ഇന്ത്യ കണ്ട ഏറ്റവും മികച്ച സാമ്പത്തിക വിദഗ്ധരിലൊരാള്‍, അധ്യാപകനായി ആരംഭിച്ച് ഇന്ത്യയുടെ പ്രധാനമന്ത്രി പദം വരെയെത്തിയ മഹദ് വ്യക്തിത്വം... അതാണ് അന്തരിച്ച മൻമോഹന്‍ സിങ്. ഇന്ത്യയിൽ ഉദാരവൽക്കരണത്തിന്റെ ഉപജ്ഞാതാവായി വിശേഷിപ്പിക്കപ്പെടുന്നത് മറ്റാരെയുമല്ല.. സാക്ഷാല്‍ മൻമോഹനെ തന്നെയാണ്.
പാക്ക് പഞ്ചാബ് പ്രവിശ്യയിലെ ചക്വാൾ ജില്ലയിലെ ഗാഹ് ഗ്രാമത്തിലാണ് അദ്ദേഹത്തിന്‍റെ ജനനം. ഇപ്പോള്‍ ആ സ്ഥലം പാക്കിസ്ഥാനിലാണ്. വൈദ്യുതി കടന്നു ചെല്ലാത്ത കുഗ്രാമമായിരുന്നു ഗാഹ്. മണ്ണെണ്ണ ഒഴിച്ചു കത്തിക്കുന്ന റാന്തൽ വിളക്കിനു മുന്നിലിരുന്നാണ് അദ്ദേഹം പാഠപുസ്തകം വായിച്ചു പഠിച്ചത്.
വിഭജനത്തിനുശേഷമാണ് മൻമോഹന്‍ സിങ്ങിന്‍റെ കുടുംബം ഇന്ത്യയിൽ കുടിയേറിയത്. ഗാഹിൽനിന്ന് ആദ്യം അയൽഗ്രാമമായ മുറീദിലേക്കാണ് അവർ മാറിയത്. 1947 അവസാനത്തോടെ പഞ്ചാബിലെ അമൃത്സറിലേക്ക് മന്‍മോഹന്‍റെ കുടുംബം എത്തുകയായിരുന്നു.
1987ൽ രാജ്യം പത്മവിഭൂഷൺ നല്‍കി മൻമോഹന്‍ സിങ്ങിനെ ആദരിച്ചു. 1995ൽ ഇന്ത്യൻ ശാസ്ത്ര കോൺഗ്രസിന്റെ ജവഹർലാൽ നെഹ്റു ജന്മശതാബ്ദി പുരസ്കാരം ലഭിച്ചു. 24–ാം വയസ് മുതൽ തന്നെ സാമ്പത്തിക രംഗത്തെ ഉന്നതബഹുമതികൾ മൻമോഹൻസിങിനെ തേടിയെത്താൻ തുടങ്ങി. 1956ൽ കേംബ്രിഡ്ജ് സർവകലാശാലയുടെ ആഡംസ് സ്മിത്ത് അവാർഡ് ലഭിച്ചു. തൊട്ടടുത്ത വർഷം കേബ്രിഡ്ജ് സർവകലാശാല റെൻബർഗ് സ്കോഷർഷിപ്പ് നൽകി അദ്ദേഹത്തെ ആദരിച്ചു.
1993ൽ ബ്രിട്ടീഷ് ബിസിനസ് ജേർണൽ ‘യൂറോമണി’യുടെ മികച്ച ധനമന്ത്രിക്കുളള രാജ്യന്തര പുരസ്കാരം സിങിന് ലഭിച്ചു. കോൺഗ്രസ്, കോൺഗ്രസിതര സർക്കാരുകൾ പല ഘട്ടങ്ങളിലും ധനമേഖലയിൽ അദ്ദേഹത്തിന്റെ ഉപദേശം തേടിയിട്ടുണ്ട്. മൻമോഹന്‍ സിങ്ങിന്‍റെ വിയോഗത്തിലൂടെ നഷ്ടമാകുന്നത് ഇന്ത്യ കണ്ട ഏറ്റവും മികച്ച സാമ്പത്തിക ശാസ്ത്രജ്ഞരിലൊരാളെയാണ്.