വാരാണസിയിലെ ക്ഷേത്രത്തിൽ കേക്ക് മുറിച്ച് ജന്മദിനം ആഘോഷിച്ച് ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലുവന്‍സര്‍. ആഘോഷത്തിന്‍റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ വിമർശനവുമായി മതനേതാക്കളും വിശ്വാസികളുമെത്തി. ഇൻസ്റ്റഗ്രാമിൽ 10 ലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള മമത റായി എന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറാണ് വാരണാസിയിലെ കാലഭൈരവ ക്ഷേത്രത്തിനുള്ളിൽ കേക്ക് മുറിച്ച് ജന്മദിനം ആഘോഷിച്ചത്.
കൈ നിറയെ റോസപ്പൂക്കളുമായി അമ്പലത്തിലെത്തിയ മമത മെഴുകുതിരി കത്തിച്ച പിറന്നാള്‍ കേക്ക് ക്ഷേത്രത്തിനകത്ത് വെച്ച് മുറിക്കുന്നതും ആദ്യത്തെ കേക്ക് കഷ്ണം ദേവന് മുന്നില്‍ സമര്‍പ്പിക്കുന്നതും കാണാം. അമ്പലത്തിനകത്ത് വെച്ച് ഇവരുടെ കഴുത്തില്‍ മാല അണിയിക്കുന്നതും വിഡിയോയില്‍ കാണാം.
എന്നാൽ, അതിൽ പുതുമയൊന്നുമില്ലെന്നാണ് ക്ഷേത്രത്തിലെ മുഖ്യ പുരോഹിതൻ നവീൻ ഗിരി പറയുന്നത്. മമത ദൈവത്തിന് കേക്ക് സമർപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞു, അതില്‍ തങ്ങള്‍ക്ക് പുതുമയൊന്നും തോന്നിയില്ലെന്നും ആളുകൾ ക്ഷേത്രത്തിൽ കേക്ക് നല്‍കാറുണ്ടെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. ക്ഷേത്രത്തിനുള്ളിൽ ജന്മദിനം ആഘോഷിക്കുന്നതുപോലെയാണ് വീഡിയോയിൽ അവര്‍ പ്രചരിപ്പിച്ചത്. ക്ഷേത്ര ഭരണസമിതി ഇക്കാര്യം അറിഞ്ഞിരുന്നില്ലെന്നും മമത റായി സോഷ്യൽ മീഡിയ താരം ആണെന്ന് അറിയില്ലായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംഭവത്തെ തുടര്‍ന്ന് ക്ഷേത്രത്തിനുള്ളിൽ കേക്ക് മുറിക്കുന്നതും വിളമ്പുന്നതും നിരോധിക്കാൻ ക്ഷേത്രഭരണസമിതി തീരുമാനിച്ചു. ഈ നടപടിയെ അപലപിച്ച വാരണാസിയിലെ മതസംഘടനകള്‍ ഇത് ക്ഷേത്രത്തിന്റെ പവിത്രതയുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി. 'കാശി വിദ്വത് പരിഷത്ത്' എന്ന മതസംഘടന മമതയ്ക്ക് വക്കീൽ നോട്ടീസ് അയക്കാൻ ഒരുങ്ങുകയാണ്.
കേക്ക് മുറിക്കൽ പരമ്പരാഗത വൈദിക ആചാരങ്ങളുടെ ഭാഗമല്ലെന്ന് കാശി വിദ്വത് പരിഷത്ത് ജനറൽ സെക്രട്ടറി രാം നാരായൺ ദ്വിവേദി പറഞ്ഞു . ഒരാൾ അവരുടെ ജന്മദിനത്തിൽ സർവ്വശക്തനിൽ നിന്ന് അനുഗ്രഹം തേടണം. വീഡിയോയിലെ പോലെ ക്ഷേത്രങ്ങളിൽ മെഴുകുതിരികൾ ഊതുന്നതും കേക്ക് മുറിക്കുന്നതും ശരിയല്ല. അത്തരം ആചാരങ്ങൾ അവസാനിപ്പിക്കണമെന്ന് ഉറപ്പാക്കാൻ ഞങ്ങൾ മുഖ്യമന്ത്രിയെ സമീപിക്കുമെന്ന് അദ്ദേഹം പറഞ്ഞു