Image Credit: Instagram/kranthidrillman

TOPICS COVERED

അസാധാരണമായ പലതും ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സ് വേദിയില്‍ നിന്നും കേള്‍ക്കാറുണ്ട്. ജീവന്‍ പോലും അപകടത്തിലാക്കുന്ന തരത്തിലുള്ള പ്രവൃത്തിയിലൂടെ പോലും പലരും റെക്കോര്‍ഡിനായി ശ്രമിക്കാറുണ്ട്. അത്തരത്തിലുള്ള ഒരു ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് തെലങ്കാന സൂര്യപേട്ട് സ്വദേശി ക്രാന്തി കുമാര്‍ പണികേര. ഒരു മിനുറ്റില്‍ 57 ഇലക്ട്രിക് ഫാന്‍ നാവ് ഉപയോഗിച്ച് നിര്‍ത്തിച്ചാണ് ഈ ഇന്ത്യക്കാരന്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സ്വന്തമാക്കിയത്. 

ഗിന്നസ് വേള്‍ഡ് റെക്കോഡ്‌സ് സമൂഹ മാധ്യമ പേജുകളില്‍ പങ്കുവച്ച വിഡിയോ ഇതിനോടകം വൈറലാണ്. നാവ് ഉപയോഗിച്ച് ഒരുമിനിറ്റിനുള്ളില്‍ ഏറ്റവും കൂടുതല്‍ ഫാന്‍ ബ്ലേഡുകള്‍ നിര്‍ത്തുന്ന ‘ഡ്രില്‍-മാന്‍ ക്രാന്തി കുമാര്‍ പണികേര’ എന്ന തലക്കെട്ടോടെയാണ് വിഡിയോ.

നിരത്തിവെച്ച ഫാനുകള്‍ക്ക് മുന്നിലെത്തി നാവു കൊണ്ട് ബ്ലേഡുകള്‍ തടസപ്പെടുത്തുന്നത് വിഡിയോയില്‍ കാണാം. എക്സ് അക്കൗണ്ടില്‍ പങ്കുവച്ച വിഡിയോ മൂന്ന് ദിവസം കൊണ്ട് 18 ലക്ഷത്തിലധികം പേരാണ് വിഡിയോ കണ്ടത്. ഇത്തരം അസാധാരണ പ്രവൃത്തികളിലൂടെ നേരത്തെ പ്രശസ്തനായ ഇദ്ദേഹം 'ഡ്രിൽ മാൻ' എന്നാണ് അറിയപ്പെടുന്നത്. 

അതേസമയം കമന്‍റ് ബോക്സില്‍ അപകടകരമായ ഈ പ്രവൃത്തിയെ ചോദ്യം ചെയ്തും കമന്‍റ് നിറയുന്നുണ്ട്. ഇപ്പോള്‍ എന്തിനും ഏതിനും റെക്കോര്‍ഡ് നല്‍കുന്നു എന്നാണ് ഒരു എക്സ് അക്കൗണ്ടില്‍ നിന്നുള്ള കമന്‍റ്. എന്ത് അസംബന്ധമായ റെക്കോര്‍ഡ് എന്നാണ് മറ്റൊരു കമന്‍റ്. എന്തിനാണ് ആളുകള്‍ കയ്യടിക്കുന്നത് എന്നാണ് കമന്‍റിലൂടെ ഒരു അക്കൗണ്ടില്‍ നിന്നുള്ള ചോദ്യം. ഇരുമ്പിന്‍റെ നാവാണോ ഇത്, മനുഷ്യ ശരീരത്തിലെ ഏറ്റവും ശക്തമായ പേശി നാവാണെന്ന് കേട്ടിട്ടുണ്ട്, ഈ സഹോദരൻ അത് വളരെ ഗൗരവമായി എടുത്തു എന്നിങ്ങനെയും കമന്‍റുകളുണ്ട്. 

ENGLISH SUMMARY:

Indian man set Guinness World Records uses tongue to stop 57 running fans.