വധുവിന് കോടികള്‍ വരുന്ന നോട്ടുകെട്ടുകള്‍ വിവാഹസമ്മാനമായി നല്‍കുന്ന അമ്മാവന്മാരുടെ വിഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങള്‍ ചര്‍ച്ചയാകുന്നത്. ഒന്നും രണ്ടുമല്ല ഒരു കോടി പതിനൊന്ന് ലക്ഷത്തി നൂറ്റിഅമ്പത്തിയൊന്ന് (1,1100151 രൂപ) രൂപയാണ് അമ്മാവന്മാര്‍ വധുവിന് സമ്മാനിച്ചത്. രാജസ്ഥാനിലാണ് സംഭവം.
വിവാഹപ്പന്തലില്‍ ബന്ധുക്കള്‍ക്കൊത്ത നടുവിലായി വച്ചിരിക്കുന്ന തളികയില്‍ വധുവിന്‍റെ അമ്മാവന്മാര്‍ നോട്ടുകെട്ടുകള്‍ നിക്ഷേപിക്കുന്നതാണ് ദൃശ്യങ്ങളിലുളളത്. മാതൃപക്ഷ സ്നേഹത്തിന്‍റെ പ്രതീകമായി നടത്തുന്ന ബാത് എന്ന ചടങ്ങാണിത്. വധുവിന് പണത്തിന് പുറമെ ആഭരണങ്ങളും ട്രാക്ടറുമാണ് ഇവിടെ അമ്മാവന്മാര്‍ സമ്മാനമായി നല്‍കിയതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. പണം കൊടുത്തശേഷം അവിടെ ഒത്തുകൂടിയിരിക്കുന്ന മറ്റ് ബന്ധുക്കളോടും നാട്ടുകാരോടും സമ്മാനങ്ങളെന്തൊല്ലാം എന്ന് വിളിച്ചുപറയുന്ന ബന്ധുവിനെയും വിഡിയോയില്‍ കാണാം.
വധുവിന്‍റെ മാതാവിന്‍റെ സഹോദരസ്ഥാനീയര്‍ വധുവിന് വിലപിടിപ്പുളള സമ്മാനങ്ങള്‍ നല്‍കുന്നതിനായാണ് ഈ ചടങ്ങ് നടത്തുന്നത്. മാര്‍വാഡി വിഭാഗക്കാര്‍ക്കിടയിലും ഈ ചടങ്ങ് നിലനില്‍ക്കുന്നുണ്ട്. അതേസമയം വിഡിയോ വൈറലായതോടെ സമ്മിശ്രപ്രതികരണമാണ് സൈബറിടത്ത് നിന്നും ഉയരുന്നത്. വധുവിന്‍റെ ഭാഗ്യമെന്ന് ഒരു വിഭാഗം ആളുകള്‍ അഭിപ്രായപ്പെട്ടപ്പോള്‍ ഇതെല്ലാം ധൂര്‍ത്താണെന്നായിരുന്നു മറ്റുചിലര്‍ കുറിച്ചത്.