lucky-draw-winner

Image Credit: Instagram

ഭാര്യയ്ക്ക് സ്വര്‍ണം വാങ്ങിയതിന് പിന്നാലെ കോടീശ്വരനായി മാറിയ ഒരു ഇന്ത്യക്കാരനാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നത്. ഇന്ത്യക്കാരനാണെങ്കിലും സംഭവം നടന്നത് ഇന്ത്യയിലല്ല അങ്ങ് സിങ്കപ്പൂരിലാണ്. ബാലസുബ്രഹ്മണ്യൻ ചിദംബരം എന്ന വ്യക്തിയാണ് ലക്കി ഡ്രോയിലൂടെ കോടീശ്വരനായിത്തീര്‍ന്നത്. ഒന്നും രണ്ടുമല്ല 8.45 കോടി (1 മില്യണ്‍ ഡോളര്‍) രൂപയാണ് ബാലസുബ്രഹ്മണ്യത്തിന് സമ്മാനമായി ലഭിച്ചിരിക്കുന്നത്. ഭാര്യയ്ക്ക് ഒരു സ്വര്‍ണ ചെയിന്‍ വാങ്ങിയതില്‍ നിന്നുമാണ് ഭാഗ്യം ബാലസുബ്രഹ്മണ്യത്തെ തേടിയെത്തിയത്.

21 വർഷമായി സിങ്കപ്പൂരിൽ പ്രോജക്ട് ഡിസൈനറായി ജോലി ചെയ്തുവരികയാണ് ബാലസുബ്രഹ്മണ്യൻ ചിദംബരം. മൂന്നുമാസങ്ങള്‍ക്ക് മുന്‍പാണ് ബാലസുബ്രഹ്മണ്യന്‍ ഭാര്യയ്ക്കായി ഒരു സ്വര്‍ണ ചെയിന്‍ വാങ്ങിയത്. 3.7 ലക്ഷം രൂപയാണ് ചെയിന്‍ വാങ്ങാനായി ബാലസുബ്രഹ്മണ്യൻ മുടക്കിയത്.  ആ സമയത്ത് ഒരു ലക്കി ഡ്രോ മല്‍സരം അവിടെ നടക്കുന്നുണ്ടായിരുന്നു. 15,786 രൂപയ്ക്ക് മുകളിൽ ചെലവഴിച്ച് സ്വർണം വാങ്ങുന്നവർക്കാണ് ലക്കി ഡ്രോയില്‍ പങ്കെടുക്കാന്‍ സാധിക്കുക. സിങ്കപ്പൂരിലെ മുസ്തഫ ജ്വല്ലറിയാണ് ലക്കി ഡ്രോ സംഘടിപ്പിച്ചത്.

സാധാരണ പോലെ ചെയിനും വാങ്ങി തിരികയെത്തിയ ബാലസുബ്രഹ്മണ്യനെ തേടി വൈകാതെ തന്നെ ആ വാര്‍ത്തയെത്തി. ഒന്നാം സമ്മാനമായ 1 മില്യണ്‍ ഡോളര്‍ ബാലസുബ്രഹ്മണ്യന് ലഭിച്ചിരിക്കുന്നു. നവംബർ 24 നായിരുന്നു നറുക്കെടുപ്പ്. മുസ്തഫ ജ്വല്ലറി തങ്ങളുടെ ഒഫീഷ്യല്‍ സോഷ്യല്‍ ഹാന്‍ഡിലുകളിലെല്ലാം വിജയയിയുെട ചിത്രവും പങ്കുവച്ചിട്ടുണ്ട്. അതേസമയം തന്‍റെ അച്ഛന്‍റെ നാലാം ചരമവാര്‍ഷികമാണ് ഇന്നെന്നും ഇത് അച്ഛന്‍റെ അനുഗ്രഹമാണെന്നുമാണ് വാര്‍ത്തയറിഞ്ഞതിന് പിന്നാലെ ബാലസുബ്രഹ്മണ്യൻ പ്രതികരിച്ചത്. നന്ദി സൂചകമായി തനിക്ക് ലഭിച്ച പണത്തിൻ്റെ ഒരു ഭാഗം സാമൂഹ്യസേവനത്തിനുപയോ​ഗിക്കുമെന്നും അദ്ദേഹം പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വാര്‍ത്ത വന്നതിന് പിന്നാലെ ഇന്ത്യയിലെ സിങ്കപ്പൂർ ഹൈക്കമ്മീഷൻ ചി​ദംബരത്തെ അഭിനന്ദിച്ചു.

ENGLISH SUMMARY:

Indian-Origin Man Pockets Rs 8.45 Crore Lottery After Buying Jewellery For Wife