പാമ്പന്‍ പാലത്തിലൂടെയുള്ള ട്രെയിന്‍ യാത്രയ്ക്കായുള്ള കാത്തിരിപ്പിന് അവസാനമാകുന്നു. റെയില്‍വേ സുരക്ഷാ കമ്മിഷണറുടെ അനുമതി ലഭിച്ചതോടെ അധികം വൈകാതെ പാലം യാത്രയ്ക്കായി തുറക്കും. സഞ്ചാരികളെ കാത്തിരിക്കുന്നതാകട്ടെ അതിമനോഹര കാഴ്ചകള്‍ സമ്മാനിക്കുന്ന യാത്രാനുഭവം.
നീലക്കടലിന് മുകളിലൂടെ വീണ്ടും ട്രെയിന്‍ കുതിച്ച് പായും. കടല്‍ക്കാറ്റേറ്റ് കടലിന്റെ മനോഹാരിത വീണ്ടും വീണ്ടും ആസ്വദിക്കാം. ഇനി അധികം വൈകാതെ പാമ്പന്‍ പാലം തുറക്കും.
2.05 കിമീറ്റര്‍ നീളം. അതില്‍ 72 മീറ്റര്‍ നീളത്തിലുള്ള വെര്‍ട്ടിക്കല്‍ ലിഫ്റ്റ് സ്പാനാണ് പുതിയ പാമ്പന്‍ റെയില്‍ പാലത്തിന്റെ പ്രത്യേകത. കപ്പലുകള്‍ക്ക് കടന്നുപോകാന്‍ ഒരു ഭാഗം ലംബമായി ഉയരുന്ന രാജ്യത്തെ ആദ്യത്തെ വെര്‍ട്ടിക്കല്‍ ലിഫിറ്റിങ് പാലം. ഇന്ത്യന്‍ റെയില്‍വേയുടെ എന്‍ജിനീയറിങ് വിഭാഗമായ റെയില്‍ വികാസ് നിഗം ലിമിറ്റഡാണ് 535 കോടി ചെലവിട്ട് പാലം പണിതത്.
101 സ്പാനുകളും ഒരു വെര്‍ട്ടിക്കല്‍ ലിഫ്റ്റ് സ്പാനുമാണ് പുതിയപാലത്തിനുള്ളത്. 1914–ല്‍ നിര്‍മിച്ച പഴയപാലം കാലപ്പഴക്കം കാരണം ഗതാഗത യോഗ്യമല്ലാതായതോടെയാണ് പുതിയ പാലത്തിന്‍റെ പണി തുടങ്ങിയത്. പഴയ റെയില്‍പാലത്തിലൂടെയുള്ള ട്രെയിന്‍ ഗതാഗതം അപകടമുന്നറിയിപ്പിനെ തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്നു. നിലവില്‍ തീര്‍ഥാടകരും വിനോദ സഞ്ചാരികളും റോഡ് മാര്‍ഗമാണ് രാമേശ്വരത്ത് എത്തുന്നത്. അടുത്തമാസം ആദ്യം പാലം തുറക്കുമെന്നാണ് റിപ്പോര്‍ട്ട്. പാലം തുറന്നാല്‍ കേരളത്തില്‍ നിന്നുള്ള അമൃത എക്സ്പ്രസ് ഉള്‍പ്പടെയുള്ള ട്രെയിനുകള്‍ രാമേശ്വരം വരെ ഓടും. പരമാവധി 75 കിലോമീറ്റര്‍ വേഗത്തില്‍ പാലത്തിലൂടെ ട്രെയിനുകള്‍ക്ക് സഞ്ചരിക്കാം.