില്‍ റഹ്മാനയോ എന്‍റെ മക്കളെയോ ബുദ്ധിമുട്ടിക്കാന്‍ താല്‍പ്പര്യമില്ല. അതുകൊണ്ടാണ് ഞാന്‍ താല്‍ക്കാലികമായി മുംബൈയിലേക്ക് പോയത്. റഹ്മാനെ മാധ്യമങ്ങള്‍ വേറുതേ വിടണം'. പിആര്‍ഓ വഴി മാധ്യമങ്ങള്‍ക്ക് നല്‍കിയ ഓഡിയോയിലാണ് സൈറ ഇക്കാര്യങ്ങള്‍ വിശദീകരിക്കുന്നത്.

സൈറ റഹ്മാന്‍ എന്ന പേരില്‍ തന്നെയാണ് സന്ദേശം ഇറങ്ങിയത്. അപകീര്‍ത്തികരമായ പരാമര്‍ശം സൈബറിടത്ത് നിന്ന് നീക്കിയില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കേണ്ടി വരുമെന്ന മുന്നറിയിപ്പുമായി റഹ്മാന്‍റെ അഭിഭാഷകര്‍ ഇന്നലെ വാര്‍ത്താക്കുറിപ്പിറക്കിയിരുന്നു.

റഹ്മാന്റേയും സൈറയുടേയും വിവാഹമോചനത്തിന്റെ കാരണം മോഹിനി ഡേ ആണ് എന്ന പ്രചരണമുണ്ടായിരുന്നു. അതില്‍ രൂക്ഷമായ പ്രതികരണവുമായി റഹ്മാന്റെ മകന്‍ എആര്‍ അമീന്‍ രംഗത്തെത്തിയിരുന്നു.

അച്ഛനെതിരെ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്കെതിരെ രൂക്ഷമായ ഭാഷയിലായിരുന്നു കുറിപ്പ്. അച്ഛന്‍ ഒരു ഇതിഹാസമാണെന്നും അങ്ങനെയൊരാളെക്കുറിച്ച് സംസാരിക്കേണ്ടത് ആ ബഹുമാനം നല്‍കിയിട്ടാകണം എന്നുമാണ് അമീന്‍ വ്യക്തമാക്കിയത്. 

ENGLISH SUMMARY:

Do not spread defamatory rumors against AR Rahman; Saira Banu