ക്യാംപസില്‍ പുലി കയറിയതിനെത്തുടര്‍ന്ന് ജീവനക്കാർക്കു വർക്ക് ഫ്രം ഹോം നിര്‍ദേശിച്ച് ഇൻഫോസിസ്. ഇൻഫോസിസിന്റെ മൈസൂരു ക്യാംപസിലാണ് സംഭവം. രാവിലെയാണ് ഇൻഫോസിസ് ക്യാംപസിൽ പുലിയെ കണ്ടത്. ക്യാംപസ് കെട്ടിടത്തിന്‍റെ അണ്ടർഗ്രൗണ്ട് പാർക്കിങ് സോണിലെ ക്യാമറയിലും പുലിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. ഇതിനുപിന്നാലെയാണ് ക്യാംപസിനുള്ളിൽ ആരും കടക്കരുതെന്ന് നിര്‍ദേശം നല്‍കിയതെന്ന് അധികൃതര്‍ അറിയിച്ചു.
ഇൻഫോസിസിന്റെ രാജ്യത്തെ ഏറ്റവും വലിയ പരിശീലന കേന്ദ്രമാണ് മൈസൂരുവിലേത്. സംരക്ഷിത വനത്തിനോടു ചേർന്നാണു ക്യാംപസ് സ്ഥിതി ചെയ്യുന്നത്. ഏകദേശം15,000ൽപ്പരം ജീവനക്കാരാണ് ഈ ക്യാംപസിലുളളത്. പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചതിന് പിന്നാലെ ഇതിനുപിന്നാലെ ജീവനക്കാർക്കു വർക്ക് ഫ്രം ഹോം സൗകര്യം അനുവദിക്കുകയായിരുന്നു. പുലര്‍ച്ചെ നാലുമണിയോടെ വനംവകുപ്പിന്റെ 50 അംഗ സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.
പുലിയെ പിടികൂടാനായി കൂടുകളും സ്ഥാപിച്ചു. പുലിയുടെ നീക്കങ്ങളറിയാന്‍ ഡ്രോൺ ക്യാമറകൾ ഉപയോഗിച്ചുളള പരിശോധനയും സംഘം നടത്തി. ഇതാദ്യമായല്ല ഇൻഫോസിസ് ക്യാംപസിൽ പുലിയെ കാണുന്നത്. 2011ലും സമാന സംഭവം നടന്നിരുന്നു.