പുതുവര്‍ഷദിനത്തില്‍ ബംഗളൂരുവിൽ ബൈക്ക് അപകടത്തില്‍ മസ്തിഷ്‌ക മരണം സംഭവിച്ച മലയാളി വിദ്യാര്‍ഥി അലന്‍ അനുരാജ് എട്ട് പേരിലൂടെ ജീവിക്കും. എട്ട് അവയവങ്ങള്‍ എട്ട് പേര്‍ക്കാണ് പുതുജീവന്‍ പകരുന്നത്. അലന്‍റെ ആറ് പ്രധാന അവയവങ്ങളും രണ്ട് കണ്ണുകളുമാണ് ദാനം ചെയ്തത്. ഹൃദയം, രണ്ട് വൃക്കകള്‍, പാന്‍ക്രിയാസ്, ശ്വാസകോശം, കരള്‍, നേത്ര പടലം എന്നിവയാണ് ദാനം ചെയ്ത അവയവങ്ങള്‍.
മരണാനന്തര അവയവദാനത്തിന് നേതൃത്വം നല്‍കുന്ന കര്‍ണാടക സര്‍ക്കാരിന്റെ 'ജീവസാര്‍ത്ഥകത്തേ'യുടെ നേതൃത്വത്തിലാണ് അവയവ കൈമാറ്റ നടപടിക്രമങ്ങള്‍ നടന്നത്. 2025 ജനുവരി ഒന്നിന് ബാംഗ്ലൂരില്‍ വച്ച് നടന്ന ബൈക്ക് അപകടത്തില്‍ ഗുരുതര പരിക്കേറ്റ അലനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. തുടര്‍ന്ന് യശ്വന്ത്പൂര്‍ സ്പര്‍ശ് ആശുപത്രിയില്‍ വച്ച് മസ്തിഷ്‌ക മരണം സംഭവിച്ചതിനെ തുടര്‍ന്ന്, അലന്റെ കുടുംബം അവയവദാനത്തിന് സമ്മതിക്കുകയായിരുന്നു.
തീവ്ര ദു:ഖത്തിലും മറ്റൊരു സംസ്ഥാനത്ത് നിന്ന് മരണാനന്തര അവയവദാനത്തിന് തയ്യാറായി എട്ട് പേര്‍ക്ക് പുതു ജീവന്‍ നല്‍കാന്‍ സന്നദ്ധരായ അലന്റെ കുടുംബത്തിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നന്ദി അറിയിച്ചു. കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേരുന്നതായും മന്ത്രി അറിയിച്ചു. എറണാകുളം പുത്തന്‍വേലിക്കര സ്വദേശിയായ അനുരാജ് തോമസിന്റെയും ബിനി അനുരാജിന്റെയും മകനായ അലന്‍ അനുരാജ് (19), ബംഗളൂരു സപ്തഗിരി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് റിസര്‍ച്ച് സെന്ററില്‍ ഫിസിയോതെറാപ്പി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു.